കർണാടകയിൽ കോവിഡ്, ഡെങ്കി, ചികുൻഗുനിയ പടരുന്നു

ബംഗളൂരു: കർണാടകയിൽ കോവിഡ്, ഡെങ്കി, ചികുൻഗുനിയ രോഗങ്ങൾ പടരുന്നു. മലയാളികളടക്കം ഏറെ താമസിക്കുന്ന ബംഗളൂരു നഗരത്തിലാണ് കോവിഡ് ഭീഷണി കൂടുതൽ. കഴിഞ്ഞ ദിവസം 594 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 582 പേരും ബംഗളൂരുവിലാണ്. നിലവിലുളള 3,882 ആകെ രോഗികളിൽ 3,738ഉം ബംഗളൂരു നഗരത്തിലാണ്. കഴിഞ്ഞ ദിവസം നഗരത്തിലെ രണ്ട് സ്കൂളുകളിലെ 31 വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ആഴ്ചയിലെ കോവിഡ്ബാധ നിരക്ക് 2.28 ശതമാനമാണ്. ചില നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബസവരജ് ബൊമ്മൈ പറഞ്ഞിട്ടുണ്ട്.

കർണാടകയിൽ ഡെങ്കിപ്പനിയും കൂടുകയാണ്. ജൂൺ മാസത്തിൽ മാത്രം ഡെങ്കി സംശയിക്കുന്ന 2886 സംഭവങ്ങളുണ്ടായി. ഇതിൽ 146 എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു. എന്നൽ ഇതുവരെ മരണം ഇല്ല. ആകെ 36,000 കേസുകളിലാണ് ഡെങ്കി സംശയിക്കുന്നത്. ഇതിൽ 1860 എണ്ണത്തിൽ രോഗം സ്ഥിരീകരിച്ചു. ബംഗളൂരു നഗരപരിധിയിൽ മാത്രം 15,502 സംശയകേസുകളിൽ 388 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തുടനീളം ഡെങ്കിപ്പനി വർധിക്കുകയാണ്. ഉഡുപ്പി ജില്ലയിൽ 217, മൈസൂരുവിൽ 171, ചിത്രദുർഗയിൽ 105, കൊപ്പാളിൽ 94, ബെല്ലാരിയിൽ 89, വിജയപുരയിൽ 85, ദക്ഷിണകന്നടയിൽ 81, ശിവമൊഗ്ഗ 76, ദേവങ്കരെയിൽ 60 എന്നിങ്ങനെയാണ് നിലവിലെ ഡെങ്കി രോഗികളുടെ എണ്ണം. മറ്റ് ജില്ലകളിലും 50 എന്ന തോതിൽ രോഗികളുണ്ട്.

ചികുൻഗുനിയയും വർധിക്കുകയാണ്. 27 ജില്ലകളിൽ പതിനായിരത്തിലധികം രോഗം സംശയിക്കുന്ന കേസുകളുണ്ട്. ആറായിരം ആളുകളുടെ രക്തം പരിശോധനക്കായി എടുത്തപ്പോൾ 447 പേർക്ക് പനി ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. വിജയപുര 96, കോലാർ 76, ബെംഗളൂരു റൂറൽ 38, തുമകുരു 36, ചിത്രദുർഗ 26, ദേവ​ങ്കെരെ 19, ഹാസൻ 15, രാമനഗരെ 14, ബാഗൽകോട്ട് 11, ശിവമൊഗ്ഗ 10 എന്നിങ്ങനെയാണ് ചികുൻഗുനിയ രോഗികളുടെ എണ്ണം. ഈ ജില്ലകളിലാണ് സ്ഥിതിഗതികൾ കൂടുതൽ മോശം. മറ്റ് ജില്ലകളിൽ 10 വീതം രോഗികൾ ഉണ്ട്.

കാലാവസ്ഥാമാറ്റവും നേരത്തേയുള്ള മഴയും കാരണമാണ് ഡെങ്കിപ്പനിയും ചികുൻഗുനിയയും കൂടുന്നതെന്നും ശുചിത്വവും വൃത്തിയും കാത്തുസൂക്ഷിച്ചാൽ രോഗം തടയാമെന്നും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അധികൃതർ പറഞ്ഞു.

കൊതുകി​നെ ഓടിക്കാം, ​െഡങ്കിപ്പനി തടയാം

ബംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനിയും വ്യാപകമാകുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുനശീകരണമടക്കമുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബംഗളൂരു കോര്‍പ്പറേഷനില്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ആശ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ വീടുകയറിയുള്ള ബോധവത്കരണ പ്രവര്‍ത്തനവും സജീവമാണ്. മഴക്കാലത്തിന് മുന്നോടിയായി കൊതുകുകളെ നശിപ്പിക്കുന്നതിന് ഡ്രൈ ഡേ ആചരിക്കാനും പദ്ധതിയുണ്ട്. കോര്‍പ്പറേഷന് കീഴിലുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ഡെങ്കിപ്പനി ചികിത്സയ്ക്കുള്ള പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം. ഉപേക്ഷിച്ച പാത്രങ്ങളിലും ടയറുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. കൊതുകുകടിയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലും സ്വീകരിക്കണം. വീടിന് സമീപത്ത് വെള്ളം കെട്ടിക്കിടക്കുകയാണെങ്കില്‍ മണ്ണെണ്ണയോ കൊതുക് ലാര്‍വകളെ നശിപ്പിക്കുന്ന മറ്റ് രാസവസ്തുക്കളോ തളിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 50 ശതമാനമാണ് വര്‍ധിച്ചത്. ഈ വര്‍ഷം ജൂണ്‍ 10 വരെ 1,838 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ 916 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. ബംഗളൂരുവിലാണ് രോഗവ്യാപനം ഏറ്റവും കൂടുതല്‍. കർണാടകയിൽ ആകെ രോഗികളില്‍ 22 ശതമാനവും ബംഗളൂരുവിലാണ്. ജനുവരി മുതല്‍ 388 പേര്‍ക്കാണ് നഗരത്തില്‍ ഡെങ്കിപ്പനി ബാധിച്ചത്. ഉഡുപ്പി, മൈസൂരു, കൊപ്പാള്‍, ചിത്രദുര്‍ഗ, വിജയപുര ജില്ലകളിലും രോഗവ്യാപനത്തോത് കൂടുതലാണ്. ഉഡുപ്പിയില്‍ 217 പേര്‍ക്കും മൈസൂരുവില്‍ 171 പേര്‍ക്കും ചിത്രദുര്‍ഗയില്‍ 105 പേര്‍ക്കും കൊപ്പാളില്‍ 94 പേര്‍ക്കും ആറുമാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചു.

Tags:    
News Summary - Covid, Dengue and Chikungunya are prevalent in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.