തിരുവനന്തപുരം: കുഞ്ഞുങ്ങളിലെ പ്രതിരോധ കുത്തിവെപ്പ് ലക്ഷ്യം നേടാനുള്ള പ്രവർത്തനം ഒരുവശത്ത് പുരോഗമിക്കവെ അഞ്ചാംപനി മരണം കൂടുന്നതിൽ കടുത്ത ആശങ്ക. ഒരാഴ്ചക്കിടെ മലപ്പുറത്ത് രണ്ടു കുട്ടികളാണ് അഞ്ചാംപനി ബാധിച്ച് മരിച്ചത്. മലപ്പുറം, തൃപ്പാഞ്ചിയിൽ അസം സ്വദേശികളായ തൊഴിലാളികളുടെ കുട്ടികളാണ് മരിച്ചത്. രണ്ടു വയസ്സ് പ്രായമുള്ള ആൺകുട്ടിയും ഒമ്പതു മാസം പ്രായമുള്ള പെൺകുട്ടിയുമാണ് ചികിത്സക്കിടെ മരിച്ചത്.
രണ്ടു കുട്ടികൾക്കും പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ മാസ് വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. തുടച്ചുനീക്കിയ സാംക്രമിക രോഗങ്ങളുടെ പട്ടികയിൽപെട്ട അഞ്ചാംപനി (മീസിൽസ്) മരണം റിപ്പോർട്ട് ചെയ്തത് ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
സംസ്ഥാനത്ത് പല ജില്ലകളിലും ഇപ്പോൾ അഞ്ചാംപനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വർഷം ഇതുവരെ നാല് അഞ്ചാംപനി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2362 കുട്ടികൾക്ക് രോഗം ബാധിച്ചു. അതിൽ 1702 കുട്ടികൾ സമാന ലക്ഷണങ്ങളുമായും 660 പേർ രോഗം സ്ഥിരീകരിച്ചും ചികിത്സ തേടി.
പ്രതിരോധ കുത്തിവെപ്പ് ലക്ഷ്യം നേടാൻ ‘മിഷൻ ഇന്ദ്രധനുഷ് 5.0’ യജ്ഞം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് ഏഴുമുതൽ 12 വരെ ആദ്യഘട്ടവും സെപ്റ്റംബർ 11 മുതൽ 16 വരെ രണ്ടാംഘട്ടവും ഒക്ടോബർ ഒമ്പതു മുതൽ 14 വരെ മൂന്നാംഘട്ടവും നടക്കും. വാക്സിനേഷൻ കണക്കിൽ പിറകിൽ നിൽക്കുന്ന ജില്ലകൾക്ക് പ്രത്യേക ഊന്നൽ നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.