തിരുവനന്തപുരം: കേരളത്തിലെ കോവിഡ് മരണങ്ങളുടെ നഷ്ടപരിഹാര വിതരണത്തിലടക്കം മെെല്ലപ്പോക്ക് തുടരുേമ്പാഴും ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്കായി സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ധനസഹായ വിതരണം ആരംഭിച്ചിട്ടില്ല. 5000 രൂപ വീതം 36 മാസം നൽകുന്നതും സാങ്കതികപ്രശ്നങ്ങൾ കാരണം ഇതുവരെയും ആരംഭിക്കാനായിട്ടില്ലെന്നാണ് റവന്യൂവകുപ്പ് പറയുന്നത്. കോവിഡ് മരണങ്ങളുടെ നഷ്ടപരിഹാര വിതരണം സുഗമമാകാൻ ആരോഗ്യവകുപ്പിൽ നിന്ന് മരണസർട്ടിഫിക്കറ്റ് നൽകുന്നതിൽ കാലതാമസം ഉള്ളതായും പരാതിയുണ്ട്.
അതേസമയം, സുപ്രീംകോടതിയുടെ രൂക്ഷവിമർശനം ഉണ്ടായതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള 50,000 രൂപയുടെ നഷ്ടപരിഹാരം സംബന്ധിച്ച നാലായിരത്തിൽപരം അപേക്ഷകളുടെ പരിശോധന രണ്ടുദിവസങ്ങൾകൊണ്ട് പൂർത്തിയായി. വെള്ളിയാഴ്ച സുപ്രീംകോടതി മുമ്പാകെ കേരളം സമർപ്പിച്ച കണക്ക് അനുസരിച്ച് 1948 പേരെയാണ് സഹായധനത്തിന് അർഹരായി കണ്ടെത്തിയത്. ശനിയാഴ്ച ലാൻഡ് റവന്യൂ കമീഷണർ നൽകിയ നിർദേശപ്രകാരം അപേക്ഷകൾ തീർപ്പാക്കാൻ ആരംഭിച്ച തീവ്രയജ്ഞത്തെ തുടർന്ന് ഞായറാഴ്ച വൈകീട്ടുവരെ 4250 പേർ കൂടി അർഹരാണെന്ന് കണ്ടെത്തി. ഇതിനായി വില്ലേജ് ഓഫിസുകളും കലക്ടറേറ്റുകളിലെ ബന്ധപ്പെട്ട വിഭാഗങ്ങളും അവധിദിനമായിട്ടും പ്രവർത്തിച്ചു. അപേക്ഷ സമർപ്പിച്ചവരുടെ ആകെ എണ്ണം 11,706 ആയി. രണ്ടുദിവസത്തെ തീവ്രയജ്ഞത്തിെൻറ ഭാഗമായി വില്ലേജ് ഓഫിസർമാർ റിപ്പോർട്ട് നൽകിയ അപേക്ഷകളിൽ 500 പേർക്കുകൂടി തുക അനുവദിച്ചു. ഇതോടെ ആകെ തുക അനുവദിച്ചവരുടെ എണ്ണം 1150 ആയി. അപേക്ഷ സ്വീകരിക്കാൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ എല്ലാ താലൂക്ക് ഓഫിസുകളിലും ക്യാമ്പ് നടക്കും. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ ഗുണഭോക്താക്കളെ ക്യാമ്പുകളിൽ എത്തിക്കണമെന്ന് കലക്ടർമാർ അഭ്യർഥിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് മരിച്ച 41,189 പേർ ഉണ്ടെന്നാണ് സർക്കാർ കണക്ക്. ഇതിൽ നാലിലൊന്നുപേർ മാത്രമേ അപേക്ഷ നൽകിയിട്ടുള്ളൂ. അതേസമയം, ഒാരോദിവസവും നൂറിലേറെ മരണങ്ങൾ കോവിഡ് കണക്കിൽ ഉൾക്കൊള്ളിക്കുകയുമാണ്. കാൽലക്ഷത്തോളം അപേക്ഷകൾ തീർപ്പുകൽപിക്കാനുമുണ്ട്.
നടപടി വേഗത്തിലാക്കാൻ നിർദേശം
തിരുവനന്തപുരം: കോവിഡ് മരണങ്ങളിലെ നഷ്ടപരിഹാര വിതരണം സംബന്ധിച്ച സുപ്രീംകോടതി വിമർശനത്തിെൻറ പശ്ചാത്തലത്തിൽ നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം ലഭിച്ച 11,000 അപേക്ഷകളിൽ 1650 പേർക്ക് സഹായം നൽകിയെന്ന് അധികൃതർ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ആകെ കോവിഡ് മരണം 44,503 ആണെങ്കിലും ധനസഹായത്തിനുള്ള അപേക്ഷ 11,000 മാത്രമാണ്. അപേക്ഷകൾ കുറയാനുള്ള സാഹചര്യവും പരിശോധിക്കുന്നുണ്ട്. കൂടുതൽ പേർക്ക് അപേക്ഷ സമർപ്പിക്കുന്നതിന് സൗകര്യമൊരുക്കാനായി ബന്ധപ്പെട്ട ഓഫിസുകൾ അവധി ദിവസമായ ഞായറാഴ്ചയും പ്രവർത്തിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും അദാലത്തിന് സമാനമായ തീവ്രശ്രമങ്ങൾക്കാണ് റവന്യൂ വകുപ്പിെൻറ നീക്കം. അപേക്ഷകളിലെ നടപടിക്രമങ്ങൾ അതത് ദിവസം മന്ത്രിയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നുണ്ട്. ഓൺലൈനായി ലഭിക്കുന്ന അപേക്ഷകളിൽ വില്ലേജ് ഓഫിസർമാർ വിശദ പരിശോധന നടത്തിയാണ് മുകളിലേക്ക് ശിപാർശ ചെയ്യുന്നത്. ഇത്തരം ഫീൽഡ് പരിശോധനക്കടക്കം കാലതാമസം നേരിടുന്നില്ലെന്നും ഉറപ്പുവരുത്തും. കോവിഡ് ബാധിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതമാണ് ധനസഹായം അനുവദിക്കുന്നത്. ഇതിനു പുറെമ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങൾക്ക് 5000 രൂപ വീതം 36 മാസം നൽകുന്ന പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.