തൊടുപുഴ: താളംതെറ്റിയ ഹൃദയമിടിപ്പ് വീണ്ടെടുത്ത് ജീവിതത്തിന്‍റെ സ്പന്ദനങ്ങളിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുന്നു. എന്നാൽ, അവയവദാനത്തിൽ ഹൃദയം കൈമാറ്റം ചെയ്യൽ ഗണ്യമായി കുറയുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഹൃദയം മാറ്റിവെക്കൽ പരീക്ഷണമായി കണ്ട് ഇതിൽനിന്ന് പിൻമാറുന്നവർ കുറവല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
സംസ്ഥാനത്ത് സർക്കാർതലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവ കൈമാറ്റ പദ്ധതിയായ മൃതസഞ്ജീവനിയിൽ യോജിച്ച ഹൃദയം കിട്ടാൻ 61 പേർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നു എന്നാണ് ഏറ്റവും പുതിയ കണക്ക്. ഇതിൽ ചിലർ രജിസ്റ്റർ ചെയ്തിട്ട് വർഷങ്ങളായി. ഇത്രയും പേർ കാത്തിരിക്കുമ്പോഴും ഈ വർഷം മൃതസഞ്ജീവനിവഴി 12 അവയവദാനം നടന്നപ്പോൾ അതിൽ അഞ്ചുപേർ മാത്രമേ ഹൃദയം സ്വീകരിക്കാൻ തയാറായുള്ളൂ. ഹൃദയമാറ്റം വിജയിച്ചില്ലെങ്കിൽ മരണസാധ്യത കൂടുതലാണെന്നത് അവയവത്തിനായി രജിസ്റ്റർ ചെയ്തവരെപ്പോലും ഒടുവിൽ അത് സ്വീകരിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. താളം തെറ്റിയതെങ്കിലും ഉള്ള ഹൃദയവുമായി ആവുന്നത്ര കാലം ജീവിക്കാമെന്നതാണ് ഇക്കൂട്ടർ 'പരീക്ഷണം' ഒഴിവാക്കാൻ കാരണം.
യഥാർഥത്തിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വേണ്ടിവരുന്നവരുടെ എണ്ണം മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തവരെക്കാൾ വളരെക്കൂടുതലാണെന്നാണ് അനൗദ്യോഗിക കണക്ക്. യഥാസമയം കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ രജിസ്റ്റർ ചെയ്യാൻ താൽപര്യം കാണിക്കാത്തവരും ഏറെയാണ്. അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണം അടുത്തനാളുകളിലായി കുറഞ്ഞുവരുന്നത് ആരോഗ്യമേഖലയിലുള്ളവർ ആശങ്കയോടെയാണ് കാണുന്നത്. അവയവദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പ്രചാരണം ഉണ്ടായത് തിരിച്ചടിയായിട്ടുണ്ടെന്ന് മൃതസഞ്ജീവനി പദ്ധതിയുടെ സംസ്ഥാന നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രേഷ്യസ് 'മാധ്യമ'ത്തോട് പറഞ്ഞു. മസ്തിഷ്കമരണം നിർണയിക്കപ്പെടാത്തതും അവയവമാറ്റം പ്രോത്സാഹിപ്പിക്കുന്ന പ്രവണത വിവാദങ്ങളെ ഭയന്ന് ആശുപത്രികൾക്കിടയിൽ കുറഞ്ഞതും അവയവദാനം കുറയാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതിവർഷം 20ൽ താഴെ മാത്രമേ അവയവദാനം നടക്കുന്നുള്ളൂ. ഇക്കാര്യത്തിൽ ശക്തമായ ബോധവത്കരണം ആവശ്യമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.