ന്യൂഡൽഹി: ആരോഗ്യ സപ്ലിമെന്റുകളുടെ നിർമാണവും വിൽപനയും നിയന്ത്രിക്കുന്ന തരത്തിൽ നയങ്ങളിൽ മാറ്റം വരുത്താൻ കേന്ദ്രം. രോഗം ഭേദമാക്കുമെന്നോ ലഘൂകരിക്കുമെന്നോ അവകാശപ്പെടുന്ന സപ്ലിമെൻറുകൾ മരുന്നായി കണക്കാക്കണമെന്ന് വിഷയം പഠിക്കാൻ രൂപവത്കരിച്ച വിദഗ്ധ സമിതി സർക്കാറിനോട് ശിപാർശ ചെയ്തു.
നിലവിൽ, ഇത്തരം ഉൽപന്നങ്ങളെല്ലാം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) പരിധിയിലാണ് വരുന്നത്. ഇവയെ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) പരിധിയിൽ കൊണ്ടുവരണമെന്നാണ് മുൻ ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സമിതി നിർദേശിച്ചിരിക്കുന്നത്. ലൈസൻസ് നൽകുന്നതിനുമുമ്പ് ഉൽപന്നങ്ങളിൽ സൂക്ഷ്മപരിശോധന ഉറപ്പുവരുത്തുന്നതിനും തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കുന്നവർക്ക് കനത്ത പിഴ ചുമത്താനും ഇതിലൂടെ സാധിക്കും.
നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിക്കാണ് (എൻ.പി.പി.എ) മരുന്നുകളുടെ വില നിയന്ത്രിക്കാനും മിതമായ നിരക്കിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനുമുള്ള അധികാരം. എന്നാൽ, അതേ മരുന്ന് ഒരു ആരോഗ്യ സപ്ലിമെന്റായി വിപണിയിലിറങ്ങിയാൽ അതോറിറ്റിക്ക് നടപടിയെടുക്കാനാവില്ല. പ്രമുഖ കമ്പനികൾ പോലും ഉൽപന്നങ്ങൾ മരുന്ന് വിഭാഗത്തിൽ നിന്ന് സപ്ലിമെന്റ് വിഭാഗത്തിലേക്ക് മാറ്റുന്നത് വില നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടാനാണെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. വിദഗ്ധ സമിതി ശിപാർശ നടപ്പിലായാൽ ഇത്തരം മരുന്നുകളിൽ പലതിന്റെയും വില നിർണയത്തിലും അത് നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.
ആരോഗ്യ സപ്ലിമെന്റുകളുടെ പരസ്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സെൽ വേണമെന്നും നിർമാണത്തിൽ ഗുണനിലവാര മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്നും സമിതി ശിപാർശയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.