കൊച്ചി: സപ്പു എന്ന സി.എസ്. മുഹമ്മദ് സഫ്വാനെ സംസാരിപ്പിക്കാൻ ഏറെനാൾ ശ്രമിച്ചിട്ടും വിജയിക്കാത്തതിൽ ഇന്ന് വീട്ടുകാർക്ക് സങ്കടമേതുമില്ല. വാക്കുകളിലൂടെ പറയുന്നതിലേറെ ഈ 12 വയസ്സുകാരൻ ടാബിൽ വിരലോടിച്ച് എഴുതും. ആറ്റിക്കുറുക്കിയ അവന്‍റെ വരികളിൽ വ്യക്തമായ ആശയങ്ങൾ നിറയും; വിദ്യാഭ്യാസം, അധ്യാപകർ, പ്രകൃതി, നദി... തുടങ്ങി ഏത് വിഷയത്തിലും.
'ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ വിത്ത് ഗ്ലോബല്‍ ഡെവലപ്മെന്റല്‍ ഡിലേ' എന്ന അവസ്ഥയിൽ സപ്പുവിന് വളർച്ചയുടെ നാഴികക്കല്ലുകൾ എല്ലാം താമസിച്ചിരുന്നു. ആലുവ മുട്ടം സി.എ. സുബൈർ -പി.എ. ഷാജിത ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയതാണ് സപ്പു. മസിലുകൾ ശക്തിപ്പെടാതെയും തലയുയർത്താൻ പോലുമാകാതെയും വാടിത്തളര്‍ന്ന് ഫിസിയോ മാറ്റില്‍ കുഴഞ്ഞുകിടന്ന നാളുകളിൽനിന്ന് ഇന്ന് സ്കൂളിലേക്ക് ഓടിക്കയറിയെത്തുന്ന മിടുക്കനിലേക്കുള്ള വളർച്ച ആരെയും അതിശയിപ്പിക്കും. കളമശ്ശേരി പത്തടിപ്പാലത്തെ ആൽഫ പീഡിയാട്രിക് റീഹാബിലേഷൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്‍റ് സെന്‍ററിലെ പരിചരണത്തിലൂടെയാണ് മൂന്നര വയസ്സുമുതൽ പിച്ചവെച്ച് നടന്നത്.
നിരന്തരം സ്പീച്ച് തെറപ്പി ചെയ്തിട്ടും 'ആ' എന്ന ഉറക്കെയുള്ള ശബ്ദമല്ലാതെ ഒന്നും അവന്‍ പുറപ്പെടുവിച്ചിരുന്നില്ലെന്ന് ആൽഫയുടെ സ്ഥാപക ഷാനി എസ്. ഹമീദ് പറയുന്നു. 'നടത്തം കഴിഞ്ഞ് സ്പീച്ച് തെറപ്പി മുടങ്ങാതെ മൂന്നുവര്‍ഷം ചെയ്തിട്ടും ഫലം ലഭിച്ചില്ല. അതിൽ നിരാശയാവാതെ അവന്റെ ഉമ്മ ഒപ്പംനിന്നു. തുടർന്ന് ടെക്നിക്കുകള്‍ ഒന്ന് മാറ്റി പരീക്ഷിക്കാന്‍ തീരുമാനിച്ചു. ആള്‍ട്ടര്‍നേറ്റിവ് ഓഗ്മെന്റേറ്റിവ് കമ്യൂണിക്കേഷന്‍ ടെക്നിക്കിലൂടെ ടാബില്‍ ടൈപ്പ് ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പരിശീലിപ്പിച്ച് തുടങ്ങി. അത്ഭുതകരമായിരുന്നു അതിന്‍റെ ഫലം. വളരെ വേഗം സപ്പു ടാബില്‍ ടൈപ്പ് ചെയ്ത് തുടങ്ങിയെന്ന് ഷാനി വിവരിച്ചു.
'വീട്ടിൽ അവന്‍റെ വിഷമങ്ങൾ പലപ്പോഴും ടാബിൽ എഴുതിയാണ് കാണിക്കുക. കൈ വഴങ്ങാത്തതിനാൽ സ്കൂളിൽ പരീക്ഷ പോലും എഴുതാനാകില്ല. ടാബിലൂടെ പക്ഷെ എന്തും കുറിക്കും' -ഷാജിത പറയുന്നു. അസാമാന്യമായ ഫോട്ടോഗ്രാഫിക് മെമ്മറി ഉള്ള സപ്പു ടൈപ്പ് ചെയ്യുമ്പോള്‍ കീബോര്‍ഡിലേക്കോ ടാബിന്റെ സ്ക്രീനിലേക്കോ നോക്കുന്നില്ല. നന്നായി ഇംഗ്ലീഷ് ടൈപ്പ് ചെയ്യുന്ന സപ്പുവിനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ പഠിപ്പിക്കാതെതന്നെ 'മംഗ്ലീഷ്' അസ്സലായി അടിച്ചുതുടങ്ങി. ഏലൂര്‍ ഗവ. സ്കൂളില്‍ ആറര വയസ്സിലാണ് ഒന്നാം ക്ലാസിൽ ചേർന്നത്. ഇപ്പോൾ പാതാളം ഫാക്ട് ഈസ്റ്റേൺ യു.പി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഇന്‍ഡസ് സര്‍വിസ് സെന്ററിലെ ഡ്രൈവറാണ് പിതാവ് സുബൈർ. എട്ടാം ക്ലാസുകാരൻ മുഹമ്മദ് സമീൽ, പ്ലസ്ടു വിദ്യാർഥിനി അമീറ ബീവി എന്നിവരാണ് സഹോദരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.