ന്യൂഡൽഹി: ആഫ്രിക്കക്ക് പുറത്ത് എംപോക്സിന്റെ ശക്തമായ വകഭേദം ആദ്യമായി സ്ഥിരീകരിച്ചു. സ്വീഡനിലാണ് രോഗബാധയുണ്ടായിരിക്കുന്നത്. അടുത്ത് ഇടപഴകുന്നതിലൂടെ രോഗബാധ മറ്റുള്ളവരിലേക്ക് പകരുന്നത്. അതിവേഗത്തിൽ മറ്റുള്ളവരിലേക്ക് എത്തുന്ന വകഭേദമാണ് സ്വീഡനിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
ആഫ്രിക്കയിലുണ്ടായിരുന്നയാൾക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് സ്വീഡിഷ് പബ്ലിക് ഹെൽത്ത് ഏജൻസി ഡയറക്ടർ ജനറൽ ഒലിവിയ വിഗ്സെൽ പറഞ്ഞു. കഴിഞ്ഞ ദിവസം എംപോക്സിൽ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്ന രോഗത്തെ ഗ്രേഡ് 3 എമർജൻസി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.എച്ച്1 എൻ1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവക്കാണ് ഇതുവരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
ആഫ്രിക്കയിൽ മാത്രം 15,000 പേർ രോഗികളായപ്പോൾ 461 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ വർഷത്തേതിനേക്കാൾ 160 ശതമാനമാണ് രോഗ വർധന.
1958-ൽ ഡെന്മാർക്കിലെ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. മനുഷ്യരിൽ ആദ്യമായി എംപോക്സ് രോഗം റിപ്പോർട്ട് ചെയ്തത് 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസ്സുകാരനിലാണ്. 2022 മുതൽ മങ്കി പോക്സ് വ്യാപനമുണ്ടെങ്കിലും അടുത്തിടെയാണ് തീവ്രമായത്. അതേ വർഷം ഇന്ത്യയിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ 35 വയസ്സുള്ളയാളിലാണ്.
രോഗം ബാധിച്ച മൃഗങ്ങൾ, രോഗിയുടെ ശരീരസ്രവങ്ങൾ, മലിനമായ വസ്തുക്കൾ എന്നിവയുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. മിക്ക ആളുകളും നേരിയ ലക്ഷണങ്ങളാണ് കാണാറ്. എന്നാൽ ചിലർക്ക് വൈദ്യസഹായം ആവശ്യമായ ഗുരുതര സ്വഭാവത്തിലേക്ക് മാറാറുണ്ട്. കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.