ന്യൂഡൽഹി: കോവിഡ്, ഒമിക്രോൺ വ്യാപനത്തിടെ ആരോഗ്യപ്രവർത്തകർക്ക് വ്യാപകമായി കോവിഡ് ബാധിച്ചത് ആരോഗ്യമേഖലയെ സാരമായി ബാധിച്ചു. ഡൽഹി എംയിസിലെ 50 ഡോക്ടർമാർക്കും സഫ്ദർജങ് ആശുപത്രിയിലെ 25 ഡോക്ടർമാർക്കും കോവിഡ് ബാധിച്ച് നിരീക്ഷണത്തിലാണ്. ബിഹാർ നളന്ദ മെഡിക്കൽ കോളജിൽ മൂന്നു ദിവസത്തിനിടെ 168 ഡോക്ടർമാർക്കും പഞ്ചാബിലെ പട്യാല മെഡിക്കൽ കോളജിലെ 80 ഡോക്ടർമാർക്കും കോവിഡ് ബാധിച്ചു. കൂടാതെ, ലഖ്നോ, കൊൽക്കത്ത നഗരങ്ങളിലും ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് വ്യാപിച്ചിട്ടുണ്ട്.
പ്രതിദിന കേസുകൾ 20,000 എത്തിയാൽ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന് മുംബൈ മേയർ വ്യക്തമാക്കി. ഡൽഹി, പഞ്ചാബ്, ഗോവ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഡൽഹിയിൽ വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10 മുതൽ തിങ്കൾ രാവിലെ അഞ്ചു വരെയാണ് ലോക്ഡൗൺ. അവശ്യ സർവിസ് ഒഴികെയുള്ള സർക്കാർ, സ്വകാര്യ ജീവനക്കാർ വർക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറണമെന്നും ജനങ്ങള്‍ അത്യാവശ്യ കാര്യത്തിനു മാത്രമേ പുറത്തിറങ്ങാവൂ എന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ചൊവ്വാഴ്ച ചേർന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ബസുകളിലും മെട്രോകളിലും സീറ്റുകളുടെ എണ്ണത്തിന്റെ 50 ശതമാനം യാത്രക്കാർക്ക് മാത്രമായിരുന്നു യാത്ര അനുമതി നൽകിയിരുന്നത്. ഇത് ബസ് സ്റ്റോപ്പുകളിലും മെട്രോ സ്റ്റേഷനുകളിലും വലിയ ആൾക്കൂട്ടത്തിന് കാരണമായതിനെ തുടർന്ന് മുഴുവൻ സീറ്റിലും യാത്രക്കാരെ കയറ്റാൻ അനുമതി നൽകി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാശാലകൾ, ജിമ്മുകൾ, സ്വിമ്മിങ് പൂൾ, വിനോദ പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ അടച്ചിടുന്നതടക്കമുള്ള നേരത്തെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. 5,481 പേർക്കാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.37 ശതമാനത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.