ന്യൂഡൽഹി: കൊറോണ വൈറസിെൻറ പുതിയ വകഭേദമായ ഒമിക്രോൺ സൗദി അറേബ്യയിലും റിപ്പോർട്ടു ചെയ്തതിനിടയിൽ, വിമാനത്താവളങ്ങളിലെ പരിശോധന കർക്കശമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
വിദേശ യാത്രക്കാരിൽ ഒമിക്രോൺ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്താൻ ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങി രാജ്യത്തെ വിമാനത്താവളങ്ങളിൽ പ്രത്യേകമായി ആർ.ടി പി.സി.ആർ പരിശോധന തുടങ്ങി. നെതർലൻഡ്സ്, യു.കെ എന്നിവിടങ്ങളിൽ നിന്ന് ബുധനാഴ്ച പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയവരിൽ നാലു പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.
ടെസ്റ്റ് പോസിറ്റിവായതോടെ, ഐസൊലേഷന് പ്രത്യേക ക്രമീകരണമുള്ള എൽ.എൻ.ജെ.പി ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു. ജനിതക ശ്രേണീകരണത്തിന് സാമ്പ്ൾ ലബോറട്ടറിയിലേക്ക് അയച്ചു. ആംസ്റ്റർഡാമിൽ നിന്നും ലണ്ടനിൽ നിന്നുമുള്ള നാലു വിമാനങ്ങളിലായി 1013 യാത്രക്കാരാണ് രാത്രി 12നും രാവിലെ ആറിനുമിടയിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. കോവിഡ് പോസിറ്റിവായ നാലു പേരും ഇന്ത്യക്കാരാണ്.
പ്രത്യേക പരിശോധന നടത്തുന്നതിനാൽ എല്ലാ വിമാനത്താവളങ്ങളിലും വിദേശത്തു നിന്നെത്തുന്ന യാത്രക്കാർ പുറത്തിറങ്ങാനോ അടുത്ത വിമാനത്തിൽ കയറാനോ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. രണ്ടു വിധത്തിലുള്ള പരിശോധനകൾ അനുവദിച്ചിട്ടുണ്ട്. ആർ.ടി.പി.സി.ആർ പരിശോധന ഫലം കിട്ടാൻ ചുരുങ്ങിയത് ആറു മണിക്കൂർ കാത്തിരിക്കണം. ഒരാൾക്ക് 500 രൂപ; റാപിഡ് പി.സി.ആറിന് 3,900 രൂപ. ഇതിെൻറ ഫലം ഒരു മണിക്കൂർ കൊണ്ടു കിട്ടും. ചെലവ് യാത്രക്കാരൻ തന്നെ വഹിക്കണം.
ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുത്തിയ പുതിയ നിബന്ധനകൾ പ്രകാരം 'അറ്റ് റിസ്ക്' രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ആർ.ടി പി.സി.ആർ വിമാനത്താവളത്തിൽ നടത്തി, അതിെൻറ നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിച്ചാൽ മാത്രമാണ് പുറത്തേക്കു വിടുന്നത്. മറ്റേതെങ്കിലും സ്ഥലത്തേക്കുള്ള വിമാനത്തിൽ കയറാനും ഈ സർട്ടിഫിക്കറ്റ് വേണം.
മുംബൈയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും 48 മണിക്കൂറിനകം ആർ.ടി. പി.സി.ആർ നടത്തിയതിെൻറ സർട്ടിഫിക്കറ്റ് വേണം. അടിയന്തര യാത്രക്കാർക്ക് വിമാനത്താവളത്തിൽ തന്നെ ഇതിനു ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിവിധ സംസ്ഥാനങ്ങളിൽ പുതിയ പരിശോധന, നിരീക്ഷണ ക്രമീകരണങ്ങൾക്ക് ഒരേ രീതിയല്ല.കേന്ദ്രം നൽകിയ മാർഗനിർദേശങ്ങൾ പ്രകാരം ക്രമീകരണം ഏർപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രാലയം മഹാരാഷ്ട്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര വിമാന സർവിസ് 15ന് തുടങ്ങില്ല
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവിസുകൾ കോവിഡ്കാലത്തിന് മുെമ്പന്നപോലെ ഈ മാസം 15 മുതൽ പുനരാരംഭിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ മാറ്റിവെച്ചു. ഒമിേക്രാൺ വ്യാപനം മുൻനിർത്തിയാണിത്. വിദേശത്തേക്കും തിരിച്ചുമുള്ള പതിവു സർവിസുകൾ പുനരാരംഭിക്കുന്ന കാര്യം വിശദമായ വിലയിരുത്തലിനുശേഷം പിന്നീട് തീരുമാനിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.അന്താരാഷ്ട്ര വിമാന സർവിസുകൾ മുടങ്ങിയിട്ട് 20 മാസത്തോളമായി. എയർ ബബ്ൾ അടിസ്ഥാനത്തിൽ വിദേശത്തേക്കും പുറത്തേക്കുമുള്ള പ്രത്യേക യാത്ര ക്രമീകരണങ്ങൾ അതേപടി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.