ജീവിതശൈലീരോഗ നിർണയ കാമ്പയിൻ; അർബുദ സാധ്യത കണ്ടെത്തിയത് 81,000 പേരിൽ

തൊടുപുഴ: ആരോഗ്യവകുപ്പ് നേതൃത്വത്തിൽ വീട് കയറിയുള്ള ജീവിതശൈലീരോഗ നിർണയ കാമ്പയിനിൽ ഇതിനകം അർബുദ സാധ്യത കണ്ടെത്തിയത് 81,484 പേരിൽ. ഇവരിൽ കൂടുതലും സ്ത്രീകളാണ്. ജീവിതശൈലീരോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കാൻ നടന്നുവരുന്ന കാമ്പയിനിലാണ് മാരകരോഗം ബാധിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തിയത്. ഇവർക്ക് തുടർ രോഗനിർണയത്തിനായി വിദഗ്ധ പരിശോധന നിർദേശിച്ചിരിക്കുകയാണ്.

'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന പേരിൽ രണ്ടു മാസം മുമ്പ് തുടങ്ങിയ കാമ്പയിന്‍റെ ഭാഗമായി ഇതിനകം സംസ്ഥാനത്ത് 10.70 ലക്ഷം പേരെ വീടുകളിലെത്തി ജീവിതശൈലീരോഗ നിർണയ പരിശോധനക്ക് വിധേയരാക്കി. ഇതിൽ 20.45 ശതമാനം പേരെ അർബുദം, ക്ഷയം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ സാധ്യതയുള്ളവരായി കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പ്രത്യേക ക്യാമ്പുകൾ വഴി വിദഗ്ധ പരിശോധന നടത്താനാണ് തീരുമാനം. 67,320 പേർക്ക് സ്തനാർബുദ നിർണയ പരിശോധനയും 4250 പേർക്ക് വായിലെയും 12,109 പേർക്ക് കഴുത്തിലെയും അർബുദത്തിനുള്ള പരിശോധനയുമാണ് നിർദേശിച്ചിട്ടുള്ളത്. 44,146 പേർക്ക് ശ്വാസകോശം, 12,247 പേർക്ക് ക്ഷയം എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധ പരിശോധന ആവശ്യമാണ്. പരിശോധനക്ക് വിധേയരായ 1,19,544 പേർക്ക് ഉയർന്ന രക്തസമ്മർദവും 94,199 പേർക്ക് പ്രമേഹവും 42,822 പേർക്ക് രണ്ടും കൂടിയുമുള്ളതായും കണ്ടെത്തി.

അർബുദ പരിശോധന നിർദേശിക്കപ്പെട്ടവരുടെ എണ്ണത്തിൽ തൃശൂർ, മലപ്പുറം, ആലപ്പുഴ, കോഴിക്കോട് ജില്ലകളാണ് മുന്നിൽ. രോഗസാധ്യതയുള്ളവർക്ക് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും കാമ്പയിന്‍റെ ഭാഗമാണ്. 30 വയസ്സിന് മുകളിലുള്ളവർക്കാണ് ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി ജീവിതശൈലീരോഗ നിർണയ പരിശോധന നടത്തുന്നത്. അർബുദംപോലുള്ള രോഗങ്ങൾ നേരത്തേ കണ്ടെത്താൻ കഴിയുന്നതുവഴി ഫലപ്രദമായ ചികിത്സയും രോഗമുക്തിയും ഉറപ്പാക്കാൻ കഴിയുന്നു എന്നത് കാമ്പയിന്‍റെ നേട്ടമാണ്.

Tags:    
News Summary - Lifestyle Disease Prevention Campaign; Cancer risk was found in 81,000 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.