പിറവിയിൽ തുടങ്ങി മൺമറഞ്ഞുപോകുന്നതു വരെ ജീവിതയാത്രയിലെ ഏറ്റവും വിഷമം പിടിച്ച രണ്ടു ഘട്ടങ്ങളാണ് ശൈശവവും വാർധക്യവും. മാനസികവും ശാരീരികവും ആരോഗ്യപരവുമായി വളരെയധികം സമാനതകളാണ് ഈ ഘട്ടങ്ങളിലുള്ളത്. അതുകൊണ്ടുതന്നെ വാർധക്യത്തെ രണ്ടാം ബാല്യം എന്നു പറയുന്നതിൽ ഒരു തെറ്റുമില്ല.

പ്രായം കൂടുന്തോറും കുട്ടികളെപ്പോലെ കൂടുതൽ സമയം ഉറങ്ങും. ഭക്ഷണം കുറയുന്നു. ആശ്രിതത്വം കൂടുന്നു, നടക്കാൻ പ്രയാസം അനുഭവപ്പെടുക, എളുപ്പം വീഴുക, പല്ലുകൾ കൊഴിഞ്ഞുപോവുക, എപ്പോഴും മറ്റൊരാളുടെ സാമീപ്യം ആഗ്രഹിക്കുക തുടങ്ങി കിടക്കയിൽ അറിയാതെ മൂ​ത്രമൊഴിക്കുക പോലുള്ളവ രണ്ടു പ്രായക്കാരുടെയും സമാനതകളാണ്.

ഇതുപോലെത്തന്നെ വളരെ പ്രാധാന്യമുള്ള മറ്റൊരു കാര്യം ശൈശവത്തിലും വാർധക്യത്തിലും നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് കുറവായിരിക്കും എന്നതാണ്.

ജനനസമയത്ത് ഒരു ശിശുവിന്റെ രോഗപ്രതിരോധ ശേഷി പൂർണവികാസം പ്രാപിച്ചിട്ടുണ്ടാകില്ല. ഗർഭാവസ്ഥയിൽ രക്തത്തിലൂടെയും ജനനശേഷം മുലപ്പാലിലൂടെയും അമ്മയുടെ ശരീരത്തിൽനിന്ന് രോഗങ്ങളെ പ്രതിരോധിക്കാൻ ഉതകുന്ന മാതൃ ആന്റിബോഡികൾ കുഞ്ഞിന്റെ ശരീരത്തിലെത്തുന്നു.

ജനനശേഷമുള്ള ആദ്യമാസങ്ങളിൽ കുഞ്ഞിനെ പല സാംക്രമികരോഗങ്ങളിൽനിന്നും സംരക്ഷിക്കുന്നത് മാതൃ ആന്റിബോഡികളാണ്. അതിനാലാണ് ആദ്യ പാലായ കൊളസ്ട്രം കളയരുതെന്നും ആദ്യത്തെ ആറുമാസങ്ങൾ മുലപ്പാൽ കൊടുത്തിരിക്കണമെന്നും ശഠിക്കുന്നത്. അപ്പോഴേക്കും കുഞ്ഞിന്റെ ശരീരത്തിൽ രോഗപ്രതിരോധശേഷി വികാസം പ്രാപിച്ചിട്ടുണ്ടാകും.

വാർധക്യത്തിലും നമ്മുടെ രോഗപ്രതിരോധ ശക്തി കുറേ​ശ്ശേ ക്ഷയിച്ചുതുടങ്ങും. രോഗങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തെ സഹായിക്കുന്ന രണ്ടു നെടുംതൂണുകളായ രക്തത്തിലെ B ലിംഫോസൈറ്റുകളുടെയും T ലിംഫോസൈറ്റുകളുടെയും പ്രതിരോധശേഷിയിലുണ്ടാകുന്ന കാലാനുസൃത ചില മാറ്റങ്ങളാണ് ഇതിന് കാരണം.

ഈ രണ്ടു ഗണത്തിൽപെട്ട ‘വെളുത്ത രക്താണുക്കളിൽ’ ഉണ്ടാകുന്ന പ്രവർത്തന വൈകല്യങ്ങൾ കാരണം രോഗപ്രതിരോധശേഷി കുറയുന്നത് ‘ഇമ്യുണോ സെനസെൻസ്’ എന്നറിയപ്പെടുന്നു. ഇതുകാരണം ശൈശവ ദശപോലെ സാംക്രമികരോഗങ്ങൾ പിടിപെടാനുള്ള സാധ്യത വാർധക്യത്തിലും വർധിക്കുന്നു.

