ചുറ്റും വൈറസുണ്ടോ എന്ന് ഇനി മാസ്ക് തന്നെ പറയും; പുത്തൻ മാസ്കുമായി ശാസ്ത്രജ്ഞർ

വാഷിങ്ടൺ: ഇൻഫ്ലുവൻസ, കോവിഡ് -19 എന്നീ ശ്വാസകോശ രോഗങ്ങളുടെ വൈറസുകളെ വായുവിൽ നിന്ന് കണ്ടെത്താൻ സഹായിക്കുന്ന ഫേസ് മാസ്ക് വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഇത് ധരിച്ചവർക്ക് ചുറ്റുമുള്ള വായുവിൽ വൈറസുകൾ ഉണ്ടെങ്കിൽ ആ വിവരം 10 മിനിറ്റിനുള്ളിൽ മൊബൈൽ വഴി സന്ദേശമായി ലഭിക്കും.

'മാസ്ക് ധരിക്കുന്നത് രോഗം പകരുന്നതിനുള്ള സാധ്യത കുറക്കുമെന്ന് മുൻ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതിനാൽ, വായുവിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനും ധരിക്കുന്നവരെ അറിയിക്കാനും കഴിയുന്ന ഒരു മാസ്ക് നിർമ്മിക്കാൻ ആഗ്രഹിച്ചു'വെന്ന് പഠനത്തിൽ പങ്കാളിയും ലേഖകനും ഷാങ്ഹായ് ടോങ്ജി സർവകലാശാലയിലെ ഭൗതിക ശാസ്ത്രജ്ഞനുമായ യിൻ ഫാങ് പറയുന്നു.

രോഗബാധിതരായ ആളുകൾ സംസാരിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന തുപ്പലിലൂടെയും വായുകണങ്ങളിലൂടെയുമാണ് കോവിഡ്, H1N1, ജലദോഷം തുടങ്ങിയവക്ക് കാരണമാകുന്ന രോഗാണുക്കൾ പടരുന്നത്. ഈ വൈറസ് അടങ്ങിയ തന്മാത്രകൾ, പ്രത്യേകിച്ച് ചെറിയ വായുകണങ്ങൾ, ദീർഘനേരം വായുവിൽ തങ്ങി നൽക്കും.

ഫാങ്ങും സഹപ്രവർത്തകരും ചേർന്ന് അടച്ചിട്ട മുറിയിൽ വൈറസിന്റെ സർഫസ് പ്രോട്ടീൻ അടങ്ങിയ ട്രെയ്സ് ലെവൽ ലിക്വിഡും വായുകണങ്ങളും മാസ്കിൽ തളിച്ചാണ് പരീക്ഷണം നടത്തിയത്.

വൈറൽ പ്രോട്ടീനുകൾ അടങ്ങിയ 0.3 മൈക്രോലിറ്റർ ദ്രാവകത്തോട് പോലും മാസ്കിന്റെ സെൻസർ പ്രതികരിച്ചു. ഒരു തുമ്മലിൽ ഉൽപ്പാദിപ്പിക്കുന്ന കണങ്ങളുടെ അളവിനേക്കാൾ 70 മുതൽ 560 മടങ്ങ് വരെ കുറവാണ് ഇത്. ചുമയോ സംസാരമോ ഉണ്ടാക്കുന്ന വായുകണങ്ങളേക്കാൾ വളരെ കുറവാണെന്നും ഫാങ് പറയുന്നു.

ആന്റിബോഡികൾ പോലുള്ള രോഗകാരികളുടെ തനതായ പ്രോട്ടീനുകളെ തിരിച്ചറിയാൻ കഴിയുന്ന ആപ്‌റ്റാമറുകളുള്ള ഒരു ചെറിയ സെൻസറാണ് ടീം രൂപകൽപ്പന ചെയ്‌തത്. ഇത്തരത്തിൽ മൾട്ടി ചാനൽ സെൻസർ രൂപീകരിച്ചു. ഇതിന് കോവിഡ്, പക്ഷിപ്പനി (H5N1), പന്നിപ്പനി (H1N1) എന്നിവയെ ഒരേസമയം തിരിച്ചറിയാൻ കഴിയും.

ആപ്‌റ്റാമറുകൾ വായുവിലെ രോഗകാരികളുടെ പ്രോട്ടീനുകളുമായി ബന്ധപ്പെട്ടാൽ, ട്രാൻസിസ്റ്റർ സിഗ്നൽ വഴി മാസ്ക് ധരിച്ചിരിക്കുന്നവരുടെ ​ഫോണിലേക്ക് വിവരങ്ങൾ ലഭ്യമാകും. 10 മിനിറ്റിനുള്ളിൽ വായുവിലെ രോഗാണുക്കളുടെ അളവ് പോലും മാസ്‌കിന് കണ്ടെത്താൻ കഴിയുന്ന തരത്തിൽ പുതുതായി രൂപീകരിച്ച അയോൺ-ഗേറ്റഡ് ട്രാൻസിസ്റ്ററാണ് ഉപയോഗിക്കുന്നത്.

അടച്ചിട്ട മുറികൾ പോലെ വായുസഞ്ചാരം കുറവുള്ള സ്ഥലങ്ങളിൽ മാസ്ക് നന്നായി പ്രവർത്തിക്കും. അവിടെ അണുബാധ ശക്തമാകാനുള്ള സാധ്യത കൂടുതലാണെന്ന് ഫാങ് പറയുന്നു. ഭാവിയിൽ, ഒരു പുതിയ ശ്വസന വൈറസ് ഉണ്ടായാൽ അവയെ കണ്ടെത്തുന്നതിനായി സെൻസറിന്റെ രൂപകൽപ്പന എളുപ്പത്തിൽ പരിഷ്കരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി രോഗകാരികളെ കണ്ടെത്തുന്നതിനുള്ള സമയദൈർഘ്യം കുറക്കാനുള്ള ശ്രമങ്ങളിലാണ് സംഘം.

Tags:    
News Summary - Face Mask Which Can Detect Viral Exposure Within 10 Minutes Developed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.