ന്യൂഡൽഹി: മതിയായ സൗകര്യങ്ങളുള്ള ആശുപത്രിയിൽ സൂര്യാസ്തമയത്തിനുശേഷവും ഇനി പോസ്റ്റ്മോർട്ടം നടത്താം. എന്നാൽ നരഹത്യ, ആത്മഹത്യ, ബലാത്സംഗക്കൊല, അഴുകിയ ജഡങ്ങൾ, സംശയാസ്പദ മരണം എന്നിവയുടെ കാര്യത്തിൽ നിലവിലെ വ്യവസ്ഥക്ക് മാറ്റമില്ല.
ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്ന വ്യവസ്ഥയാണ് അവസാനിപ്പിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ വിശദീകരിച്ചു.
മുഴുസമയവും പോസ്റ്റ്മോർട്ടം നടത്താം. രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താൻ പാകത്തിൽ അത്തരം ആശുപത്രികളിൽ മതിയായ വെളിച്ചം ലഭ്യമാക്കുന്നതടക്കം അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടായിരിക്കണം. അടിസ്ഥാന സൗകര്യമുണ്ടെന്ന് ആശുപത്രി ചുമതല വഹിക്കുന്ന ഓഫിസറാണ് ഉറപ്പുവരുത്തേണ്ടത്.
രാത്രി നടത്തുന്ന പോസ്റ്റ്മോർട്ടത്തിനും വിഡിയോ റെക്കോഡിങ് നിർബന്ധമാണ്. മരിച്ചവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ആശ്വാസകരമായ വ്യവസ്ഥാമാറ്റമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
അവയവദാനം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കും. രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താൻ അനുമതി നൽകണമെന്ന ആവശ്യം പരിശോധിച്ച വിദഗ്ധ സമിതിയുടെ ശിപാർശപ്രകാരമാണ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.