പാലക്കാട്: രാജ്യത്തെ യുവജനങ്ങളിൽ അർബുദ ബാധിതരുടെ എണ്ണം കൂടുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) പഠനം. കൗമാരക്കാരിലും യുവാക്കളിലുമാണ് രോഗം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 15നും 35നും ഇടയിൽ പ്രായമുള്ളവരിൽ വായ്-നാക്ക് അർബുദം, പുരുഷന്മാരിലെ രക്താർബുദം, സ്ത്രീകളിൽ സ്തന, തൈറോയ്ഡ് അർബുദം എന്നിവ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതായി പഠനം പറയുന്നു. 2025 ആകുമ്പോഴേക്കും കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ അർബുദ ബാധിതരുടെ എണ്ണം 1.78 ലക്ഷമായി ഉയരുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
15-39 വയസ്സ് പ്രായമുള്ളവരിൽ, അർബുദത്തിന് ഇരയാകാൻ സാധ്യതയുള്ളവർ പുരുഷന്മാരേക്കാൾ സ്ത്രീകളായിരിക്കും. 30-39 വയസ്സിനിടയിലുള്ള സ്ത്രീകളിലാണ് സ്തനാർബുദം, തൈറോയ്ഡ്, വായ, നാവ് എന്നിവയിലെ അർബുദങ്ങൾ എന്നിവ കൂടുതലായി കാണപ്പെടുന്നത്. അതേസമയം, നട്ടെല്ലുമായി ബന്ധപ്പെട്ട കേസുകൾ കുറഞ്ഞുവരുന്നതായും പഠനം പറയുന്നു. കൗമാരക്കാർക്കും യുവജനങ്ങൾക്കുമിടയിൽ അർബുദത്തെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കണമെന്നും പഠനം പറയുന്നു.
പുകയിലയും മദ്യവും ഉപയോഗിക്കാതിരിക്കുക, വ്യായാമം പതിവാക്കുക, ശരിയായ ശരീഭാരം നിലനിർത്തുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിച്ചാൽ ഇത്തരം കേസുകൾ ഒരു പരിധിവരെ തടയാനാവും.
മൂന്നുവർഷമായി രാജ്യത്ത് അർബുദവും അതുമൂലമുള്ള മരണനിരക്കും സ്ഥിരമായി വർധിക്കുന്നതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 2018ൽ 13,25,232ഉം 2019ൽ 13,58,415ഉം 2020ൽ 13,92,179 ഉം കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് അർബുദം മൂലമുള്ള മരണം 2018ൽ 7,33,139 ഉം, 2019ൽ 7,51,517ഉം ആയിരുന്നപ്പോൾ 2020ൽ അത് 7,70,230 ആയി ഉയർന്നു. 2020ൽ അർബുദരോഗികളുടെ എണ്ണം പുരുഷന്മാരിൽ 679,421 (100,000 ന് 94.1), സ്ത്രീകളിൽ 712,758 (100,000ന് 103.6) എന്നിങ്ങനെയാണ്. 68 പുരുഷന്മാരിൽ ഒരാൾക്ക് ശ്വാസകോശാർബുദവും 29ൽ ഒരു സ്ത്രീക്ക് സ്തനാർബുദവും പിടിപെടുന്നു.
കൂടാതെ, ഒമ്പത് ഇന്ത്യക്കാരിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് (0-74നും ഇടയിൽ പ്രായം) അർബുദം വരുന്നുണ്ടെന്നും നാഷനൽ കാൻസർ രജിസ്റ്ററി പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പഠനത്തിൽ പറയുന്നു. പുരുഷന്മാർക്ക് ശ്വാസകോശം, വായ, പ്രോസ്റ്റേറ്റ്, നാവ്, ആമാശയം എന്നിവയിലാണ് അർബുദ ബാധക്ക് കൂടുതൽ സാധ്യത. സ്ത്രീകൾക്ക് സ്തനം, ഗർഭാശയ ഗർഭാശയം, അണ്ഡാശയം, കോർപ്പസ് ഗർഭാശയം, ശ്വാസകോശം എന്നിവയിലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.