തൊടുപുഴ: ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. ഈ മാസം 21 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്നവർ 91 പേരാണ്. ഇടവിട്ടുള്ള മഴയെത്തുടർന്നാണ് പനിബാധിതർ കൂടിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൽ. മനോജ് പറഞ്ഞു. പനി ഉണ്ടായാൽ സ്വയംചികിത്സ ഒഴിവാക്കണമെന്നും എത്രയും വേഗം ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് പനി വ്യാപിക്കാൻ കാരണം. ഇടക്കിടെ പെയ്യുന്ന മഴ കൊതുക് വളരാനുള്ള സാഹചര്യം വർധിപ്പിക്കും. ഈഡിസ് കൊതുക് പകലാണ് കടിക്കുന്നത്. ഈ സമയം ആളുകൾ പുറത്തായതിനാൽ രോഗം പടരുന്നതിനുള്ള സാധ്യത കൂടുതലാണ്. പനി, ക്ഷീണം, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന, വിശപ്പില്ലായ്മ, ഓക്കാനവും ഛർദിയും എന്നിവ ഡെങ്കിപ്പനി ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സ നൽകുകയാണ് ചെയ്യുന്നത്.
ഡെങ്കിപ്പനി വ്യാപന സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. കൊതുകിന്റെ ഉറവിട നശീകരണം, ബോധവത്കരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അധികൃതർ പറഞ്ഞു.
ജില്ലയിൽ വൈറൽപനി ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. പനിയെത്തുടർന്ന് സർക്കാർ ആശുപത്രികളിൽ തിങ്കളാഴ്ച ചികിത്സ തേടിയത് 453 പേർ. ഈ മാസം 6045 പേർ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് കണക്ക്. സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദം എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനി ബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.