ഒരു കഥപറയാം, ധനികനായ ഒരാള്‍ ഒരിക്കല്‍ അയാളുടെ ആഢംബര കാറും ഓടിച്ച് പോകുകയാണ്. ഇതുകണ്ട ഒരു ദരിദ്ര ബാലന്, കൗതുകത്തോടൂകൂടിയും ആരാധനയോടും കൂടി ആ കാറിലേക്ക് നോക്കുകയാണ്. ബാലനെ ശ്രദ്ധിച്ച ആ ധനികന് ചോദിച്ചു, 'നിനക്കെന്താ ഈ വണ്ടിയില്‍ കയറണമെന്ന് ആഗ്രഹമുണ്ടോ?'. ആ കുട്ടി ഓടി അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി വണ്ടിയില്‍ കയറുന്നു. ധനികന് ബാലനെ അകത്തേക്ക് കയറ്റിയശേഷം 'നിന്നെ ഞാനൊരു റൈഡിന് കൊണ്ടുപോകാം' എന്നു പറഞ്ഞ് മുന്നോട്ടുനീങ്ങുന്നു. കാറിന്റെ ഉള്‍ഭാഗവും അദ്ദേഹം ഓടിക്കുന്ന രീതിയുമൊക്കെ വളരെ കൗതുകത്തോടെയും സന്തോഷത്തോടെയും കുട്ടി വീക്ഷിക്കുകയാണ്.
ആ കുട്ടി ചോദിച്ചു, 'ഈ കാറിന് വലിയ വിലയുണ്ടാവും അല്ലേ'. അപ്പോള്‍ അദ്ദേഹം പറഞ്ഞു, 'വളരെ വില കൂടിയ കാറാണ്, ഇതെന്റെ സഹോദരന് എനിക്ക് സമ്മാനിച്ചതാണ്.' കുട്ടി ഒരിക്കല്‍ക്കൂടി കാറ് നോക്കിയിട്ട് ഒരു നെടുവീര്‍പ്പോടെ എന്തോ ആലോചിച്ചുകൊണ്ടിരുന്നു. അപ്പോള്‍ ധനികന് പറഞ്ഞു, 'നീ ഇപ്പോള്‍ എന്താണ് ആലോചിക്കുന്നതെന്ന് ഞാന്പറയട്ടേ, വലുതാകുമ്പോള്‍ ഇതുപോലൊരു കാര്‍ സ്വന്തമാക്കണം, എന്നെപ്പോലെ അത് ഓടിച്ചുകൊണ്ടുപോകണം എന്നല്ലേ'. ' അല്ല' എന്നായിരുന്നു കുട്ടിയുടെ മറുപടി. 'ഞാന്‍ സ്വപ്നം കണ്ടത് എനിക്ക് താങ്കളുടെ സഹോദരനെപ്പോലെ ആകണം എന്നാണ്'. ഇങ്ങനെ ചിന്തിക്കാന്‍ നമ്മളില്‍ എത്രപേര്‍ക്കാണ് സാധിക്കുക. വലുതായി ചിന്തിക്കുന്നവര്‍ക്കാണ് ജീവിതം വലിയ വിജയങ്ങള്‍ കാത്തുവെക്കുന്നത്.
ആളുകള്‍ പൊതുവില്‍ മൂന്നുതരത്തിലുണ്ട്. വലിയ ചിന്തകളും സ്വപ്നങ്ങളുമുള്ള ആളുകള്‍, വളരെ കുറച്ചേ ഇത്തരം ആളുകളുള്ളൂ. രണ്ടാമത്തേത് ചെറിയ ചിന്തകള്‍ അതായത്, ജീവിതത്തില്‍ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ മാത്രം നടന്നുപോയാല്‍ മതിയെന്ന രീതിയില്‍ ചിന്തിക്കുന്നവര്‍. മൂന്നാമത്തേത്, ഭാവിയെക്കുറിച്ച് ഒരു ചിന്തയുമില്ലാത്ത കൂട്ടരാണ്. നിര്‍ഭാഗ്യവശാല്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് കൂടുതലുള്ളത്. ചെറുതായുള്ള ചിന്തകള്‍ എവിടെ നിന്നാണ് വരുന്നത്, നമ്മുടെ കുട്ടിക്കാലം മുതല്‍ വീട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും അത് നമുക്ക് പകര്‍ന്നുകിട്ടുന്നു, പല രീതിയില്‍. കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ, ഇതൊന്നും നമ്മളെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല, പ്രാക്ടിക്കലായിട്ട് ചിന്തിക്കണം തുടങ്ങിയ ഉപദേശങ്ങള്‍ ഒരു താക്കീതുപോലെ കുട്ടികാലം മുതല്‍ക്ക് നമ്മള് കേള്‍ക്കുന്നു.
