കോഴിക്കോട്: ജില്ലയിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംസ്) പടർന്നുപിടിക്കുന്നു. സ്കൂൾ-കോളജ് വിദ്യാർഥികളിലാണ് മുണ്ടിനീര് സാധാരണയായി കണ്ടുവരുന്നത്. ഇത് സ്കൂളുകളിൽ ഹാജർനില കുറയാൻ വരെ ഇടയാക്കുന്നുണ്ട്.
ക്രിസ്മസ് പരീക്ഷക്കാലത്ത് രോഗം പടർന്നുപിടിക്കുന്നത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക വർധിപ്പിക്കുന്നു. മുൻ വർഷങ്ങളെക്കാൾ ഗണ്യമായ തോതിലാണ് രോഗം പടർന്നുപിടിക്കുന്നത്.
വളരെ വേഗം പരക്കുന്ന രോഗമായതിനാൽ വ്യാപനപ്രതിരോധം പലപ്പോഴും ഫലപ്രദമാവുന്നില്ല. പാരാമിക്സോ ഇനത്തിൽപ്പെട്ട ആർ.എൻ.എ വൈറസാണ് മുണ്ടിവീക്കം ഉണ്ടാകുന്നത്. മുണ്ടിനീര്, താടവീക്കം, തൊണ്ടിവീക്കം, മംസ് എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.
വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടു മുതൽ മൂന്നാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഉമിനീരടങ്ങിയ ശ്വാസകോശ സ്രവങ്ങൾ വഴിയാണ് ഇത് പകരുന്നത്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് എകദേശം ഒരാഴ്ച വരെ രോഗം മറ്റുള്ളവരിലേക്ക് പകരാം. പനി, തൊണ്ടവേദന, പേശിവേദന, ക്ഷീണം, വിശപ്പില്ലായ്മ, ഭക്ഷണം ചവക്കുമ്പോൾ വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചെവിക്കു മുന്നിലുള്ള പരോട്ടിട് എന്ന ഉമിനീർ ഗ്രന്ഥിയുടെ വീക്കവും വേദനയും പ്രാധാന ലക്ഷണമാണ്.
ജലദോഷവും കൊറോണയും പരക്കുന്നതുപോലെതന്നെയാണ് മുണ്ടിനീരും പകരുന്നത്. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മാത്രമല്ല, രോഗി ഉപയോഗിച്ച തോർത്ത്, തൂവാല, പാത്രം, ഗ്ലാസ്, ടിഷ്യു പേപ്പർ എന്നിവയിലൂടെയും അസുഖം പകരാം.
ഈ അസുഖത്തിന് സങ്കീർണതകൾ താരതമ്യേന കുറവാണ്. കൗമാരക്കാരായ ആൺകുട്ടികളിൽ രോഗം ഗുരുതര പ്രത്യാഘാതങ്ങൾ വരുത്താൻ സാധ്യതയുണ്ട്. വന്ധ്യതക്കുവരെ കാരണമായേക്കാം. സെൻസറി ന്യൂറൽ ബധിരത ഉണ്ടാവാനും സാധ്യതയുണ്ട്. മുതിർന്നവരിലും പ്രായമേറിയവർക്കും വരാൻ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങളും ശാരീരിക ലക്ഷണങ്ങളും (പ്രത്യേകിച്ച് വീർത്ത കവിളുകൾ) വഴി രോഗനിർണയം നടത്താൻ സാധിക്കും. രോഗലക്ഷണങ്ങൾ സാധാരണ ഒരാഴ്ചക്കുള്ളിൽ ശമിക്കുന്നതാണ്. മുണ്ടിനീരിന് പ്രത്യേക മരുന്ന് ആവശ്യമില്ല. ഒരു വൈറൽ രോഗമായതിനാൽ അനാവശ്യമായി ആന്റിബയോട്ടിക് ഉപയോഗിക്കരുത്. വേദന കുറക്കാൻ ഡോക്ടറുടെ നിർദേശപ്രകാരം പാരസെറ്റമോൾ കൊടുക്കാം.
വീക്കവും വേദനയും കുറയുന്നതിനുവേണ്ടി ചൂടുപിടിക്കുകയോ, ഐസ് വെക്കുകയോ ചെയ്യുന്നത് ഫലപ്രദമാണ്. ധാരാളം വെള്ളം കുടിക്കണം, വിശ്രമം അനിവാര്യമാണ്. ഈ അസുഖം വന്നാൽ ചുരുങ്ങിയത് അഞ്ചു ദിവസം മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതാണ്.
കുട്ടികളെ സ്കൂളിൽ വിടരുത്. മുഖവും കൈകാലുകളും സോപ്പും വെള്ളവും കൊണ്ട് ഇടക്കിടെ കഴുകുന്നത് നല്ലതാണ്. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മാസ്ക് വഴിയും ഈ രോഗം പടരുന്നത് തടയാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.