ന്യൂഡൽഹി: യുവാക്കൾ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ രാജ്യത്ത് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) പഠന റിപ്പോർട്ട് പുറത്ത്. യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് കോവിഡ് വാക്സിൻ കാരണമാകുന്നില്ലെന്നും, വാക്സിൻ ചെറുപ്പക്കാർക്കിടയിൽ മരണ സാധ്യത കുറക്കുന്നുവെന്നുമാണ് പഠനഫലം. കുറഞ്ഞത് ഒരു ഡോസ് വാക്സിൻ സ്വീകരിക്കുന്നത് മരണ സാധ്യത കുറക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
2021 ഒക്ടോബർ 1 മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമുള്ള 47 ഹോസ്പിറ്റലുകളിലായി 18-45 വയസ് പ്രായമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി.
അതേസമയം, പെട്ടെന്നുള്ള മരണത്തിന്‍റെ കാരണമായി ഏതാനും കാര്യങ്ങളും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കുടുംബത്തിൽ പെട്ടെന്നുള്ള മരണത്തിന്‍റെ പാരമ്പര്യമുള്ളവർ, കോവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിക്കുന്നത്, ലഹരി വസ്തുക്കളുടെ അമിത ഉപയോഗം, കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവയാണ് പെട്ടെന്നുള്ള മരണ സാധ്യത വർധിപ്പിക്കുന്നതെന്ന് പഠനം പറയുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നേരത്തെ ഐ.സി.എം.ആറിന്‍റെ പഠനങ്ങളെ പറ്റി സംസാരിച്ചിരുന്നു. കോവിഡ് -19 ബാധിച്ചവർക്ക് അമിതഭാരം ഉണ്ടാവാൻ ഇടയുണ്ടെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ മൻസുഖ് മാണ്ഡവ്യ മുന്നറിയിപ്പ് നൽകിയിരുന്നു. നവരാത്രി ആഘോഷത്തിനിടെ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.