ഒരു പാരമ്പര്യ രോഗമാണ് പ്രമേഹം. അനാരോഗ്യകരമായ ജീവിതശൈലിയാണ് രോഗകാരണങ്ങളിലൊന്ന്. ഓരോ വർഷവും പ്രമേഹബാധിതരുടെ എണ്ണം വർധിക്കുകയാണ്. എൻഡോക്രൈനോളജിയും പ്രമേഹവും തമ്മിലുള്ള ബന്ധവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിഞ്ഞിരിക്കുന്നത് രോഗത്തെ തടയാൻ സഹായിക്കും. എൻഡോക്രൈൻ സിസ്റ്റവുമായി ബന്ധപ്പെട്ട വൈദ്യശാസ്ത്രത്തിന്റെയും ശരീരശാസ്ത്രത്തിന്റെയും ശാഖയാണ് എൻഡോക്രൈനോളജി. കലോറിയെ ഊർജമാക്കാനുള്ള ശരീരത്തിന്റെ കഴിവ്, എല്ലുകളുടെയും ടിഷ്യൂകളുടെയും വളർച്ച, ഹൃദയമിടിപ്പ് എന്നിവയെ എൻഡോക്രൈൻ സിസ്റ്റം സ്വാധീനിക്കുന്നു.
ഈ ഗ്രന്ഥികളിൽ ഒന്നോ അതിലധികമോ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ, ഹോർമോൺ അസന്തുലിതാവസ്ഥക്ക് കാരണമാകുകയും എൻഡോക്രൈൻ ഡിസോഡറിലേക്ക് നയിക്കുകയും ചെയ്യും. എൻഡോക്രൈൻ രോഗങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതാണ് രോഗം തടയാനുള്ള ആദ്യപടിയെന്നാണ് ഡോക്ടർ കിങ്ങിണിയുടെ അഭിപ്രായം. പ്രമേഹം, പിറ്റ്യൂറ്ററി ഡിസോഡേഴ്സ്, അഡിസൺസ് രോഗം, കുഷിങ് സിൻഡ്രോം, ഹൈപ്പർ-ഹൈപ്പോ തൈറോയ്ഡിസം എന്നിവയാണ് എൻഡോക്രൈൻ സിസ്റ്റത്തിന്റെ തകരാറുമൂലമുണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ. ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്തുന്നത് പ്രമേഹം ചികിത്സിക്കുന്നതിനും തടയുന്നതിനുമുള്ള പ്രധാനമാർഗമാണ്.
പ്രമേഹമുള്ളവർ നേരത്തെയുള്ള അത്താഴം പോലുള്ള ഭക്ഷണരീതികളിലേക്ക് മാറുകയും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രദ്ധിക്കണമെന്ന് ഡോ. അരവിന്ദ് പറയുന്നു. പഴങ്ങൾ, ഇലക്കറികൾ, പരിപ്പ്, നാരുകൾ, ധാന്യങ്ങൾ, അപൂരിത കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണമാണ് അഭികാമ്യം. ഭക്ഷണത്തിൽ പയർവർഗങ്ങൾ, സംസ്കരിക്കാത്ത പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപന്നങ്ങൾ എന്നിവ ഉൾപ്പെടുത്തണം. പച്ചക്കറികളും പഴങ്ങളും പ്രധാന ഘടകമായിരിക്കണം. ചുവന്ന മാംസം ഒഴിവാക്കണം. നോൺവെജിറ്റേറിയനായവർക്ക് മത്സ്യം കഴിക്കാം. സസ്യാഹാരികൾക്ക് സസ്യ എണ്ണകൾ, വാൽനട്ട്, ഫ്ലാക്സ് സീഡുകൾ എന്നിവയും ഉപയോഗിക്കാം. പുകവലിയും മദ്യവും ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യുക. കൃത്രിമ മധുരപലഹാരങ്ങൾ ഒഴിവാക്കണം. മികച്ച വ്യായാമം വേണം. നീന്തൽ, സൈക്ലിങ്, നടത്തം, തുഴച്ചിൽ തുടങ്ങിയ എയ്റോബിക് പ്രവർത്തനങ്ങൾ ഉൾപ്പെടുത്താം. പ്രതിദിനം കുറഞ്ഞത് 5000 ചുവടുകൾ നടക്കാം. യോഗാഭ്യാസങ്ങളും ദിനചര്യയാക്കാം.
അതേസമയം, ഇന്ത്യൻ പ്രവാസികളുടെ ഡയബറ്റിസ് മെലിറ്റസും പൊണ്ണത്തടിയും എല്ലാ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾക്കും ആഗോള വെല്ലുവിളിയാണെന്നാണ് ഡോ. ജോൺ അലക്സാണ്ടർ പറയുന്നത്. ജങ്ക് ഫുഡ്, കുറഞ്ഞ വ്യായാമം, ജനിതകം എന്നിങ്ങനെ ഇതിന് നിരവധി കാരണങ്ങളുണ്ട്. ദക്ഷിണേഷ്യക്കാർക്ക് ടൈപ്പ് 2 ഡി.എമ്മിന് സാധ്യത കൂടുതലാണ്. മിഡിൽ ഈസ്റ്റിലും ഇത് സാധാരണമാണ്. പ്രവാസികളുടെയിടയിൽ പ്രമേഹം ആരംഭിക്കുന്നതിന്റെ ശരാശരി പ്രായം 32 ആണ്. 20 വയസ്സുമുതൽ ടൈപ്പ് 2 ഡി.എം ഉള്ളവരെയും കുറഞ്ഞ തോതിൽ കാണാം. ഇത് തടയാൻ ആരോഗ്യകരമായ സമീകൃതാഹാരം ഉറപ്പുവരുത്തണം.
ജങ്കുകളുടെയും റസ്റ്റാറന്റ് ഭക്ഷണങ്ങളുടെയും ഉപഭോഗം ആഴ്ചയിൽ ഒന്നോ രണ്ടോ തവണയായി പരിമിതപ്പെടുത്തുകയും വേണം. ഉയർന്ന പഞ്ചസാര പാനീയങ്ങൾ ഒഴിവാക്കി പാനീയങ്ങളുടെ ഡയറ്റ് പതിപ്പിലേക്ക് മാറണം.
ആഴ്ചയിൽ 150 മിനിറ്റെങ്കിലും വ്യായാമം വേണം. അതോടൊപ്പം യുവാക്കൾ രക്തപരിശോധന, പ്രത്യേകിച്ച് വർഷത്തിലൊരിക്കലെങ്കിലും HbA1c എന്ന ടെസ്റ്റ് നടത്തണം. സഹായം ആവശ്യമായി വന്നാൽ ഉടൻ ഡോക്ടറെ സമീപിക്കുക. ഫോൺ 044400500.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.