ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പാനീയങ്ങളാണ് ചായയും കാപ്പിയും. ദിവസം ഒരു ചായയോ അല്ലെങ്കിൽ കാപ്പിയോ കുടിക്കാത്തവരായി അധികം പേർ കാണില്ല. ഒന്നിലേറെ തവണ കുടിക്കുന്നവരാകും ഭൂരിഭാഗം പേരും. ഇന്ത്യക്കാരുടെ ദിവസം തന്നെ തുടങ്ങുന്നത് ചായയുടെയോ കാപ്പിയുടെയോ കൂടെയാണ്.
എന്നാൽ, ചായയും കാപ്പിയും അമിതമായി കഴിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.ഐം.ആർ). ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിന് വേണ്ടി പുതിയ ഭക്ഷണക്രമ മാർഗനിർദേശങ്ങൾ ഐ.സി.എം.ആർ ഈയിടെ പുറത്തുവിട്ടിരുന്നു. അതിലാണ് ചായയും കാപ്പിയും അമിതമാകരുതെന്ന നിർദേശമുള്ളത്.
ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ഘടകമായ കഫീൻ ആണ് പലപ്പോഴും വില്ലനാകുന്നത്. കഫീന് കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും അത് വഴി ഉന്മേഷം നൽകാനുമുള്ള ശേഷിയുണ്ട്. എന്നാൽ, ഉന്മേഷത്തിന് വേണ്ടി എപ്പോഴും ചായയോ കാപ്പിയോ കുടിക്കുന്നത് ഇവയ്ക്ക് അടിമയാകുന്ന വിപരീത സാഹചര്യമാണുണ്ടാക്കുക.
150 മില്ലി ലിറ്റർ കാപ്പിയിൽ 80 മുതൽ 120 മില്ലി ഗ്രാം വരെയാണ് കഫീൻ അടങ്ങിയിട്ടുണ്ടാവുക. ഇൻസ്റ്റന്‍റ് കാപ്പിയിൽ ഇത് 50-65 മില്ലി ഗ്രാം ആയിരിക്കും. ചായയിലാകട്ടെ ഇത് 30 മുതൽ 65 മില്ലി ഗ്രാം വരെയുമാണ്. ദിവസം 300 മില്ലിഗ്രാം വരെ കഫീൻ ശരീരത്തിലെത്തുന്നത് ദോഷം ചെയ്യില്ല. പക്ഷേ, അതിലേറെയാകുമ്പോൾ ആരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണത്തിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പോ ശേഷമോ കാപ്പിയോ ചായയോ കുടിക്കരുതെന്നും ഐ.സി.എം.ആർ പറയുന്നു. ഇവയിലടങ്ങിയിരിക്കുന്ന മറ്റൊരു ഘടകമായ ടാനിൻ കാരണമാണിത്. ടാനിന്‍റെ സാന്നിധ്യം ഭക്ഷണത്തിൽ നിന്ന് ശരീരം ഇരുമ്പിനെ സ്വാംശീകരിക്കുന്നത് തടയുന്നുണ്ട്. ജൈവതന്മാത്രയായ ടാനിൻ ഭക്ഷണത്തിലെ ഇരുമ്പുമായി കൂടിച്ചേരും. ഇതോടെ ശരീരത്തിന് ഇരുമ്പ് ആഗിരണം ചെയ്യാൻ കഴിയാതാകും. ഇത് ഇരുമ്പുസത്ത് കുറയുന്നതിനും അതുവഴി വിളർച്ച പോലുള്ള അസുഖങ്ങൾക്കും കാരണമാവും. അമിതമായ കാപ്പികുടി ഉയർന്ന രക്തസമ്മർദത്തിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാവുകയും ചെയ്യുമെന്ന് ഐ.സി.എം.ആർ മാർഗനിർദേശത്തിൽ പറയുന്നു.
രാജ്യത്തെ ജനങ്ങളിലെ 56.4 ശതമാനം രോഗങ്ങളും അനാരോഗ്യകരമായ ഭക്ഷണശീലത്തിൽനിന്നുണ്ടാകുന്നതാണെന്നാണ് ഐ.സി.എം.ആർ റിപ്പോർട്ടിൽ പറയുന്നത്. പഞ്ചസാരയും ഉപ്പും നിയന്ത്രിക്കുക, പ്രോട്ടീൻ സപ്ലിമെന്റുകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളടങ്ങിയതാണ് ഐ.സി.എം.ആർ പുറത്തിറക്കിയ പുതിയ ഭക്ഷണക്രമം.
പാചക എണ്ണയുടെ ഉപയോഗം കുറയ്ക്കാനും പകരം പരിപ്പ്, എണ്ണക്കുരു, സമുദ്രവിഭവങ്ങൾ എന്നിവ ഭക്ഷണക്രമത്തിൽ കൂടുതലായി ഉപയോഗപ്പെടുത്തി ഫാറ്റി ആസിഡുകൾ നേടാനും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു. പഞ്ചസാരയും കൊഴുപ്പും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉയർന്ന ഉപഭോഗം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, വൈവിധ്യമാർന്ന ഭക്ഷണങ്ങളുടെ പരിമിതമായ ലഭ്യത എന്നിവ രാജ്യത്തെ ജനങ്ങളിൽ മൈക്രോ ന്യൂട്രിയന്റുകളുടെ കുറവിനും അമിതഭാര പ്രശ്നങ്ങൾക്കും ഇടയാക്കുന്നതായി ഐ.സി.എം.ആർ വ്യക്തമാക്കി.
ഉപ്പ് കഴിക്കുന്നത് നിയന്ത്രിക്കാനും എണ്ണകളും കൊഴുപ്പും മിതമായ അളവിൽ കഴിക്കാനും ശരിയായ വ്യായാമം ചെയ്യാനും പഞ്ചസാരയും അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കുറയ്ക്കാനും ഐ.സി.എം.ആർ ശിപാർശ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.