നീലേശ്വരം: മഴക്കാല രോഗങ്ങളും വൈറൽ പനിയും കാരണം നീലേശ്വരം ഗവ. താലൂക്കാശുപത്രിയിൽ രോഗികളുടെ തിരക്ക്. രാത്രിയിലെത്തുന്ന രോഗികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. രാത്രി നിലവിലെ ഡോക്ടറെ കൂടാതെ രണ്ടാമതൊരു ഡോക്ടറെ നിയമിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഞായറാഴ്ച വൈകീട്ടെത്തിയ രോഗികൾക്ക് ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിച്ചത്. ഇത് മൂലം പനി പിടിച്ച് എത്തിയ കുട്ടികൾ മുതൽ പ്രായമായവരുടെ നീണ്ട നിരയായിരുന്നു.
പനി കൂടുതലായവർ തിരക്ക് കാരണം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. രാത്രിയിൽ ഡോക്ടർ പരിശോധന കഴിഞ്ഞാൽ മരുന്ന് മറ്റൊരു സ്ഥലത്തായതിനാൽ ഇവിടേക്ക് ഇരുട്ടത്ത് തപ്പിത്തടഞ്ഞ് എത്തണം. ചുമക്കുള്ള മരുന്ന് വാങ്ങണമെങ്കിൽ അമ്പത് മീറ്റർ അകലെയുള്ള കടയിൽ റോഡ് മുറിച്ച് കടന്ന് കുപ്പി വാങ്ങി തിരികെ വന്ന് മരുന്ന് വാങ്ങണം. ദിവസേന മുന്നോറോളം രോഗികൾ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നു.
ആവശ്യത്തിന്റെ മൂന്നിലൊന്നു മാത്രമാണ് ഡോക്ടർമാരുടെ എണ്ണം. സൂപ്രണ്ട്, അഞ്ച് അസി.സർജന്മാർ, അത്യാഹിത വിഭാഗത്തിൽ നാല് മെഡിക്കൽ ഓഫിസർമാർ, ഒരു ശിശുരോഗ വിദഗ്ധൻ, ഒരു ഫിസിഷ്യൻ, ഒരു സ്ത്രീരോഗ വിദഗ്ധ, ഒരു ദന്ത ഡോക്ടർ എന്നിങ്ങനെയാണ് നിലവിലുള്ള തസ്തികകൾ.
കൂടുതൽ തസ്തികകൾ അനുവദിക്കണമെന്ന ആവശ്യവും ഉയർന്നു വരുന്നുണ്ട്. ആശുപത്രിയിൽ രാവിലെ മുതൽ പഴയ കെട്ടിടത്തിൽ തന്നെയാണ് ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നത്. എന്നാൽ കോടികൾ മുടക്കി പുതിയ കെട്ടിടത്തിൽ ഡോക്ടർമാരുടെ പരിശോധനയും ഫാർമസിയും മാറ്റിയാൽ മാത്രമെ രോഗികളുടെ ദുരിതം അവസാനിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.