കൊളസ്ട്രോള്‍: ശ്രദ്ധയില്ലെങ്കിൽ കുഴപ്പത്തിലാകും

കൃത്യസമയത്ത് തിരിച്ചറിയുകയും നിയന്ത്രണത്തില്‍ കൊണ്ടുവരുകയും ചെയ്തില്ലെങ്കില്‍ ശരീരത്തെ വലിയ അപകടാവസ്ഥയിലേക്ക് നയിക്കുന്നതാണ് രക്തത്തിലെ കൊളസ്ട്രോള്‍. രക്തത്തില്‍ അനാരോഗ്യകരമായ രീതിയില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്‌. മറ്റ് ഗുരുതര രോഗാവസ്ഥകളിലേക്ക് വഴിവെക്കുമെന്നതിനാല്‍ കൊളസ്ട്രോള്‍ എല്ലായ്പോഴും നിയന്ത്രിച്ചുനിര്‍ത്തേണ്ടത് അനിവാര്യമാണ്.

ശരീരത്തിലെ ആകെ കൊളസ്ട്രോളിന്റെ 80 ശതമാനവും ശരീരത്തില്‍ തന്നെയാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. 20 ശതമാനം മാത്രമാണ് കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് രൂപപ്പെടുന്നത്. എന്നാല്‍, ആരോഗ്യകരമായ അളവില്‍ കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ ഭക്ഷണനിയന്ത്രണവും വ്യായാമവും അത്യന്താപേക്ഷിതമാണ്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും രക്തത്തില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ പല ചുമതലകളും നിര്‍വഹിക്കാന്‍ നല്ല കൊഴുപ്പ് ആവശ്യമാണ്. എന്നാല്‍, അനാരോഗ്യകരമായ കൊഴുപ്പടിയുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കും. പാരമ്പര്യ ഘടകങ്ങളും കൊളസ്ട്രോള്‍ നിലയുമായി ബന്ധപ്പെട്ടതാണ്.

ലക്ഷണങ്ങള്‍

ശരീരത്തില്‍ കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ളവരിലെല്ലാം ഒരേരീതിയില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടണമെന്നില്ല. അലസത, തലക്ക് കനം അനുഭവപ്പെടുക, അസാധാരണമായ ക്ഷീണം എന്നിവ തുടര്‍ച്ചയായി അനുഭവപ്പെടുന്നത് കൊളസ്ട്രോളിന്റെ ലക്ഷണങ്ങളായി കണക്കാക്കുന്നു. പ്രകടമായ ലക്ഷണങ്ങള്‍ ഒന്നുംതന്നെ അനുഭവപ്പെടാത്തവരിലും കൊളസ്ട്രോള്‍ നില അധികമായി നില്‍ക്കാറുണ്ട്.

കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ഗുരുതരാവസ്ഥ സൃഷ്ടിക്കും. വളരെ വേഗത്തില്‍ ദഹിക്കുന്ന ഭക്ഷണപദാർഥങ്ങള്‍, പ്രത്യേകിച്ച് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അരി ഭക്ഷണം പോലുള്ളവ അമിതമായി കഴിക്കുന്നത് കൊളസ്ട്രോള്‍ വര്‍ധിപ്പിക്കും. പെട്ടെന്ന് ദഹനം നടക്കുന്നതിനാല്‍ ഇത് കൊഴുപ്പ് രൂപത്തിലാണ് ശരീരം സൂക്ഷിക്കുന്നത്.

കൃത്യമായി നിര്‍ണയിക്കാം

കൊളസ്ട്രോള്‍ കൃത്യമായി തിരിച്ചറിയാന്‍ ഘടകങ്ങള്‍ വേര്‍തിരിച്ചറിയാൻ കഴിയുന്ന ലിപിഡ് പ്രൊഫൈല്‍ പരിശോധനരീതി തന്നെയാണ് മികച്ചത്. ആകെ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ്സ്, എല്‍.ഡി.എല്‍, എച്ച്.ഡി.എല്‍ എന്നിങ്ങനെ ഓരോന്നിന്റെയും കൃത്യമായ അളവ് കണ്ടെത്താന്‍ ഈ പരിശോധന സഹായിക്കും.

-ആകെ കൊളസ്ട്രോള്‍ (ടോട്ടല്‍ കൊളസ്ട്രോള്‍): ശരീരത്തിലെ ആകെ കൊളസ്ട്രോള്‍ പരിധി 200 മില്ലിഗ്രാം ആണ്. അളവ് 250ന് മുകളില്‍ വരുന്ന ഘട്ടത്തില്‍ മരുന്നും ജീവിതശൈലിയും കൊണ്ട് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. എല്‍.ഡി.എല്‍ (ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍): ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍.ഡി.എല്‍ കൊളസ്ട്രോളിന്റെ പരിധി 100 മില്ലിഗ്രാം ആണ്. എന്നാല്‍, 130വരെ ഭക്ഷണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി ക്രമീകരിക്കാവുന്നതാണ്. 150ന് മുകളില്‍ ആണെങ്കില്‍ മരുന്നും വ്യായാമവും ആവശ്യമാണ്‌. എല്‍.ഡി.എല്‍ കൂടുതലായി നില്‍ക്കുന്നവരില്‍ രക്തക്കുഴലിലെ അതിരോമാറ്റസ് പ്ലാക് രൂപപ്പെടുകയും കട്ടി കൂടിവരുന്ന സമയത്തോ അല്ലെങ്കില്‍, പൊട്ടുന്ന അവസ്ഥയിലോ സ്ട്രോക്ക് അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾക്കോ വഴിവെക്കാം.

