പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയകരമായി പരീക്ഷിച്ചു

വാഷിങ്ടൺ ഡി.സി: പന്നിയുടെ വൃക്ക ആദ്യമായി മനുഷ്യശരീരത്തിൽ പരീക്ഷിച്ചു. യു.എസിലെ ന്യൂയോർക് സർവകലാശാലയുടെ ലാംഗോൺ ഹെൽത്തിലെ ഡോക്ടർമാരാണ് വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയത്. അവയവമാറ്റ ശസ്ത്രക്രിയ രംഗത്ത് വലിയ ചുവടുവെപ്പായാണ് പരീക്ഷണം വിലയിരുത്തപ്പെടുന്നത്.

മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയിലാണ് വൃക്കമാറ്റിവെക്കൽ പരീക്ഷണം നടത്തിയത്. സാധാരണയായി, മാറ്റിവെക്കുന്ന വൃക്കയെ പുറന്തള്ളാനുള്ള പ്രവണത സ്വീകർത്താവിന്‍റെ ശരീരം പ്രകടിപ്പിക്കും. എന്നാൽ, ഇവരുടെ ശരീരം പന്നിയുടെ വൃക്കയെ ഉൾക്കൊണ്ടതായി ഡോക്ടർമാർ വ്യക്തമാക്കി.

ജനിതകമാറ്റം നടത്തിയ പന്നിയുടെ വൃക്കയാണ് മനുഷ്യശരീരത്തോട് ചേർത്തത്. രക്തപര്യയന വ്യവസ്ഥയുമായി കൂട്ടിച്ചേർത്തെങ്കിലും രോഗിയുടെ ശരീരത്തിന് പുറത്തായാണ് മൂന്ന് ദിവസം വൃക്ക സൂക്ഷിച്ചത്.

മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. വൃക്ക പ്രവർത്തന രഹിതമാകുന്ന ലക്ഷണങ്ങളും ഇവരിലുണ്ടായിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റുന്നതിന് മുന്നോടിയായി പന്നിയുടെ വൃക്ക മാറ്റിവെച്ചുള്ള പരീക്ഷണത്തിന് ഡോക്ടർമാർ കുടുംബത്തിന്‍റെ അനുമതി തേടുകയായിരുന്നു.

മാറ്റിവെച്ച വൃക്കയുടെ പ്രവർത്തനം സാധാരണനിലയിലാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു. സാധാരണഗതിയിൽ ശരീരം പ്രകടിപ്പിക്കുന്ന പുറന്തള്ളൽ ഇവിടെയുണ്ടായിട്ടില്ല. മാറ്റിവെക്കുന്ന മനുഷ്യന്‍റെ വൃക്ക ഉൽപ്പാദിപ്പിക്കുന്നയത്ര അളവിൽ മൂത്രം മാറ്റിവെച്ച പന്നിയുടെ വൃക്കയും ഉൽപ്പാദിപ്പിക്കുന്നുണ്ട്. വൃക്ക പ്രവർത്തനരഹിതമായതിന്‍റെ ഫലമായി രോഗിയുടെ ക്രിയാറ്റിൻ ലെവൽ വർധിച്ചിരുന്നു. ഇത് സാധാരണനിലയിലെത്തിയതായും ഡോ. റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു.

അവയവക്ഷാമത്തിന് പരിഹാരം കാണുന്നതിലേക്ക് ഈ പരീക്ഷണം വഴിതെളിക്കുമെന്നാണ് വൈദ്യശാസ്ത്രരംഗത്തിന്‍റെ പ്രതീക്ഷ. ലോകമെമ്പാടുമായി ലക്ഷക്കണക്കിന് പേരാണ് മാറ്റിവെക്കാൻ വൃക്ക ലഭിക്കാതെ കഴിയുന്നത്.

മൃഗങ്ങളുടെ വൃക്ക മനുഷ്യരിൽ പ്രവർത്തിക്കുമോയെന്ന സാധ്യതകൾ തേടിയുള്ള പരീക്ഷണം പതിറ്റാണ്ടുകളായി നടക്കുന്നുണ്ട്. അന്യ അവയവങ്ങളെ പുറന്തള്ളുന്ന പ്രവണത മനുഷ്യശരീരത്തിനുള്ളതാണ് പരീക്ഷണങ്ങൾക്ക് തിരിച്ചടിയായിരുന്നത്. എന്നാൽ, പുറന്തള്ളലിന് കാരണമാകുന്ന പന്നിയുടെ ജീനിൽ ജനിതകവ്യതിയാനം വരുത്തിയാണ് ഇപ്പോൾ വൃക്ക മാറ്റിവെക്കൽ വിജയകരമായി പൂർത്തിയാക്കിയത്.

മസ്തിഷ്ക മരണം സംഭവിച്ചയാളിൽ പന്നിയുടെ വൃക്ക പരീക്ഷിക്കുന്നതിനു മുമ്പായി മെഡിക്കൽ എത്തിക്സ്, നിയമകാര്യ, മതകാര്യ വിദഗ്ധരുമായി ഡോക്ടർമാർ ചർച്ച നടത്തിയിരുന്നു.

വൃക്ക തകരാറിന്‍റെ അവസാന ഘട്ടത്തിലെത്തിയ രോഗികളിൽ അടുത്ത രണ്ടുവർഷത്തിനകം പന്നിയുടെ വൃക്കമാറ്റിവെക്കുന്ന പരീക്ഷണം നടത്താനാകുമെന്ന് ഡോ. റോബർട്ട് മോണ്ട്ഗോമറി പറയുന്നു. അങ്ങേയറ്റം ഗുരുതരാവസ്ഥയിലുള്ളവർക്ക്, മാറ്റിവെക്കാൻ മനുഷ്യന്‍റെ വൃക്ക ലഭിക്കുംവരെയോ അല്ലെങ്കിൽ സ്ഥിരമായോ പന്നിയുടെ വൃക്ക ഉപയോഗിക്കാം. മനുഷ്യശരീരത്തിന് പുറത്ത് വെറും മൂന്ന് ദിവസത്തേക്ക് മാത്രം വൃക്ക സൂക്ഷിച്ചുകൊണ്ടുള്ള പരീക്ഷണമാണ് ഇപ്പോൾ നടന്നത്. പുതിയ പരീക്ഷണങ്ങളിലൂടെ മാത്രമേ ഇതിന്‍റെ പുതിയ പ്രതിസന്ധികളും അവ മറികടക്കാനുള്ള മാർഗവും കണ്ടെത്താനാകൂവെന്നും ഡോ. റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു. 

Tags:    
News Summary - US surgeons successfully test pig kidney transplant in human patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.