കുവൈത്ത് സിറ്റി: സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ നിയമലംഘനങ്ങൾ പരിഹരിക്കുന്നതിന് കർശന നടപടികളുമായി ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ആഴ്ച കുവൈത്ത് സിറ്റിയില്‍ നടത്തിയ പരിശോധനയില്‍ അറുപതോളം ആരോഗ്യ പ്രവര്‍ത്തകരെ സ്വകാര്യ ആരോഗ്യ സ്ഥാപനത്തില്‍ പിടികൂടി. പിടികൂടിയവരില്‍ നിരവധി മലയാളികളും ഉൾപ്പെടുന്നു.
ആഭ്യന്തര മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 19 മലയാളികള്‍ അടക്കമുള്ള അറുപതോളം ആരോഗ്യ പ്രവര്‍ത്തകര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമമായ അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മുപ്പതു പേര് ഇന്ത്യക്കാരും മറ്റുള്ളവര്‍ ഫിലിപ്പീൻസ്, ഇറാൻ, ഈജിപ്ത് രാജ്യക്കാരുമാണ്. ആരോഗ്യ മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനുവദിച്ചതില്‍ കൂടുതല്‍ ജീവനക്കാര്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തി.
അതോെടാപ്പം ഹെയർ ട്രാൻസ്പ്ലാൻറേഷന് ഓപറേഷൻ റൂമിനുള്ളിൽ ലൈസൻസില്ലാത്ത മെഡിക്കൽ ജീവനക്കാരെ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. നിയമലംഘനം നടത്തിയ തൊഴിലാളികളിൽ ഭൂരിഭാഗവും വീട്ടുജോലിക്കാരും കുടുംബ വിസയിലുള്ളവരുമാണ്. തുടര്‍ നടപടികള്‍ക്കായി പിടികൂടിയവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. ഇവരെ നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റിയാതായും സൂചനകളുണ്ട്.
അതിനിടെ, ഒരു മാസം മുതല്‍ പ്രായമുള്ള നവജാത ശിശുക്കളുടെ അമ്മമാര്‍ അടക്കമുള്ള ഇന്ത്യക്കാര്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് വിഷയത്തില്‍ ഇന്ത്യൻ വിദേശകാര്യ സഹ മന്ത്രി വി. മുരളീധരനും, കുവൈത്തിലെ ഇന്ത്യൻ എംബസിയും നോർക്ക റൂട്സും ഇടപെടൽ നടത്തി വരുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
പിടിക്കപ്പെട്ടവരില്‍ പലരും വര്‍ഷങ്ങളായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുകയായിരുന്നു. നേരത്തെ നിയമലംഘനത്തിന്റെ പേരിൽ നിരവധി സ്വകാര്യ മെഡിക്കൽ സെന്ററുകളും, ഫാർമസികളും അടച്ചു പൂട്ടാൻ ആരോഗ്യ മന്ത്രാലയം നിർദേശം നല്‍കിയിരുന്നു. രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പരമപ്രധാനമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.