ആവി പിടിച്ചാൽ കൊറോണ വൈറസിനെ കൊല്ലാമെന്ന്​ പോസ്റ്റുകൾ...; വാസ്​തവമിതാണ്​

രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാം തരംഗം ശക്​തി പ്രാപിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ കോവിഡിനെ പറ്റിയും അതിനെ പ്രതിരോധിക്കാനുള്ള വഴികളെ പറ്റിയുമുള്ള വ്യാജ പോസ്റ്റുകളുടെ പ്രളയമാണ്​. അത്തരത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നതാണ്​, 'ആവി പിടിക്കുന്നതിലൂടെ കൊറോണ വൈറസിനെ നശിപ്പിക്കാം' എന്ന പോസ്റ്റ്​. എന്നാൽ, അതിനെതിരെ മുന്നറിയിപ്പ്​ നൽകിയിരിക്കുകയാണ്​ ലോകാരോഗ്യ സംഘടന. നീരാവി ശ്വസനം കൊറോണ വൈറസ്​ അണുബാധയ്​ക്കുള്ള പരിഹാരമാണെന്നതിനെ പിന്തുണയ്​ക്കുന്ന തരത്തിലുള്ള ഒരു പഠനവും നിലവിലില്ലെന്നാണ് ഡബ്ല്യു.എച്ച്​.ഒയുടെ ഫിലിപ്പീൻസിലുള്ള ഓഫീസ്​ ചൂണ്ടിക്കാട്ടുന്നത്​. കോവിഡിനെ പ്രതിരോധിക്കാനായി ആവി പിടിക്കുന്നത്​ ​പൊള്ളലേൽക്കുന്നതിന്​ കാരണമാകുമെന്നും അവർ പറയുന്നു. 'ദ ക്വിന്‍റ്​' എന്ന സൈറ്റാണ്​ ഇതുമായി ബന്ധപ്പെട്ട 'ഫാക്​ട്​ ചെക്ക്​' റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചത്​.

ആവി പിടിക്കുന്നതുമായി ബന്ധപ്പെട്ട്​ ​പ്രചരിക്കുന്ന ഒരു പോസ്റ്റ്​

''എല്ലാവർക്കുമായി ഒരു പ്രധാനപ്പെട്ട സന്ദേശം''

നിങ്ങൾ കുടിക്കുന്ന ചൂടുവെള്ളം നിങ്ങളുടെ തൊണ്ടയ്ക്ക് നല്ലതാണ്. എന്നാൽ ഈ കൊറോണ വൈറസ് 3 മുതൽ 4 ദിവസം വരെ നിങ്ങളുടെ മൂക്കിന്‍റെ പരാനാസൽ സൈനസിന് പിന്നിൽ മറഞ്ഞിരിക്കും. നാം കുടിക്കുന്ന ചൂടുവെള്ളം അവിടേക്കെത്തില്ല. 4 മുതൽ 5 ദിവസത്തിനുശേഷം പരനാസൽ സൈനസിന് പിന്നിൽ മറഞ്ഞിരുന്ന ഈ വൈറസ് നിങ്ങളുടെ ശ്വാസകോശത്തിലേക്ക്​ പ്രവേശിക്കും. അതോടെ നിങ്ങൾക്ക് ശ്വസിക്കുന്നതിന്​ ഏറെ ബുദ്ധിമുട്ട്​ നേരിട്ട്​ തുടങ്ങും.

അതുകൊണ്ടാണ് നിങ്ങളുടെ പാരനാസൽ സൈനസിന്‍റെ പിൻഭാഗത്ത് എത്തുന്ന നീരാവി ശ്വസിക്കുന്നത്​ വളരെ പ്രധാനപ്പെട്ടതാകുന്നത്​. നിങ്ങൾ ഈ വൈറസിനെ നീരാവി ഉപയോഗിച്ച് കൊല്ലണം .... "




'വേൾഡ് സ്റ്റീം വീക്ക്​' എന്ന പേരിൽ കഴിഞ്ഞ വർഷം ആഗസ്തിലും സെപ്​തംബറിലുമായി അത്തരത്തിലുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ​ഫേസ്​ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റ​ഗ്രമിലുമായി പ്രചരിച്ച പോസ്റ്റുകളിൽ ആവി പിടിക്കൽ കോവിഡിനെ പ്രതിരോധിക്കുമെന്ന്​ തന്നെയാണ്​ അവകാശപ്പെട്ടിരുന്നത്​.


ആവി പിടിക്കൽ കോവിഡിനെ പ്രതിരോധിക്കുമെന്നതിനെ പിന്തുണക്കുന്ന ഒരു ഔദ്യോഗിക സ്ഥിരീകരണവും നിലവിലില്ല. ദില്ലിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ പൾമോണോളജി വിഭാഗം ഡയറക്ടറും മേധാവിയുമായ ഡോ. വികാസ് മൗര്യയോട്​ ക്വിന്‍റ്​ ഇതുമായി ബന്ധപ്പെട്ട്​ അഭിപ്രായം തേടിയിരുന്നു. മൂക്ക്, സൈനസ്, തൊണ്ട എന്നിവയെ ബാധിക്കുന്ന ഏതെങ്കിലും തരത്തിലുള്ള വൈറൽ അണുബാധയെ പ്രതിരോധിച്ച്​ ശ്വാസോച്ഛ്വാസം കടന്നുപോകാനാണ്​ ആവി പിടിക്കൽ സഹായിക്കുകയെന്ന്​ ഡോക്ടർ മൗര്യ പറഞ്ഞു. നീരാവി പിടിക്കുന്നത്​ ചില രോഗലക്ഷണങ്ങളിൽ നിന്ന്​ മോചനം നേടാൻ രോഗികളെ സഹായിക്കുമെന്നല്ലാതെ, അതിന്​ ഒരിക്കലും വൈറസിനെ കൊല്ലാൻ സാധിക്കില്ല. -ഡോ. മൗര്യ കൂട്ടിച്ചേർത്തു. ലോകാരോഗ്യ സംഘടനയുടെ ഫിലിപ്പീൻസ്​ ഓഫീസ്​ ഇതുമായി ബന്ധപ്പെട്ട്​ പോസ്റ്റ്​ ചെയ്​ത ട്വീറ്റിലും വ്യാജ പ്രചരണങ്ങളെ തള്ളിപ്പറയുന്നുണ്ട്​.


ഈ സമയത്തുള്ള ആവി പിടിക്കൽ കോവിഡിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന്​ മാത്രമല്ല, പൊള്ളലേൽക്കുന്നത്​ പോലുള്ള അധിക അപകട സാധ്യതകൾ വർധിക്കുന്ന സാഹചര്യത്തിലേക്കാണ്​ നയിക്കുകയെന്ന്​ ആരോഗ്യ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

യുകെയിലെ ബർമിങ്​ഹാം ചിൽഡ്രൻസ് ഹോസ്പിറ്റലിലെ 'ബേൺസ്​ കേന്ദ്രത്തിൽ' ഏപ്രിൽ മാസത്തിൽ നീരാവി ശ്വസിക്കുന്നതിലൂടെ നേരിട്ട് പൊള്ളലേറ്റവരുടെ എണ്ണത്തിൽ 30 മടങ്ങ് വർധനയുണ്ടായി 2020 മെയ് 15ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. അത്തരത്തിൽ പൊള്ളലേറ്റ നിരവധി കേസുകൾ ഇന്ത്യയിലും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Steam Inhalation Wont Kill Coronavirus fact check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.