റിയാദ് കിങ് അബ്​ദുല്ല ആശുപത്രിയിൽ വേർപെടുത്തലിന് വിധേയരായ ഈജിപ്ഷ്യൻ കുരുന്നുകൾ സൽമയും സാറയും, ഇരുവരും വേർപിരിയലിന് ശേഷം

17 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; തലകൾ തമ്മിൽ ഒട്ടിപ്പിടിച്ച ഈജിപ്ഷ്യൻ കുരുന്നുകളുടെ വേർപെടുത്തൽ വിജയകരം

റിയാദ്: തലകൾ തമ്മിൽ ഒട്ടിപ്പിടിച്ച നിലയിൽ ജനിച്ച ഈജിപ്ഷ്യൻ ഇരട്ടകളെ സൗദി അറേബ്യയിൽ നടന്ന നീണ്ട ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി. റിയാദിലെ കുട്ടികൾക്കായുള്ള കിങ് അബ്​ദുല്ല സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിൽ 17 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയക്ക്​ ശേഷമാണ് സൽമയും സാറയെയും വേർപെട്ടത്. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരമായിരുന്നു ശസ്ത്രക്രിയയെന്ന് മെഡിക്കൽ സംഘം തലവനും കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ സൂപർവൈസർ ജനറലുമായ ഡോ. അബ്​ദുല്ല അൽ റബീഅ പ്രസ്താവനയിൽ പറഞ്ഞു.

കൺസൾട്ടൻറുമാർ, സ്പെഷ്യലിസ്​റ്റുകൾ, സപ്പോർട്ട് സ്റ്റാഫ്, നഴ്സുമാർ എന്നിവരടങ്ങുന്ന 31 അംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. 2021 നവംബർ 23 നാണ് ഇരട്ടകൾ രാജ്യത്ത് എത്തിയതെന്നും നിരവധി പരിശോധനകൾക്ക് ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്നും ഡോ. അൽ റബീഅ പറഞ്ഞു. പീഡിയാട്രിക് ന്യൂറോ സർജറി വിദഗ്ധൻ ഡോ. മുഅതസിം അൽ-സൗബി, പ്ലാസ്​റ്റിക് സർജറി വിദഗ്ധൻ ഡോ. മുഹമ്മദ് അൽ ഫൗസാൻ, പീഡിയാട്രിക് അനസ്തേഷ്യ വിദഗ്ധൻ ഡോ. നിസാർ അൽ സുഗൈബി എന്നിവരുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘം നാല് ഘട്ടങ്ങളിലായാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ആഴ്ചകളുടെ ഇടവേളയിൽ നടത്തിയ ശസ്ത്രക്രിയകളിൽ ഒടുവിലത്തേത് പൂർത്തിയാക്കാനാണ് 17 മണിക്കൂർ വേണ്ടിവന്നത്. മൊത്തം ശസ്ത്രക്രിയക്ക് 57 മണിക്കൂർ വേണ്ടിവന്നു.

സൗദി അറേബ്യയുടെ മാനുഷിക സംരംഭങ്ങളുടെ ഭാഗമായി 33 വർഷത്തിനിടെ 23 രാജ്യങ്ങളിൽ നിന്നുള്ള 130 സായാമീസുകളെ ഇത്തരത്തിൽ വേർപെടുത്തിയിട്ടുണ്ട്. ആവശ്യമായ പരിശോധനകളും ചികിത്സയും പരിചരണവും നൽകിയ സൗദി നേതൃത്വത്തിനും വിദഗ്ധ മെഡിക്കൽ സംഘത്തിനും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ നന്ദി അറിയിച്ചു. രാജ്യത്തി​െൻറ മഹത്തായ മാനുഷിക പ്രവർത്തനങ്ങളെ പ്രശംസിച്ച അവർ രാജ്യത്തിലുടനീളം തങ്ങൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെയും ഉദാരമായ ആതിഥ്യമര്യാദയേയും അങ്ങേയറ്റം വിലമതിക്കുന്നതായി പറഞ്ഞു.

Tags:    
News Summary - Egyptian conjoined twins successfully separated after 17-hour surgery in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.