തിരുവനന്തപുരം: ആഫ്രിക്കൻ പന്നിപ്പനി വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽനിന്ന് പന്നികളുടെയും പന്നിമാംസത്തിന്റെയും വരവ് സർക്കാർ തടഞ്ഞെങ്കിലും ഇത് വ്യാപകമായി തുടരുന്നതായി പരാതി. ഈ സാഹചര്യത്തിൽ കൂടുതൽ കർശന നടപടികളുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തുവന്നു.
സംസ്ഥാനത്തിനകത്ത് പന്നികളെ കൊണ്ടു പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. പന്നികൾക്ക് അസുഖം ബാധിച്ചിട്ടില്ലെന്ന് പ്രാദേശിക വെറ്ററിനറി സർജൻ നൽകിയ സർട്ടിഫിക്കറ്റ് വാഹനത്തിൽ നിർബന്ധമായും കരുതണം. അല്ലാത്തപക്ഷം, വാഹനമടക്കം പിടിച്ചെടുത്ത് നിയമനടപടികൾ സ്വീകരിക്കും.
അതിർത്തികളിൽ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും. നിരോധനം ലംഘിച്ച് കടത്ത് നടത്തുന്ന വാഹനം പിടിച്ചെടുക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനുള്ള ചെലവ് വാഹന ഉടമയിൽ നിന്നോ പന്നികളുടെ ഉടമസ്ഥരിൽനിന്നോ ഈടാക്കും. നിരോധനം ലംഘിച്ച് അയച്ചാൽ വാങ്ങിയയാൾക്കും വിൽപനക്കാരനുമെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളും.
ക്വാറന്റീൻ കാലാവധി പരിശോധന നടത്തി അസുഖം ഉണ്ടെന്ന് തെളിഞ്ഞാൽ അവയെ മുഴുവൻ ദയാവധം നടത്തുകയും ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യും. ചെലവ് നടത്തുന്ന വാഹന ഉടമയിൽനിന്നോ ഉടമസ്ഥരിൽനിന്നോ ഈടാക്കും.മൃഗങ്ങളെ ബാധിക്കുന്ന പകർച്ചവ്യാധിയും സാംക്രമിക രോഗങ്ങളും തടയൽ നിയമം (2009) പ്രകാരം ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചാൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ മുഴുവൻ പന്നികളെയും ദയാവധം നടത്തി നഷ്ടപരിഹാരം കൊടുക്കണമെന്ന കേന്ദ്ര സർക്കാറിന്റെ നിർദേശം സംസ്ഥാനത്ത് നടപ്പാക്കിവരികയാണ്.
നാളിതുവരെ 1,33,00,351 രൂപ നഷ്ടപരിഹാരവും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി നൽകി. സംസ്ഥാനത്ത് കണ്ണൂർ, വയനാട്, തൃശൂർ, പാലക്കാട്, കോട്ടയം ജില്ലകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.