ന്യൂഡൽഹി: 2021 മധ്യത്തോടെ രാജ്യത്ത് 30 ലക്ഷം കോവിഡ് മരണമുണ്ടായതായി 'സയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം. മൂന്നു വ്യത്യസ്ത ഡേറ്റാബേസ് ഉപയോഗപ്പെടുത്തിയാണ് ഈ കണക്കിലെത്തിയതെന്ന് പഠനം പ്രസിദ്ധീകരിച്ചവരിലൊരാളായ അഹ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അസി. പ്രഫസർ ചിൻമയ് തുംബെ 'ദ വയർ' ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. എന്നാൽ, ഈ പഠനം സർക്കാർ തള്ളിയിരുന്നു.
ജനനവും മരണവും രേഖപ്പെടുത്താൻ ശരിയായ രീതി രാജ്യത്തുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കിയത്. ഗുജറാത്തിൽ ഔദ്യോഗിക കോവിഡ് മരണം 10,545ൽ നിൽക്കെ കോവിഡ് മരണ നഷ്ടപരിഹാരം കൈപ്പറ്റിയവരുടെ എണ്ണം 87,000 ആണ്. സുപ്രീംകോടതി നിർദേശപ്രകാരം നഷ്ടപരിഹാര വിതരണം ഉദാരമായതിനാലാണ് ഈ വ്യത്യാസമെന്ന് ഗുജറാത്ത് സർക്കാർ ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
രാജ്യത്തെ ജനസംഖ്യയുടെ മൂന്നു ശതമാനംപോലും വരാത്ത കേരളം റിപ്പോർട്ട് ചെയ്തത് ആകെ കോവിഡ് മരണത്തിന്റെ 11 ശതമാനമാണെന്ന് അശോക യൂനിവേഴ്സിറ്റി പ്രഫസർ ഗൗതം മേനോൻ പറഞ്ഞു. കോടതി ഇടപെടലിനെ തുടർന്ന് നേരത്തേ കണക്കിൽപെടുത്താത്ത മരണങ്ങളും കേരളം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: അമേരിക്കക്കും ബ്രസീലിനും പിന്നാലെ കോവിഡ് ബാധിച്ച് അഞ്ചു ലക്ഷത്തിലധികം പേർ മരിച്ച മൂന്നാമത്തെ രാജ്യമായി ഇന്ത്യ. ഫെബ്രുവരി നാലിനാണ് അഞ്ചു ലക്ഷം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാൽ, ഔദ്യോഗിക മരണക്കണക്കിൽ ഉൾപ്പെടാത്ത നിരവധി പേരുള്ളതിനാൽ ഒരു വർഷം മുമ്പേ രാജ്യത്ത് കോവിഡ് മരണം അഞ്ചു ലക്ഷം കടന്നതായും വാദമുണ്ട്. 2021 ജൂലൈ ഒന്നിന് നാലു ലക്ഷം മരണം തികഞ്ഞതിനു പിന്നാലെ 217 ദിവസംകൊണ്ടാണ് മരണസംഖ്യ അഞ്ചു ലക്ഷത്തിലെത്തിയത്.
ഒരു ലക്ഷം മരണം കടക്കാൻ ഇതുവരെയെടുത്തതിൽ ഏറ്റവും കൂടിയ കാലയളവുമാണിത്. കഴിഞ്ഞ വർഷം ഏപ്രിൽ-മേയ് മാസങ്ങളിലായിരുന്നു രാജ്യത്തെ പിടിച്ചുലച്ച കോവിഡ് രണ്ടാം തരംഗം. ഏപ്രിൽ 27ന് രണ്ടു ലക്ഷമായിരുന്ന മരണസംഖ്യ, മേയ് 23 ആയപ്പോഴേക്കും മൂന്നു ലക്ഷം കടന്നു. 2020 ഒക്ടോബർ രണ്ടിനാണ് രാജ്യത്ത് കോവിഡ് മരണം ലക്ഷം തികഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1072 മരണം സംഭവിച്ചതോടെയാണ് ആകെ മരണസംഖ്യ 5,00, 055ലെത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. യു.എസിൽ 9.2 ലക്ഷമാണ് കോവിഡ് മരണം, ബ്രസീലിൽ 6.3 ലക്ഷവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.