ഒരു കുട്ടി പതിനഞ്ച് വയസാകുമ്പോഴേക്കും അരലക്ഷത്തിലധികം പ്രാവശ്യം ഇതുപോലുള്ള താക്കീതുകള്‍ കേള്‍ക്കുന്നുണ്ട്. അങ്ങനെയുളള കുട്ടി സ്വന്തം കഴിവുകളില്‍ ആത്മവിശ്വാസമില്ലാത്തയാളായി മാറിയില്ലെങ്കിലേ അതിശയമുള്ളൂ.
എല്ലാവരും പറയും വലുതായി ചിന്തിക്കണം എന്ന്. പക്ഷേ ഭൂരിപക്ഷം ആളുകള്‍ക്കും അതിന് സാധിക്കുന്നില്ലയെന്നതാണ് വസ്തുത. വളര്‍ന്നുവരുന്ന സാഹചര്യം, വളര്‍ത്തുന്നരീതി, ചുറ്റുപാട്, സാമൂഹ്യബന്ധങ്ങള്‍, മതം ഇതെല്ലാം നമ്മളെ കുട്ടിക്കാലം മുതല്‍ പഠിപ്പിക്കുന്നത് പരിമിതപ്പെടുത്തി ചിന്തിക്കാനാണ്. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ കുട്ടികള്‍ കൗതുകത്തിന്റെ ചിന്തകള്‍ പങ്കുവെങ്കുമ്പോള് രക്ഷിതാക്കളും അധ്യാപകരുമെല്ലാം അവരെ കേള്‍ക്കാതെ ചിന്തകളെ പരിമിതപ്പെടുത്താന്‍ പരിശീലിപ്പിക്കും, ബോധപൂര്‍വ്വമല്ലാതെ തന്നെ. ചിന്തകളെ പരിമിതപ്പെടുന്നതുകൊണ്ട് നമുക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. ജീവിതത്തില്‍ മുന്നോട്ടുനീങ്ങാനുള്ള ആത്മവിശ്വാസക്കുറവ്, എന്തെങ്കിലും ചെയ്യാനുള്ള ധൈര്യമില്ലായ്മ എല്ലാം ഈ ചിന്തകള്‍ പരിമിതപ്പെടുത്തുന്നതുകൊണ്ടുള്ള പ്രശ്നങ്ങളാണ്.
വലുതായി ചിന്തിക്കുന്നതുകൊണ്ട് നമുക്ക് എന്തൊക്കെ പ്രയോജനങ്ങളാണുള്ളത്? വിജയികളും വിജയിക്കാത്തവരും തമ്മിലുള്ള വ്യത്യാസം അവരുടെ ചിന്തകളിലാണ്. വലുതായി ചിന്തിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നേടാന്‍ സാധിക്കും, സമ്പന്നനാകാന്‍ സാധിക്കും, നല്ല ബന്ധങ്ങളുണ്ടാക്കാന്‍ സാധിക്കും, നമ്മളിലെ ക്രിയേറ്റിവിറ്റി ഉയര്‍ത്താം, വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും തൊഴില്‍ രംഗത്തും വലിയ വലിയ നേട്ടങ്ങളുണ്ടാക്കാം.
