തിരുവനന്തപുരം: ബുക്കിങ്ങും കൺസൾട്ടിങ് മുറികളുമടക്കം സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പരിധി വിട്ടിട്ടും ഉന്നതതല യോഗതീരുമാനം പോലും നടപ്പാക്കാനാകാതെ ആരോഗ്യവകുപ്പ്. നിയമം കർശനമാക്കി ‘സമാന്തര ആശുപത്രി’കൾക്ക് തടയിടാനായിരുന്നു മൂന്നുമാസം മുമ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനം. പിന്നീട് നടപടിയുണ്ടായില്ല.
ഹെല്‍ത്ത് സര്‍വിസിന് കീഴിലുള്ള ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസ് അനുവദനീയമാണെങ്കിലും ഡ്യൂട്ടി സമയം കഴിഞ്ഞ് സ്വന്തം വീട്ടില്‍ രോഗികളെ കാണുന്നതിന് മാത്രമാണ് അനുമതി. ആശുപത്രിക്കുസമീപമോ മറ്റിടങ്ങളിലോ സ്വകാര്യ പ്രാക്ടീസ് ചട്ടലംഘനമാണ്. എന്നാൽ, സർക്കാർ ആശുപത്രികൾക്ക് സമീപം വലിയ സംവിധാനങ്ങളോടെയാണ് സമാന്തര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ആശുപത്രികളിൽ എത്തുന്നവർക്ക് മുൻഗണനയും പരിഗണനയും വേണമെങ്കിൽ ‘റൂമിലെത്തി’ കാണണമെന്ന അപ്രഖ്യാപിത വ്യവസ്ഥയാണ് പല താലൂക്ക് ആശുപത്രികളിലും.
ആരോഗ്യവകുപ്പിന് ആഭ്യന്തര വിജിലൻസ് സംവിധാനമുണ്ടെങ്കിലും കാര്യമായ പരിശോധന നടക്കാറില്ല. സ്വകാര്യ ആശുപത്രികളെ സമീപിക്കാൻ നിവൃത്തിയില്ലാത്തവരാണ് ഈ ഇടനില ചികിത്സാകേന്ദ്രങ്ങളിലെത്താൻ നിർബന്ധിതമാവുന്നത്. താലൂക്ക്-ജില്ല ആശുപത്രികളിൽ രോഗികളുടെ തിരക്ക് കുറക്കുന്നത് ഗ്രാമങ്ങളിലെ സ്വകാര്യ പ്രാക്ടീസിങ് ആണെന്ന വാദമാണ് അനുകൂലിക്കുന്നവർ ഉന്നയിക്കുന്നത്.
താലൂക്ക്-ജില്ല ആശുപത്രികൾക്ക് സമീപത്തെ മെഡിക്കൽ സ്റ്റോറുകളാണ് പലയിടങ്ങളിലും ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിന് സൗകര്യമൊരുക്കുന്നത്. ഇവർ കെട്ടിടങ്ങൾ വാടകക്കെടുത്ത് കൺസൾട്ടിങ് റൂം ഒരുക്കും. ഡോക്ടർമാരുടെ അപ്പോയിൻമെന്റിന് ഫോൺ നമ്പർ അടക്കം ബുക്കിങ് സൗകര്യമൊരുക്കിയാണ് പ്രവർത്തനം. ബുക്കിങ് മുൻഗണന അനുസരിച്ച് ടോക്കൺ വരെ നൽകുന്നുണ്ട്.
ഓരോ സ്പെഷാലിറ്റികളിലെയും ചികിത്സാദിനവും സമയവും ബുക്കിങ് ക്രമവുമടക്കം നോട്ടീസടിച്ച് പരസ്യം ചെയ്യുന്നവരുമുണ്ട്. നോട്ടീസുകളിൽ ഡോക്ടറുടെ പേരുണ്ടാവില്ല. പകരം സ്പെഷാലിറ്റിയും ബിരുദവും അനുബന്ധ യോഗ്യതകളുമാണുണ്ടാവുക. ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ ഈ മെഡിക്കൽ സ്റ്റോറിലേ ഉണ്ടാകൂ. വി.എസ് സർക്കാറിന്റെ കാലത്ത് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് പൂർണമായും നിരോധിച്ചിരുന്നു.സ്വകാര്യ പ്രാക്ടീസിന് വിലക്കുള്ള ഈ വിഭാഗത്തിന് ശമ്പളത്തിന്റെ 20 ശതമാനം നോൺ പ്രാക്ടീസിങ് അലവൻസായി നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.