ഒറ്റപ്പാലം: കോവിഡ് മഹാമാരിയുടെ ആഘാതം കുറഞ്ഞതോടെ സ്ഥിതി വിവര കണക്കുകൾ മാഞ്ഞെങ്കിലും രോഗ വിവരത്തിന്റെ നാൾ വഴികൾ കൃത്യമായി സൂക്ഷിച്ച് ശ്രദ്ധേയനാവുകയാണ് എൻ.സി. കൃഷ്ണപ്രസാദ് എന്ന 42 കാരൻ. 2020 ഏപ്രിൽ ഒന്ന് മുതൽ 2022 ഡിസംബർ 30 വരെ കോവിഡ് സംബന്ധമായ വിവര ശേഖരണത്തിൽ ആയിരം ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ് പാഴമ്പാലക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്ലാർക്കും പാലപ്പുറം നിവാസിയുമായ ഇദ്ദേഹം.
വിനോദത്തിനായി തുടങ്ങി കളി കാര്യമായ ചരിത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. കോവിഡ് സംബന്ധമായ സ്ഥിതി വിവരക്കണക്കുകൾക്കായി ദേശീയ പത്രങ്ങൾ ഉൾെപ്പടെ മുൻനിര ചാനലുകാരും ഐ.എം.എയും ഗവേഷകരും ആശ്രയിക്കുന്നത് കൃഷ്ണപ്രസാദിനെയാണ്. കോവിഡ് കണക്കെടുപ്പിന്റെ ആയിരം ദിനങ്ങൾ പൂർത്തിയാകുമ്പോൾ രാജ്യത്ത് ആകെയുണ്ടായ കോവിഡ് കേസ് 4,46,79,380 ആണ്. ഇതിൽ മുന്നിട്ട് നിൽക്കുന്നത് മഹാരാഷ്ട്രയാണ്. 81,36,633 രോഗികളും 1,48,417 മരണവും. രണ്ടാം സ്ഥാനം കേരളത്തിനാണ്. 68,28,385 രോഗികളും സ്ഥിരീകരിച്ച മരണം 71,566 ഉം. ഏറ്റവും കുറഞ്ഞ മരണം ദാമൻ ആൻഡ് ദിയു- നാല് മാത്രം. അന്തമാൻ നിക്കോബാർ ദ്വീപിൽ ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 10,746 ആണ്. ബിഹാർ, യു.പി, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരിശോധനയും കേസുകളുടെ റിപ്പോർട്ടിങ്ങും സുതാര്യമായതിനാലാകാം കേരളത്തിന് രണ്ടാം സ്ഥാനം ലഭിക്കാൻ കാരണമെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
വിദേശ രാജ്യങ്ങളുടെ കോവിഡ് കണക്കുകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. ജോലി സമയത്തിന് മുമ്പും ശേഷവും അധിക സമയം ചെലവിട്ടാണ് ശ്രമകരമായ ദൗത്യം കൃഷ്ണപ്രസാദ് പൂർത്തിയാക്കുന്നത്. സഹായത്തിന് ഭാര്യ പത്തിരിപ്പാല ജി.വി.എച്ച്.എസ് സ്കൂൾ അധ്യാപക ആശയും കുടുംബാംഗങ്ങളും കൂടെയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.