ന്യൂഡൽഹി: 2019ൽ ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ ഉപയോഗിച്ച ആന്‍റിബയോട്ടിക്കുകളിൽ 47 ശതമാനവും സെൻട്രൽ ഡ്രഗ് റെഗുലേറ്ററുടെ അംഗീകാരമില്ലാത്തവയെന്ന് ലാൻസെറ്റ് പഠനം. അസിത്രോമൈസിൻ 500എം.ജിയാണ് ഇക്കാലയളവിൽ ആന്റിബയോട്ടിക്കായി ഏറ്റവും കൂടുതൽ ഉപയോഗിച്ചത്. 7.6 ശതമാനം. 6.5 ശതമാനം ഉപയോഗം വന്ന സെഫിക്സൈം ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയിൽ ആകെ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെ 85-90 ശതമാനം വരെ സ്വകാര്യ ആശുപത്രികളിൽനിന്നാണ് വിതരണം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.
യു.എസിലെ ബോസ്റ്റൺ സർവകലാശാല, ന്യൂഡൽഹിയിലെ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യ മേഖലയിലെ ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ച് പഠനം നടത്തിയത്. 9000 മരുന്ന് മൊത്തവിതരണക്കാരിൽനിന്നുള്ള സാംപിളുകളാണ് സംഘം പഠനത്തിന് വിധേയമാക്കിയത്. 5000 കമ്പനികളുടെ മരുന്നുകളും പരിശോധനയിൽ ഉൾപ്പെട്ടു. പൊതുമേഖലാ ആശുപത്രികളിൽനിന്നുള്ള മരുന്ന് സംഘം പഠനവിധേയമാക്കിയിട്ടില്ല.
മുൻവർഷത്തെ അപേക്ഷിച്ച് ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും ബാക്ടീരിയ രോഗങ്ങൾക്കെതിരായ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗം വർധിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് കൃത്യമായ സംവിധാനങ്ങളില്ലെന്നും കൃത്യതയില്ലാത്ത ആന്‍റിബയോട്ടിക് ഉപയോഗം അപകടകരമാണെന്നും ഫിസിഷ്യൻ ഡോ. ഹരികൃഷ്ണൻ ബൂരുഗു പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ അനുചിതമായ ഉപയോഗമാണ് ഇന്ത്യയിൽ ആന്‍റിബയോട്ടിക് പ്രതിരോധത്തിലേക്ക് നയിക്കുന്നതെന്നും ലാൻസെറ്റ് ജേണൽ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.