ചെറുധാന്യ വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണത്തിനായികൃഷി വകുപ്പു മില്ലറ്റ് കഫേകൾ എന്ന പേരിൽഎല്ലാ ജില്ലകളിലും റസ്റ്റാറന്റ് തുടങ്ങുന്നു
ജീവിതശൈലി രോഗങ്ങൾക്ക് പ്രധാന കാരണം അശാസ്ത്രീയമായ ആഹാരക്രമമാണെന്നുള്ള തിരിച്ചറിവ് ഇന്നത്തെ ജനതക്കുണ്ട്. സംസ്കരിച്ചതും ബേക്ക് ചെയ്തതുമായ ഭക്ഷണം ഒഴിവാക്കി ആരോഗ്യദായകവും പോഷകദായകവുമായ ഭക്ഷണക്രമത്തിലേക്ക് ലോകം ചുവടുവെക്കുകയാണ്. ആരോഗ്യ ഭക്ഷണത്തിൽ സൂപ്പർഫൂഡ്സ് എന്നറിയപ്പെടുന്ന ചെറുധാന്യങ്ങൾ ഇന്ന് ശ്രദ്ധയാകർഷിച്ചു വരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്രസഭ തന്നെ 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുകയുണ്ടായി.
കേരളത്തിൽ 2017 മുതൽ മില്ലറ്റ് ഗ്രാമം പോലുള്ള പദ്ധതികൾ നടപ്പിലാക്കി വരുന്നുമുണ്ട്. ചെറുധാന്യങ്ങൾ ഇന്ന് പൊതുവിതരണ ശൃംഖലയുടെ കൂടി ഭാഗമാണ്. ഈ അവസരത്തിലാണ് ചെറുധാന്യ വിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണത്തിനായി റസ്റ്റാറന്റ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കൃഷി വകുപ്പു മില്ലറ്റ് കഫേ എന്ന ഒരു പദ്ധതിക്ക് രൂപം നൽകിയത്. എല്ലാ ജില്ലകളിലും മില്ലറ്റ് കഫേകൾ ആരംഭിക്കുന്നതിനാണ് കൃഷിവകുപ്പിന്റെ തീരുമാനം. മില്ലറ്റ് കഫേയുടെ ആദ്യ സംരംഭം തിരുവനന്തപുരത്ത് തുറന്നുകഴിഞ്ഞു.
മില്ലറ്റ് പഴംപൊരി മുതൽ തിന ബിരിയാണി വരെ
അരി, ഗോതമ്പ്, മൈദ എന്നിവ കൊണ്ടുണ്ടാക്കാവുന്ന എല്ലാവിഭവങ്ങളും ചെറുധാന്യങ്ങൾ കൊണ്ടും ഉണ്ടാക്കാമെന്നതാണ് സവിശേഷത. ഈ രീതിയിൽ പ്രാതൽ മുതൽ അത്താഴത്തിനുള്ള വിഭവങ്ങൾ വരെ സംയോജിപ്പിച്ച് ആരോഗ്യ ജീവിതത്തിന് ആരോഗ്യ ഭക്ഷണം എന്നതാണ് മില്ലറ്റ് കഫേകളുടെ വാഗ്ദാനം. മൈദക്കുപകരം മണിച്ചോളം കൊണ്ടുള്ള പൊറോട്ടയും നാടൻ കോഴിക്കറിയും, തിന കൊണ്ടുള്ള ബിരിയാണി, പശുവിൻ പാലിനുപകരം ബദാം മിൽക്ക്, പ്രഭാത ഭക്ഷണം ആയ ഇഡ്ഡലി, ദോശ, പുട്ട് എന്നിവയെല്ലാം ചെറുധാന്യങ്ങൾകൊണ്ട്, മില്ലറ്റ് കൊണ്ടുള്ള കഞ്ഞി, പുലാവ്, ഉപ്പുമാവ്, ചപ്പാത്തി തുടങ്ങി രുചിയിൽ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ തന്നെ മില്ലറ്റ് വിഭവങ്ങൾ.
