ചെറുതോണി: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ ചുരുളി, പഴയരിക്കണ്ടം ഗവ. മാതൃക ഹോമിയോ ഡിസ്പെൻസറികളുടെ മികച്ച സേവനങ്ങൾക്ക് ദേശീയ അംഗീകാരം ലഭിച്ചു. ആദ്യമായാണ് ഒരു പഞ്ചായത്തിലെ രണ്ട് ഹോമിയോ ഡിസ്പെൻസറികൾക്കും ഒരുമിച്ച് ഈ അംഗീകാരം ലഭിക്കുന്നത്. നാഷനൽ അക്രെഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻ.എ.ബി.എച്ച്) എൻട്രി ലെവൽ സർട്ടിഫിക്കേഷനാണ് സ്ഥാപനത്തിന് ലഭിച്ചത്.
രോഗികൾക്ക് സൗകര്യം ഒരുക്കുന്നതിന് മികവ് പുലർത്തിയതിനാണ് അവാർഡ്. കേന്ദ്ര വിദഗ്ധ സംഘം ആശുപത്രിയിലെ സൗകര്യങ്ങൾ പരിശോധിച്ച് വിലയിരുത്തിയാണ് അക്രഡിറ്റേഷൻ അനുവദിച്ചത്.
ഡിസ്പെൻസറിയിൽനിന്നുള്ള സേവനം, അടിസ്ഥാന സൗകര്യം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, രജിസ്റ്ററുകളുടെ കൃത്യത, മെഡിക്കൽ ക്യാമ്പുകൾ, മരുന്ന് സംഭരണം, വിതരണം, ശുചിത്വം, അനുബന്ധ സേവനങ്ങൾ തുടങ്ങിയവയാണ് എൻ.എ.ബി.എച്ച് അക്രെഡിറ്റേഷന്‍ പരിഗണിച്ചത്.
പഴയരിക്കണ്ടത്ത് നൂറുകണക്കിനു രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. മെഡിക്കൽ ഓഫിസർ ഡോ. ജസീലയുടെ നേതൃത്വത്തിൽ എല്ലാ രോഗികളേയും പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകിയാണ് വിടുന്നത്. ആയുഷ് മിഷന്റെ സഹകരണത്തോടെ രണ്ടു ആശുപത്രികളിലും സൗജന്യ യോഗ പരിശീലനം, ലാബ് സൗകര്യം, സ്പെഷ്യൽ ഒപി എന്നിവ പ്രവർത്തിച്ചുവരുന്നു. ചുരുളി മെഡിക്കൽ ഓഫിസർ ഡോ. ഭരത് പ്രവീൺ, പഴയരിക്കണ്ടം മെഡിക്കൽ ഓഫീസർ ഡോ. വി. ജസീല എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.