കോഴിക്കോട്: ശരീര ഭാരം കൂടുന്നതായി ഭയന്ന് ഭക്ഷണം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി വിദഗ്ധർ. കോവിഡ് ലോക്ഡൗണിനുശേഷമാണ് അനോറെക്സിയ നർവോസ എന്ന, ഭാരം കൂടുമെന്ന അമിതഭയത്താൽ ഭക്ഷണം ഉപേക്ഷിക്കുന്ന മാനസികാവസ്ഥയുള്ളവരുടെ എണ്ണം വർധിച്ചതെന്ന് മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം അസുഖബാധിതരുടെ എണ്ണം 15-30 ശതമാനം വർധിച്ചതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കണ്ണൂരിൽ കഴിഞ്ഞ ദിവസം പതിനെട്ടുകാരി മരിച്ചത് അനോറെക്സിയ അസുഖത്തെത്തുടർന്നാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
കൗമാരക്കാരിലും യൗവനത്തിന്റെ ആരംഭത്തിലുമാണ് അസുഖം പിടികൂടുക. 20നും 25നും ഇടയിലാണ് കൂടുതൽ പേരിലും രോഗം കണ്ടുവരുന്നതെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ അസോസിയറ്റ് പ്രഫസർ ഡോ. വർഷ പറഞ്ഞു. രോഗികളിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്. ഒമ്പതു പെൺകുട്ടികൾ അസുഖവുമായെത്തുമ്പോൾ ഒരു ആൺകുട്ടിയിൽ അസുഖം പിടിപെടുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, കോവിഡിനുശേഷം ബോഡി ബിൽഡിങ് പ്രവണത കൂടിയതും സമൂഹമാധ്യമങ്ങളുടെ സ്വാധീനവും അമിതമായ ശശീരസൗന്ദര്യ ആശങ്കകളും കാരണം ആൺകുട്ടികളിലും രോഗം കൂടിവരുന്നതായി ഡോ. വർഷ പറഞ്ഞു.
ശരീരഭാരം കുറക്കാൻ അപകടകരമാംവിധം ഭക്ഷണം കുറക്കുന്നതും കഠിന വ്യായാമങ്ങൾ ചെയ്യുന്നതുമാണ് രോഗികളുടെ ശീലം. ശരീരഭാരം കുറഞ്ഞ് ക്ഷീണിച്ചാലും ഇത്തരക്കാർക്ക് ശരീരത്തിന് അമിത ഭാരമുള്ളത് പോലെതോന്നും. ശരീരഭാരം വൻതോതിൽ കുറഞ്ഞ് സോഡിയം, പൊട്ടാസ്യം, ഫോസ്ഫേറ്റ് തുടങ്ങിയവയുടെ അളവും താഴ്ന്ന് ക്ഷീണിതനാവുമ്പോഴാണ് രോഗി ഗുരുതരാവസ്ഥയിലെത്തുന്നത്. രോഗാവസ്ഥ ഹൃദയം അടക്കം ആന്തരികാവയങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ തന്നെ ചികിത്സയും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഘട്ടംഘട്ടമായി മാത്രമേ ഇവരെ സാധാരണ ഭക്ഷണ ക്രമത്തിലേക്ക് തിരികെയെത്തിക്കാനാവൂവെന്നും ഡോ. വർഷ പറഞ്ഞു. 75 ശതമാനം കേസുകളിലും ആശുപത്രിവാസം ആവശ്യമാണ്.
ഭക്ഷണത്തോട് വിമുഖത കാണിക്കുക, ശരീര ഭാരം കുറയുക, പെൺകുട്ടികളിൽ ആർത്തവം ക്രമംതെറ്റുക, രക്ത സമ്മർദവും ഹൃദയമിടിപ്പും കുറയുക, തണുപ്പിനെ പ്രതിരോധിക്കാനുള്ള ശേഷി കുറയുക, ക്ഷീണം, തലകറക്കം, ചില പ്രത്യേക ഭക്ഷണങ്ങൾ മാറ്റിവെക്കുക, മറ്റുള്ളവരുടെ കൂടെയിരുന്ന് കഴിക്കാതിരിക്കുക, ഭക്ഷണം കഴിച്ച ഉടനെ ഛർദിക്കുക എന്നിവയാണ് പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ. ചിലരിൽ വിഷാദം, ഉത്കണ്ഠ, പൊതു ഇടങ്ങളിൽ നിന്ന് ഉൾവലിയൽ എന്നിവയും ഉണ്ടാകും. ആത്മഹത്യാ പ്രവണത കൂടും.
മരണസാധ്യത കൂടുതലുള്ള മാനസിക രോഗങ്ങളിൽ ഒന്നാണ് അനോറെക്സിയ നർവോസ. 5-10 ശതമാനം രോഗികൾക്ക് മരണം സംഭവിക്കാൻ സാധ്യതയുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിക്കുന്നത്. രോഗികളിൽ 11-12 ഇരട്ടി മരണസാധ്യത കൂടുതലാണ്. ആത്മഹത്യാ സാധ്യതാ നിരക്ക് 56 ശതമാനമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇത്തരം രോഗികളിലെ മരണത്തിൽ 20 ശതമാനവും ആത്മഹത്യയാണെന്നാണ് റിപ്പോർട്ട്.
കുട്ടികളുടെ, പ്രത്യേകിച്ച് കൗമാരക്കാരുടെയും യുവാക്കളുടെയും ശാരീരിക ഘടന സംബന്ധിച്ചുള്ള മോശം പരാമർശങ്ങൾ ഓഴിവാക്കൽ അവരെ രോഗാവസ്ഥയിൽനിന്ന് പ്രതിരോധിക്കുന്നതിൽ പ്രധാനമാണ്. ആത്മസ്വീകാര്യത പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ഭക്ഷണരീതിയെയും ഭക്ഷണ ക്രമീകരണത്തെക്കുറിച്ചും ബോധവത്കരിക്കുക, വ്യായാമം നല്ല ആരോഗ്യത്തിനും ഉന്മേഷത്തിനും വേണ്ടിയാണെന്നും ശരീരഭാരം കുറക്കാനല്ലെന്നും ബോധവത്കരിക്കുക, യാഥാർഥ്യബോധത്തോടെയല്ലാത്ത സൗന്ദര്യസങ്കൽപങ്ങളെയും സോഷ്യൽ മീഡിയ ഔട്ട്പുട്ടുകളെയും നിരുത്സാഹപ്പെടുത്തുക തുടങ്ങിയവയും പ്രധാനമാണെന്നും ഡോ. വർഷ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.