എങ്ങനെ നമുക്ക് വലുതായി ചിന്തിക്കാം. അതിനായി നമുക്ക് നമ്മളിലുള്ള വിശ്വാസം കൂട്ടണം. വലിയ ചിന്തകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് തിരിച്ചറിയുക. അങ്ങനെ വന്നാല്‍ നമ്മുടെ ജീവിതത്തിന്റെ ചക്രവാളം വികസിക്കും. പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. സമ്പത്തും സംതൃപ്തിയുമൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറും. ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ധൈര്യത്തോടെ മുന്നോട്ടുപോകുവാനും നമുക്കുള്ളിലുള്ള കഴിവുകളെ നമ്മള് ശക്തിപ്പെടുത്താന്‍ സദാപരിശ്രമിക്കുകയും വേണം. മാറ്റം നമ്മുടെ ഉള്ളില്‍ നിന്നാണ് വേണ്ടത്. നമുക്ക് പ്രയാസകരമെന്ന് തോന്നുന്ന തീരുമാനങ്ങള്‍ എടുത്തുകൊണ്ട് ഇന്നലെവരെ നടക്കാന്‍ സാധ്യതയില്ലയെന്ന് ചിന്തിച്ച് മാറ്റിനിര്‍ത്തിയ കാര്യങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് മെല്ലെ മെല്ലെ വലിയ സ്വപ്നങ്ങള്‍ കാണാന്‍ സ്വയം പ്രാപ്തരാക്കാം.
ക്രിയേറ്റീവായി ചിന്തിക്കുന്നവര്‍ക്കുള്ളതാണ് ഈ ലോകം. അങ്ങനെ ചിന്തിക്കാന്‍ സ്വയം പരിശീലിക്കുക. കുട്ടികളെ സ്വപ്നം കാണാന്‍ കഴിവുള്ളവരായി വളര്‍ത്തുക. ചിന്തകള്‍ വലുതാക്കാന്‍ നമ്മള് എന്തൊക്കെ ചെയ്യണം? അതിന് ആദ്യം ചെയ്യേണ്ടത് ബോധപൂര്‍വ്വം വലിയ ലക്ഷ്യങ്ങള്‍ നമുക്ക് മുന്നില്‍ വെക്കുകയെന്നതാണ്. ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി കൂടുതല്‍ ഊര്‍ജ്ജവും സമയവും ചെലവഴിക്കുക. നമ്മുടെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മള് മാത്രമാണ്, വേറെയാരുമല്ല, നമുക്ക് പറ്റുമോയെന്ന് ചിന്തിക്കുന്നതിന് പകരം പറ്റും എന്ന് വിശ്വസിച്ച് മുന്നോട്ടുപോകുക. നമ്മുടെ അതിരുകളെ നിശ്ചയിക്കേണ്ടത് നമ്മുടെ മനസാണ്.
വലിയ വിജയങ്ങള്‍ നേടിയ പലരും പല പോരായ്മകളുമുണ്ടായിരുന്നവരാണ്. ബ്രൂസ്ലിയെ അറിയില്ലേ, അദ്ദേഹത്തിന്റെ ചെറുപ്പകാലത്ത് ഒരു കണ്ണിന് കാഴ്ചശക്തി അല്പം കുറവായിരുന്നു, കാലുകളില്‍ ഒന്നിന് അല്പം നീളവും കുറവായിരുന്നു. ബ്രൂസ് ലി ഈ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാന്‍ തയ്യാറായില്ല, അതിനെ മറികടന്ന് മുന്നോട്ടുപോയ അദ്ദേഹം ലോകം അറിയുന്ന വലിയ വ്യക്തിയായി മാറി.
എല്ലാദിവസവും നമ്മള് സ്വയം റിഫൈന്‍ ചെയ്യണം, ഇത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഏറ്റവുമൊടുവിലായി നമ്മുടെ ചിന്തകളെ വലുതാക്കാന്‍ നമ്മള്‍ക്കൊരു നിശ്ചയദാര്‍ഢ്യം വേണം. വലിയ സ്വപ്നങ്ങള്‍ കാണുകയും നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്ന നിശ്ചയദാര്‍ഢ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.