ലോകാരോഗ്യ സംഘടന എംപോക്സ് രോഗവ്യാപനത്തെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായി ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. എന്നാൽ, ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കാരണമായ ക്ലേഡ് 1 വൈറസല്ല ഇന്ത്യയിൽ സ്ഥിരീകരിച്ചത്. തീവ്രത കുറഞ്ഞ ക്ലേഡ് 2 വൈറസാണ് സ്ഥിരീകരിച്ചത്.
എംപോക്സ് വ്യാപനമുണ്ടായ രാജ്യത്തുനിന്ന് യാത്ര ചെയ്തെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് ഡൽഹിയിൽ ചികിത്സയിലാണ്. 2022 ജൂലൈക്ക് ശേഷം ഒറ്റപ്പെട്ട 30 എംപോക്സ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പുതിയ കേസ് സമാനമായതാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. നിലവിലെ രോഗ സ്ഥിരീകരണം പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കുന്നില്ലെങ്കിലും എംപോക്സിനെ കുറിച്ചും രോഗവ്യാപന, പ്രതിരോധ മാർഗങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്.
നേരത്തെ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. ഇപ്പോള്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നുണ്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്.
കോവിഡ്, എച്ച്1 എന്‍1പോലെ വായുവിലൂടെ പകരുന്ന രോഗമല്ല എംപോക്സ്. രോഗം ബാധിച്ചവരുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് തൊടുക, ലൈംഗികബന്ധം, കിടക്കയോ വസ്ത്രമോ തൊടുക, സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗം പകരാം.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണുക. പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നിവിടങ്ങളിലും ഇവ കാണാം.
അസുഖബാധിതരായ ആള്‍ക്കാരുമായി സുരക്ഷ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്നവര്‍ക്കാണ് എംപോക്സ് പകരുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയവരെ പരിചരിക്കുന്നവരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ നിർബന്ധമായും സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.