ചെറുധാന്യങ്ങൾ ന്യൂട്രി സിറിയൽസ്
ആകുന്നതെങ്ങനെ?
●അന്നജം എളുപ്പത്തിൽ ഗ്ലൂക്കോസ് ആയി മാറുന്നില്ല, രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് കൂടുന്നില്ല.
●അരി, ഗോതമ്പ് വിളകളിൽ ഉള്ളതിനേക്കാൾ പ്രോട്ടീൻ കൂടുതൽ
●ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു
●അമിത വിശപ്പ് ഉണ്ടാകുന്നില്ല
●തവിടുകളയാത്ത ചെറുധാന്യങ്ങളിൽ നാരുകളുടെ അംശം കൂടുതലാണ്
●സൂക്ഷ്മ പോഷക ഘടകങ്ങളാൽ സമ്പന്നം
●ഫോളിക് അമ്ലം, ഇരുമ്പ്, തയാമിൻ, റൈബോഫ്ലാവിൻ, നിയാസിൻ ലൈസിൻ, വാലൈന്‍, ലീഗ്നിനുകൾ, കരോട്ടിനോയിഡുകൾ എന്നിവയാൽ സമ്പുഷ്ടം.
●ഗ്ലൂട്ടൺ രഹിത ഭക്ഷണങ്ങൾക്ക് ചെറുധാന്യങ്ങൾ ഉത്തമം
●ഗ്ലൈസീമിക് ഇൻഡക്സ് വളരെ കുറവ്
കഫേകളിൽ കേരള ഗ്രോ ബ്രാൻഡഡ് ഉൽപന്നങ്ങളും
ചെറുധാന്യങ്ങളുടെ വിവിധ മൂല്യവർധിത വിഭവങ്ങൾ മില്ലറ്റ് കഫേകളിൽ ലഭിക്കും. അതോടൊപ്പം കേരള ഗ്രോ ബ്രാൻഡഡ് ഉൽപന്നങ്ങളും ഉണ്ടാകും. കർഷകസംഘങ്ങൾ, എഫ്.പി.ഒകൾ, കൃഷിക്കൂട്ടങ്ങൾ, അഗ്രോ സർവിസ് സെന്ററുകൾ തുടങ്ങിയവരാകും കഫേകളുടെ പ്രവർത്തനം ഏകോപിപ്പിക്കുക. കേരള ഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ, കേരള ഗ്രോ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, മില്ലറ്റ് കഫേകൾ എന്നിവ ആദ്യഘട്ടത്തിൽ ഒരെണ്ണം വീതമായിരിക്കും 14 ജില്ലകളിലായി പൂർത്തീകരിക്കുക.
കേരളത്തിലെ കർഷകർ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ കേരള ഗ്രോ ഗ്രീൻ, കേരള ഗ്രോ ഓർഗാനിക് എന്നീ വിഭാഗങ്ങളായിട്ടായിരിക്കും വിപണിയിലെത്തിക്കുക. ജൈവരീതിയിലും ഉത്തമ കൃഷിമുറകൾ അവലംബിച്ചും ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളായിരിക്കും മൂല്യവർധനവ് നടത്തിയും അല്ലാതെയും ആവശ്യക്കാരിലേക്ക് എത്തിക്കുക. കൃഷിക്കൂട്ടങ്ങളുടെയും വകുപ്പിന്റെ കീഴിൽ രൂപവത്കരിച്ചിട്ടുള്ള മറ്റ് കാർഷിക ഗ്രൂപ്പുകളുടെയും വിവിധ ഉൽപന്നങ്ങൾക്ക് ഗുണമേന്മ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കേരള ഗ്രോ ബ്രാൻഡിങ് നൽകുന്നത്. കർഷകരുടെ വരുമാനവും ഉൽപന്നങ്ങളുടെ വിപണി സാധ്യതയും കൂട്ടാൻ ഇതിലൂടെ സാധ്യമാകും. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കര്‍ശന പരിശോധനക്കുകീഴില് സംസ്ഥാനത്തെ കര്‍ഷകര്‍ ഉൽപാദിപ്പിക്കുന്ന ജൈവ ഉല്പന്നങ്ങള് ആധികാരികതയോടുകൂടി പൊതുവിപണിയില്‍ ലഭ്യമാക്കുക എന്നതാണ് ബ്രാന്‍ഡിങ്ങിന്റെ ലക്ഷ്യം. കമീഷന് ഏജന്റുമാരോ ഇടനിലക്കാരോ ഇല്ലാത്തതിനാല്‍ ഉൽപാദകര്ക്ക് മികച്ച വില ലഭിക്കുകയും ഗുണഭോക്താക്കള്‍ക്ക് വിശ്വാസ്യതയോടെ ന്യായവിലക്ക് തനത് ഉല്പന്നങ്ങള് ലഭിക്കുകയും ചെയ്യും.