ട്രൈഗ്ലിസറൈഡ്സ് (ടി.ജി): ഭക്ഷണം നിയന്ത്രിച്ചുകൊണ്ടുതന്നെ ക്രമീകരിക്കാവുന്നതാണ്. പ്രത്യേകിച്ച് വെളിച്ചെണ്ണ, ഡാൽഡ പോലെ കൊളസ്ട്രോള്‍ ഉൽപാദിപ്പിക്കാന്‍ കാരണമാകുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ അമിത ഉപയോഗമാണ് ട്രൈഗ്ലിസറൈഡ്സ് വര്‍ധിക്കുന്നതിന് കാരണം. ചിലരില്‍ പാരമ്പര്യ ഘടകങ്ങള്‍മൂലവും ഇതിന്‍റെ അളവ് കൂടുതലായിരിക്കും. ഇത്തരക്കാരില്‍ ഭക്ഷണം നിയന്ത്രിച്ചുകൊണ്ട് അളവ് ക്രമീകരിക്കുന്നത് പ്രയാസകരമാണ്. ട്രൈഗ്ലിസറൈഡ്സ് കൂടിയ അളവില്‍ നില്‍ക്കുന്നവരില്‍ പ്രമേഹം, ഫാറ്റി ലിവര്‍ പോലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാകാന്‍ കാരണമാകും. അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ വളരെ കൃത്യമായി ട്രൈഗ്ലിസറൈഡ്സ് നില നിയന്ത്രിച്ചുനിര്‍ത്താന്‍ ശ്രമിക്കണം.

എച്ച്.ഡി.എല്‍ (ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍): നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. ആരോഗ്യമുള്ള ഒരാളില്‍ എച്ച്.ഡി.എല്‍ അളവ് 45 ന് മുകളില്‍ ഉണ്ടായിരിക്കണം. 50ന് മുകളിലാണെങ്കില്‍ വളരെ നല്ലത്. ചീത്ത കൊളസ്ട്രോള്‍ വര്‍ധിച്ചുനില്‍ക്കുന്നവരില്‍ അതിന്‍റെ തീവ്രത കുറയ്ക്കാന്‍ ഒരു പരിധിവരെ നല്ല കൊളസ്ട്രോള്‍ സഹായകമാകും.

മരുന്ന് പതിവായി ഉപയോഗിക്കണോ?

ഭക്ഷണനിയന്ത്രണം, വ്യായാമം തുടങ്ങിയവ കൊണ്ട് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ തീര്‍ച്ചയായും മരുന്നുകളെ ആശ്രയിച്ചുകൊണ്ട് ക്രമീകരിക്കാം. എന്നാല്‍, ക്രമേണ നിയന്ത്രണത്തിലെത്തിയാല്‍ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകളുടെ അളവ് കുറയ്ക്കുകയും പിന്നീട് ആരോഗ്യനില വിലയിരുത്തിയശേഷം അനുയോജ്യമെങ്കില്‍ മരുന്നുകളുടെ ഉപയോഗം ഒഴിവാക്കുകയും ചെയ്യാം.

പുതുതലമുറയുടെ ജീവിതശൈലി വലിയ തോതില്‍ കൊളസ്ട്രോള്‍ വര്‍ധിക്കുന്നതിന് കാരണമാണ്. അനാരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമമില്ലാത്ത ജീവിതരീതിയും കാരണം കൂടുതല്‍പേരില്‍ കൊളസ്ട്രോള്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുവരുന്നു. ചിട്ടയായ ജീവിതശൈലി പിന്തുടര്‍ന്നാല്‍ ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കാം. മുട്ട, മാംസം എന്നിവ മിതമായരീതിയില്‍ ഉപയോഗിക്കാം. എന്നാല്‍, പായ്ക്കറ്റ് ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. പകരം പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കൂടുതലായി കഴിക്കുന്നത് ഗുണം ചെയ്യും. നട്സ് പൂര്‍ണമായും ഒഴിവാക്കേണ്ടതില്ല, കുറഞ്ഞ അളവില്‍ ഉപയോഗിക്കാം. ബദാം കഴിക്കുന്നത് നല്ല കൊളസ്ട്രോള്‍ അളവ് വര്‍ധിപ്പിക്കാന്‍ സഹായകമാണ്.

ഭക്ഷണം കഴിക്കുന്ന സമയവും പ്രധാനമാണ്. രാവിലെ 8.30ന് പ്രഭാതഭക്ഷണം കഴിക്കണം. രാത്രി കഴിക്കുന്ന ഭക്ഷണത്തിന്‍റെ സമയം വളരെ നേരത്തെയാകുന്നതാണ് ഏറ്റവും നല്ലത്. കഴിയുമെങ്കില്‍ രാത്രി 7.30ന് ശേഷം വേവിച്ചതും കൂടിയ അളവിലും ഭക്ഷണം കഴിക്കാതിരിക്കുക. പരമാവധി 10.30ന് തന്നെ ഉറങ്ങേണ്ടതും പ്രധാനമാണ്.

(Sr. Consultant Physician & Diabetologist ആണ് ലേഖകൻ)

Tags:    
News Summary - Cholesterol: Can get messy if not careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.