അർബുദം എന്ന മാരകരോഗത്തെ വലിയ അളവിൽ തിരിച്ചറിഞ്ഞിട്ടുണ്ട് ശാസ്ത്രലോകം. വിവിധ അർബുദങ്ങൾക്ക് ഇന്ന് ഫലപ്രദമായ ചികിത്സയും ലഭ്യമാണ്. എന്നാൽ, ഒരിക്കൽ അർബുദത്തിൽനിന്ന് മുക്തിനേടിയ വ്യക്തിയിൽ വീണ്ടും രോഗം വരാനുള്ള സാധ്യത ഒട്ടും ചെറുതല്ല; രോഗത്തിന്റെ രണ്ടാം വരവ് എങ്ങനെ തിരിച്ചറിയാമെന്നതും പ്രതിരോധിക്കുമെന്നതും ഇപ്പോഴും വൈദ്യശാസ്ത്രമേഖലയിൽ വലിയൊരു സമസ്യയായി തുടരുകയാണ്. ഈ അനിശ്ചിതത്വത്തിന് വലിയൊരളവിൽ പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ഇന്ത്യൻ ഗവേഷകർ. മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.
കഴിഞ്ഞ പത്തുവർഷത്തെ ഗവേഷണത്തിനൊടുവിൽ സംഘം ഒരു ടാബ്ലറ്റ് വികസിപ്പിച്ചു. അർബുദത്തിന്റെ രണ്ടാം വരവിനെ തടയാനും നിലവിൽ ചികിത്സയിലുള്ള രോഗികൾക്ക് കീമോ തെറപ്പി, റേഡിയേഷൻ തുടങ്ങിയവമൂലമുണ്ടാകുന്ന പാർശ്വഫലങ്ങൾ 50 ശതമാനം വരെ കുറക്കാനും കഴിയുന്നതാണ് പുതിയ ഗുളിക.
എലികളിൽ നടത്തിയ സവിശേഷ പഠനത്തിനൊടുവിലാണ് ഗവേഷക സംഘം മരുന്ന് കണ്ടുപിടിച്ചത്. പരീക്ഷണം ഇങ്ങനെയായിരുന്നു: മനുഷ്യ അർബുദ കോശം ആദ്യം എലിയിൽ സന്നിവേശിപ്പിച്ച് കാൻസർ രോഗിയാക്കി. തുടർന്ന്, എലിക്ക് റേഡിയേഷൻ, കീമോ, സർജറി എന്നിവയിലൂടെ രോഗം ഭേദമാക്കി. ചികിത്സയിലൂടെ ഒരു അർബുദ കോശം മരിച്ചുകഴിഞ്ഞാൽ, അത് ക്രൊമാറ്റിൻ എന്ന കുഞ്ഞു കഷ്ണങ്ങളായി വിഘടിക്കുന്നതായി ഗവേഷകർ കണ്ടെത്തി. ക്രൊമാറ്റിനുകൾക്ക് രക്തത്തിലൂടെ ശരീരത്തിന്റെ മുഴുവൻ ഭാഗങ്ങളിലേക്കും സഞ്ചരിക്കാനും ആരോഗ്യമുള്ള കോശങ്ങളിൽ പ്രവേശിക്കാനും കഴിയും. ഇതാണ് വീണ്ടും അർബുദം വരാനുള്ള കാരണം. ക്രൊമാറ്റിനുകൾ ക്രോമസോമുകളുമായാണ് ബന്ധിക്കുന്നതെങ്കിൽ മറ്റൊരു അർബുദ രോഗമായി മാറാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ, ക്രൊമാറ്റിൻ ശകലങ്ങളെ എത്രയും വേഗം നശിപ്പിച്ചുകളയുക എന്നതാണ് പ്രതിവിധിയെന്ന് മനസ്സിലാക്കിയ ഗവേഷകർ ഇതിനായുള്ള ശ്രമം ആരംഭിച്ചു.
പരീക്ഷണാർഥം, മുന്തിരിയിലും മറ്റും ധാരാളമായി അടങ്ങിയിട്ടുള്ള റെസ് വെററ്റോളും കോപ്പറും (ആർ+സി.യു) ചേർത്ത ഒരു ഓക്സീകാരി മരുന്ന് വികസിപ്പിച്ച് എലിക്ക് വായിലൂടെ നൽകി. ഓക്സിജൻ റാഡിക്കലുകൾ നിർമിച്ച് ക്രൊമാറ്റിനെ നശിപ്പിക്കാനായിരുന്നു ഇത്. പക്ഷേ, നശിപ്പിക്കാനായില്ലെങ്കിലും ക്രൊമാറ്റിനുകളുടെ സഞ്ചാരം നിയന്ത്രിക്കാൻ ഇതുമൂലം സാധിച്ചു. കീമോ തെറാപ്പിയുടെ പാർശ്വഫലം ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്.
പരീക്ഷണം വിജയിച്ചതോടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ) അംഗീകാരത്തിനായി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ഗവേഷക സംഘം. ഒരു ടാബ്ലറ്റിന് വില കണക്കാക്കിയിരിക്കുന്നത് നൂറു രൂപ മാത്രമാണ്. നിലവിൽ അർബുദ ചികിത്സക്ക് ലക്ഷങ്ങൾ ചെലവുവരും. പുതിയ മരുന്ന് വരുന്നതോടെ ചെലവ് ഗണ്യമായി കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.