രുചിയേറും ചില മില്ലറ്റ് വിഭവങ്ങൾ
തിന മുറുക്ക്
ചേരുവകൾ: തിന അരി മാവ് - 100 ഗ്രാം, ചെറുപയർ പരിപ്പ് - 30 ഗ്രാം. ഉഴുന്ന് പരിപ്പ് 20 ഗ്രാം. ചുവന്ന മുളക് പൊടി - 2 ഗ്രാം,, അജ്വെയിന്വിത്തുകൾ - 1 ഗ്രാം, മഞ്ഞള്‍പ്പൊടി - 2 ഗ്രാം, പപ്പട്ഖര് - 5 ഗ്രാം, ഉപ്പ് - 1 ഗ്രാം, എള്ള്- 3 ഗ്രാം.
തയാറാക്കുന്ന രീതി: എല്ലാ ചേരുവകളും ഒരു പാത്രത്തിൽ കലർത്തി ചൂടുവെള്ളം ചേർത്ത് പതുക്കെ മാവുപോലെയാക്കുക. നന്നായി വറുക്കാൻ അടിഭാഗം കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് എണ്ണ ചൂടാക്കിക്കഴിഞ്ഞാൽ കുഴച്ച മാവ് ഉണ്ടാക്കുന്ന സേവനാഴിയിൽ നിറക്കുക. സേവനാഴി നേരിട്ട് എണ്ണയുടെ മുകളിൽ വെച്ചുകൊണ്ട് അമർത്തി മാവ് എണ്ണയിലേക്ക് പിഴിയുക. നന്നായി മൊരിയുന്നതുവരെ സ്പൂൺ കൊണ്ട് ഇളക്കുക. എണ്ണയുടെ തിള നിൽക്കുമ്പോൾ പാകമായ മുറുക്ക് കോരിയെടുക്കുക. മുറുക്ക് ടിഷ്യൂ പേപ്പറിൽ ഇട്ട് എണ്ണ കളയുക.
കവടപ്പുല്ല് പുലാവ്
ചേരുവകൾ: കവടപ്പുല്ല് അരി - 100 ഗ്രാം. സവാള - 1 എണ്ണം, കാരറ്റ്-1 എണ്ണം, ബീൻസ്-1 എണ്ണം, ഉരുളക്കിഴങ്ങ്-1 എണ്ണം, പച്ചമുളക് 3 എണ്ണം, കുരുമുളക് പൊടി -1 ടീ സ്പൂൺ, കശുവണ്ടിപ്പരിപ്പ്-10 ഗ്രാം, ഗ്രാമ്പു- ഏലം കറുവപ്പട്ട- 4 എണ്ണം വീതം ഓരോന്നിലും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ, കറിവേപ്പില - 2 തണ്ട്, ഉപ്പ് - ആവശ്യത്തിന്, വെള്ളം-ആവശ്യത്തിന്.