രോഗപ്രതിരോധം വർധിപ്പിക്കാം

പ്രതിവർഷം ദശലക്ഷക്കണക്കിന് ശിശുക്കളാണ് പ്രതിരോധ കുത്തിവെപ്പിലൂടെ മരണത്തിൽനിന്ന് രക്ഷപ്പെടുന്നത്. ഡിഫ്തീരിയ, ​ടെറ്റനസ്, വില്ലൻചുമ, ഇൻഫ്ലുവൻസ, പോളിയോ, അഞ്ചാംപനി മുതലായ രോഗങ്ങൾക്കെതിരെയുള്ള കുത്തിവെപ്പിലൂടെ മാത്രം 3.5-5 ദശലക്ഷം മരണങ്ങളാണ് ആഗോളതലത്തിൽ നമുക്ക് തടയാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ പ്രതിരോധ കുത്തിവെപ്പുകൾ കുഞ്ഞിന്റെ ജന്മാവകാശമായി മാറിയിരിക്കുന്നു.

അതുപോലെതന്നെ വാർധക്യത്തിലും പ്രതിരോധ കുത്തിവെപ്പുകളിലൂടെ പലതരം സാംക്രമിക രോഗങ്ങൾ തടയുന്നതിനും അതുവഴി അകാലമരണം ഒഴിവാക്കുന്നതിനും സാധിക്കും. വാർധക്യകാലത്ത് പലതരം ജീവിതശൈലി രോഗങ്ങൾ നമ്മെ കുറേശ്ശെ ബാധിച്ചുതുടങ്ങുകയായി. ഒപ്പം ക്ഷയിക്കുന്ന രോഗപ്രതിരോധശേഷി കൂടിയാകുമ്പോൾ പലതരം സാംക്രമിക രോഗങ്ങളും ശരീരത്തെ കീഴ്പ്പെടുത്തുവാൻ ശ്രമിക്കും.

ഇവ രോഗങ്ങൾക്ക് മാത്രമല്ല അതുവരെയില്ലാതിരുന്ന പലതരം രോഗസങ്കീർണതകൾക്കും വഴിതെളിക്കും. അതുകൊണ്ടുതന്നെ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഗുളികകളെ ആശ്രയിക്കാതെ നമ്മുടെ ശരീരത്തിലെതന്നെ പ്രതിരോധശക്തിയെ വാക്സിനുകൾവഴി ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പാർശ്വഫലങ്ങൾ തീരെ കുറവാണ്.

ശൈശവത്തിലെന്നപോലെ ചില പ്രത്യേക വാക്സിനുകൾ പ്രായത്തിനനുസരിച്ച് കൊടുക്കുകയല്ല ചെയ്യുന്നത്. മറ്റു രോഗങ്ങളുടെ സാന്നിധ്യം, സാംക്രമിക രോഗസാധ്യത, ശാരീരികശേഷി, രോഗപ്രതിരോധശേഷിയിലുണ്ടായ ശോഷണം ഇങ്ങനെ പല ഘടകങ്ങൾ അപഗ്രഥിച്ച ശേഷമാകും ഏതൊക്കെ വാക്സിനുകൾ കൊടുക്കണം എന്ന് തീരുമാനിക്കുന്നത്.

പൊതുവെ ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിൻ, ഷിംഗിൽസ് വാക്സിൻ, ടിഡാപ് വാക്സിൻ മുതലായവയാണ് മുതിർന്നവർക്ക് കൊടുക്കുന്നത്. ഇത് ഈ രോഗങ്ങൾ വരാനുള്ള സാധ്യതയും രോഗസങ്കീർണതകൾക്കുള്ള സാധ്യതയും കുറക്കുന്നു.

ആരോഗ്യരംഗത്ത് ഏറ്റവും അധികം അവഗണിക്കപ്പെടുന്ന മേഖലയാണ് മുതിർന്നവരിലെ വാക്സിനേഷൻ. അകാരണമായ ഭയം, അറിവില്ലായ്മ, തെറ്റിദ്ധാരണകൾ, വാക്സിൻ വിരോധം തുടങ്ങി പലതാണ് ഇതിന് കാരണങ്ങൾ.

Tags:    
News Summary - Adults should also be vaccinated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.