തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ കാലാവധി കഴിയാറായ കോവിഡ് വാക്സിൻ സർക്കാർ ഏറ്റെടുക്കുന്നു.സർക്കാർ കേന്ദ്രങ്ങളിൽ കുത്തിവെപ്പിനുപയോഗിക്കാനാണ് തീരുമാനം. സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ ക്ഷാമം നേരിടുകയും പ്രതിസന്ധി രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിൽ സ്വകാര്യകേന്ദ്രങ്ങൾ വൻതോതിൽ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. പണം ഈടാക്കിയായിരുന്നു വാക്സിൻ വിതരണം. എന്നാൽ സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാവുകയും ആളുകൾ കൂടുതലായി ആശ്രയിക്കുകയും ചെയ്തതോടെ സ്വകാര്യ കേന്ദ്രങ്ങളിലേത് കെട്ടിക്കിടക്കാൻ തുടങ്ങി. തുടർന്നാണ് സ്വകാര്യ ആശുപത്രികൾ സർക്കാറിനെ സമീപിച്ചത്. ഏറ്റെടുക്കുന്നതിന് പകരം ദീർഘ കാലാവധിയുള്ള വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് തിരികെ നൽകുമെന്ന് ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
കൈമാറ്റം ചെയ്യുന്നത് ഒരു പ്രാവശ്യത്തേക്ക് മാത്രമായിരിക്കും. സ്വകാര്യ ആശുപത്രികളിൽനിന്ന് ഏറ്റെടുക്കുന്നവ അതേ ജില്ലയിൽതന്നെ വിനിയോഗിക്കും. നിശ്ചിത ശതമാനം വാക്സിൻ സ്ഥാപനത്തിന്റെ സാമൂഹികപ്രതിബദ്ധതാപ്രവർത്തനത്തിന്റെ ഭാഗമായി ജില്ല ഭരണകൂടവുമായി സഹകരിച്ച് സൗജന്യ ക്യാമ്പുകൾക്കായി വിനിയോഗിക്കാനും നിർദേശമുണ്ട്.
2021 മാർച്ച് 21 മുതലാണ് സർക്കാർ കേന്ദ്രങ്ങൾക്കൊപ്പം സ്വകാര്യകേന്ദ്രങ്ങൾക്കും വാക്സിൻ വിതരണത്തിന് അനുമതി നൽകിയത്. സംസ്ഥാന സർക്കാറിന് കീഴിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയാണ് സ്വകാര്യകേന്ദ്രങ്ങൾ വഴിയുള്ള വാക്സിൻ വിതരണവും ഏകോപിപ്പിച്ചിരുന്നത്.
എന്നാൽ 2021 മേയിൽ കേന്ദ്രം വാക്സിൻ നയം പുതുക്കിയതോടെ സ്വകാര്യകേന്ദ്രങ്ങൾക്ക് നിർമാതാക്കളിൽനിന്ന് നേരിട്ട് വാങ്ങാൻ അവസരം ലഭിച്ചു.
സ്വകാര്യ ആശുപത്രികളുടെ സ്റ്റോക്കിൽ ഫെബ്രുവരിയിൽ കാലാവധി തീരുന്നവ താരതമ്യേന കുറവാണെങ്കിലും മാർച്ചിൽ ഒന്നര ലക്ഷത്തോളം ഡോസുകളുടെ സമയപരിധി അവസാനിക്കുമെന്നാണ് വിവരം.
നേരത്തെ സ്വകാര്യ ആശുപത്രികൾക്ക് വിൽക്കാനായി കെ.എം.എസ്.സി.എൽ വഴി 10 ലക്ഷം ഡോസ് വാക്സിൻ സർക്കാർ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. എന്നാൽ ആവശ്യക്കാർ കുറഞ്ഞതോടെ കെ.എം.എസ്.സി.എല്ലിൽനിന്ന് വാങ്ങുന്നതിൽനിന്ന് സ്വകാര്യ ആശുപത്രികളും പിന്നാക്കം പോയി. ചെലവഴിച്ച തുക തിരികെ പിടിക്കാൻ ആളുകളെക്കൊണ്ട് വാക്സിൻ സ്പോൺസർ ചെയ്യിക്കുന്നതിന് ആരോഗ്യവകുപ്പ് 'സ്പോൺസർ എ ജാബ്' കാമ്പയിൻ നടത്തിയെങ്കിലും പരാജയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.