മോസ്കോ: വിട്ടുമാറാത്ത മൂക്കൊലിപ്പും ഇതോടൊപ്പം തുടങ്ങിയ വിറയലുമായാണ് റഷ്യയിലെ സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായ എകറ്റെറിന ബദുലിന ആശുപത്രിയിലെത്തിയത്. മരുന്നുമായി മടങ്ങിയെങ്കിലും രോഗാവസ്ഥ കലശലാകുകയായിരുന്നു. ഇതോടെ, ന്യൂമോണിയ ആയിരിക്കുമോ എന്ന സംശയത്തിൽ വീണ്ടും യുവതി ആശുപത്രിയിലെത്തി.
ഇതോടെയാണ് ഡോക്ടർ എക്സ്-റേ എടുക്കാൻ നിർദേശിച്ചത്. എക്സ്-റേ റിപ്പോർട്ട് കണ്ട് എല്ലാവരും ഞെട്ടി. ലോഹത്തിന്‍റെ ഒരു ചെറു സ്പ്രിങ് നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നു. ഏതു നിമിഷവും മരണം സംഭവിച്ചേക്കാമെന്നും ഡോക്ടർമാർ വിലയിരുത്തി. കൂടുതൽ വ്യക്തതക്കായി സി.ടി സ്കാനിനും വിധേയയായി 34കാരി. തുടർന്ന്, 5 മുതൽ 16 മില്ലിമീറ്റർ വരെയുള്ള ലോഹ സ്പ്രിങ് ശ്വാസകോശത്തിൽ കുടുങ്ങിയതായി സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിലും വിശകലനങ്ങളിലുമാണ് സംഭവം വ്യക്തമായത്. 27-ാം വയസ്സിൽ എകറ്റെറിനക്ക് രക്തം കട്ടപിടിക്കുന്ന ത്രോംബോബോളിസം എന്ന രോഗം കണ്ടെത്തിയിരുന്നു. ചികിത്സയുടെ ഭാഗമായി യുവതിയുടെ കാലിൽ 33 ട്യൂബുകൾ സ്ഥാപിച്ചിരുന്നു. ത്രോംബോബോളിസത്തിൽനിന്ന് മുക്തി നേടാൻ ആ വർഷം അവൾ 20 ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. സർജറിക്കിടെയാണ് ശരീരത്തിൽ സ്പ്രീങ് അകപ്പെട്ടതെന്നും രക്തത്തിലൂടെ ഇത് നീങ്ങിയതാണെന്നും സ്ഥിരീകരിക്കപ്പെട്ടു.
‘എന്‍റെ ചിന്തകളും സങ്കടങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. ശുഭാപ്തിവിശ്വാസിയാകണം. ഭയമോ നിരാശയോ ഇല്ല. ആരും ഏത് നിമിഷവും മരിക്കാം, നാളെ നിങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ആർക്കും അറിയില്ല’ -യുവതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.