പൊഴുതന: തോട്ടം മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ ചികിത്സ തേടിയെത്തുന്ന പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. ദിനംപ്രതി നൂറോളം പേർ ഇവിടെ ചികിത്സ തേടി എത്താറുണ്ട്. ജലജന്യ രോഗങ്ങൾ വർധിക്കാൻ തുടങ്ങിയതോടെ രോഗികളുടെ എണ്ണത്തിലും വർധനയാണ്.
ഇതോടെ ചികിത്സ തേടിയെത്തുന്നവർക്ക് മണിക്കൂറുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഡോക്ടർമാരുടെ എണ്ണം കുറയുമ്പോൾ പകൽ ഒ.പിയിൽ എത്തുന്നവരിൽ പകുതിയോളം പേർക്ക് വൈത്തിരി താലൂക്ക് ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത് സായാഹ്ന ഒ.പി ലക്ഷ്യമാക്കി വരുന്ന രോഗികൾക്കു പ്രയാസമുണ്ടാക്കുന്നു.
വയോജന ക്ലിനിക്, കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് എന്നിവയുള്ള ദിവസങ്ങളിൽ ഒ.പിയിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാണ്. ഇവിടെ സ്ഥിരം ഡോക്ടർമാരിൽ രണ്ടുപേർ അവധിയിലാണ്. പലപ്പോഴും ഒരു ഡോക്ടറെ കൊണ്ടുവേണം സായാഹ്ന ഒ.പിയടക്കം പ്രവർത്തിക്കാൻ. ഇതിൽ ഡോക്ടർമാർ അവധിയിൽ പോകുന്നതും മറ്റു പലകാരണങ്ങളാലും ഞായറാഴ്ച ഒ.പി ഉണ്ടാവാറില്ല. കൂടാതെ, രോഗികൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും സൗകര്യമില്ല.
ആശുപത്രിക്ക് സമീപം നിർമിച്ച ടോയിലറ്റ് സമുച്ചയം നോക്കുകുത്തിയായിക്കിടക്കുകയാണ്. കൽപറ്റ, വൈത്തിരി സർക്കാർ ആശുപത്രികളിലെ തിരക്ക് കാരണം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നതായും ചികിത്സതേടി വരുന്നവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.