മലപ്പുറം: ബാലമിത്ര 2.0 കാമ്പയിൻ ഭാഗമായി ജില്ലയിൽ ഈ മാസം മൂന്ന് കുട്ടികൾക്കും15 മുതിർന്ന വ്യക്തികൾക്കും കുഷ്ഠരോഗം സ്ഥിരീകരിച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. ഇതോടെ ഈ വർഷം ഒമ്പത് കുട്ടികളും 38 മുതിർന്ന വ്യക്തികളും രോഗബാധിതരായി. എല്ലാവരും രോഗത്തിനെതിരെയുള്ള വിവിധ ഒൗഷധ ചികിത്സയിലാണ്.
2023 സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെ ആണ് ജില്ലയിൽ ബാലമിത്ര 2.0 കാമ്പയിൻ നടപ്പാക്കുന്നത്. കുട്ടികളിൽ ഉണ്ടാകുന്ന കുഷ്ഠരോഗം നേരത്തെ കണ്ടെത്താനും ചികിത്സ നടത്താനുമുള്ള പദ്ധതിയാണിത്. സ്കൂൾ അധ്യാപകർ, അംഗൻവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി ഇവർ വഴി കുട്ടികളെ സ്ക്രീനിങ് പരിശോധനകൾ നടത്തി കുഷ്ഠരോഗ ലക്ഷണങ്ങൾ കണ്ടാൽ സൗജന്യമായി വിദഗ്ധ ചികിത്സ നൽകുകയുമാണ് പദ്ധതി ലക്ഷ്യം. ഈ കാമ്പയിനിലൂടെയാണ് ജില്ലയിൽ പുതിയ കുഷ്ഠരോഗികൾ ഉണ്ടെന്ന് കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയാൽ വിവിധൗഷധ ചികിത്സ വഴി പൂർണമായും ഭേദമാക്കാവുന്ന അസുഖമാണ് കുഷ്ഠരോഗം. സ്കൂളുകളിലും അംഗൻവാടികളിലും കൃത്യമായ ബോധവത്കരണ കാമ്പയിൻ നടത്തിയതിന്റെ ഫലമായി വിദ്യാർഥികളും അധ്യാപകരും വഴി രക്ഷിതാക്കളിലേക്ക് കൃത്യമായ സന്ദേശങ്ങൾ എത്തുകയും എല്ലാവരും കുഷ്ഠരോഗ പ്രതിരോധത്തെ കുറിച്ച് ബോധവാന്മാരാകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കളിലും കുട്ടികളിലും ശാസ്ത്രീയമായി പരിശോധന നടത്തുകയും അതിലൂടെ പുതിയ കുഷ്ഠരോഗികളെ ജില്ലയിൽ കണ്ടെത്തുകയും ചെയ്യുകയാണ് ഉണ്ടായത്.
ഐക്യരാഷ്ട്രസഭയുടെ നിർദേശപ്രകാരം 2030 ഓടെ ലോകത്തിൽ നിന്നും നിർമാർജനം ചെയ്യേണ്ട രോഗങ്ങളിൽ ഒന്നാണ് കുഷ്ഠരോഗം.
ചികിത്സിച്ചാൽ പൂർണമായും ഭേദമാകുന്ന അസുഖമായത് കൊണ്ട് തന്നെ കുഷ്ഠരോഗികളോട് വിവേചനം കാണിക്കുകയോ സമൂഹത്തിൽ നിന്ന് അകറ്റി നിർത്തുകയോ ചെയ്യരുത്. കുഷ്ഠരോഗം ഇപ്പോഴും നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ഒരു അസുഖമാണ്. ഇപ്പോഴും പുതിയ രോഗികളെ കണ്ടെത്തുന്നുണ്ട്. കുഷ്ഠരോഗത്തെ പ്രതിരോധിക്കാൻ കഴിയില്ല എങ്കിലും നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒരു രോഗമാണ്. ഇതുവഴി അംഗവൈകല്യം സംഭവിക്കുന്നത് തടയാൻ കഴിയും. ഇത്തരത്തിലുള്ള വിവിധൗഷധ ചികിത്സയാണ് കുഷ്ഠരോഗത്തിനായി ചെയ്യുന്നത്. ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും കുഷ്ഠരോഗ പരിശോധനയും ചികിത്സയും സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.