തയാറാക്കുന്ന രീതി: ഒരു വലിയ പാത്രത്തിൽ കവടപ്പുല്ല് അരി 30 മിനിറ്റ് മുക്കിവെക്കുക. ഒരു പ്രഷർ കുക്കറിൽ അൽപം എണ്ണയൊഴിച്ച് എല്ലാ മസാലകളും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റിനൊപ്പം വഴറ്റുക. ശേഷം അരിഞ്ഞ പച്ചക്കറികൾ ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക. മുകളിലെ പച്ചക്കറി മിശ്രിതത്തിലേക്ക് കുതിർത്ത മില്ലറ്റ് അരി ചേർത്ത് മൂന്നു മിനിറ്റ് ഇളക്കുക. നാലുകപ്പ് വെള്ളം ചേർത്ത് 5-6 വിസിൽ വരെ വേവിക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ച് റെയ്തയോടൊപ്പം വിളമ്പുക.
മണിച്ചോളം ഹൽവ
ചേരുവകൾ: മണിച്ചോളം (സോർഗം) പൊടി ഒരു കപ്പ്, ശർക്കര 1 കപ്പ്, നെയ്യ് 1 കപ്പ്, പാൽ ഒരു കപ്പ്. ഉണങ്ങിയ പഴങ്ങൾ ഡ്രൈഫ്രൂട്ട്സ് -1/4 കപ്പ്
തയാറാക്കുന്ന രീതി : പാനിൽ സോർഗം മാവ് നെയ്യിൽ പച്ചമണവും നിറവും മാറുന്നതുവരെ വറുത്തെടുക്കുക. മിശ്രിതത്തിലേക്ക് പാൽ ചേർത്ത് ചെറിയ തീയിൽ 5-10 മിനിറ്റ് വേവിക്കുക. സോസ് പാനിൽ 1 ടീസ്പൂൺ വെള്ളം ചേർത്ത് ചെറിയ തീയിൽ ശർക്കര ഉരുക്കുക. ഉരുക്കിയ ശർക്കര ഒരു നുള്ള് നെയ്യ് എന്നിവ ചേർത്ത് കട്ടകെട്ടാതെ കട്ടിയുള്ള സാന്ദ്രത (കൺസിസ്റ്റൻസി) ആകുന്നതുവരെ നന്നായി ഇളക്കുക. തയാറാക്കിയ മാവ് ഒരു അച്ചിൽ ഒഴിച്ച് കട്ടിയാകാൻ അനുവദിക്കുക. ചെറിയ കഷണങ്ങളാക്കിയ ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച് വിളമ്പുക.
സംരംഭകത്വ സാധ്യതകളും നിരവധി
ആരോഗ്യ സംരക്ഷണത്തിന് പ്രാമുഖ്യം നൽകുന്ന തലമുറയാണ് ഇന്നുള്ളത് എന്ന തുകൊണ്ടുതന്നെ ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട സംരംഭങ്ങൾ തുടങ്ങുന്നതിനും യുവാക്കൾ മുന്നിട്ടിറങ്ങുന്നുണ്ട്. ചെറുധാന്യങ്ങളുടെ മൂല്യവർധിത ശൃംഖലയുമായി ബന്ധപ്പെട്ട് 500 ലധികം സ്റ്റാർട്ടപ്പുകൾ തന്നെ രംഗത്തുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരതീയ ചെറുധാന്യ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.ഐ.എം.ആർ) ഇതിൽ നിന്നും 250 സ്റ്റാർട്ടപ്പുകളെ അവരുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ചെറുധാന്യങ്ങളുടെ മൂല്യവർധിത ശൃംഖലയുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ ആശയങ്ങൾ രൂപകൽപന ചെയ്തു നൽകുന്ന സ്റ്റാർട്ടപ്പുകൾക്ക് നല്ല ധനസഹായം സീഡ്ഗ്രാന്റ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുമുണ്ട്. ചെറുധാന്യ വിഭവങ്ങളുടെ കയറ്റുമതി പ്രോത്സാഹനത്തിനായി ന്യൂട്രി സിറിയൽസ് എക്സ്പോർട്ട് പ്രമോഷൻ ഫോറത്തിൽ ചെറുധാന്യങ്ങളെ കൂടി ഉൾപ്പെടുത്തിയതും സഹായകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.