തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പിനൊപ്പം നടപടികളിലേക്ക് കടന്ന് മൃഗസംരക്ഷണ വകുപ്പും. രോഗം ബാധിച്ച് മരിച്ച ബാലന്റെ താമസസ്ഥലമായ മലപ്പുറം, പാണ്ടിക്കാട്, ചെമ്പ്രശ്ശേരി പരിസരത്ത് പരിശോധന നടത്താനാണ് മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വവ്വാലുകളുടെ സാന്നിധ്യം നിരീക്ഷിക്കാനും ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തുമൃഗങ്ങളിൽനിന്ന് സിറം ശേഖരിച്ച് പരിശോധന നടത്താനുമാണ് തീരുമാനം. ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസിലാണ് സാമ്പിളുകൾ പരിശോധിക്കുക.
തുടർച്ചയായി കേരളത്തിൽ നിപ വൈറസ് ബാധ ഉണ്ടാകുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പ് മേയിൽ ഒരാഴ്ച നീണ്ട പരിശോധന കോഴിക്കോട് ജില്ലയിൽ നടത്തിയിരുന്നു. കോഴിക്കോട് ജില്ലയിലെ മരുതോംകര, കുറ്റ്യാടി, ജാനകിക്കാട് പ്രദേശങ്ങളിലാണ് മേയ് 24 മുതൽ 30വരെ തിരുവനന്തപുരം, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്യൂട്ട് ഫോർ അനിമൽ ഡിസീസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. വനം വകുപ്പിന്റെ കൂടി സഹകരണത്തോടെ നടത്തിയ പരിശോധനയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസർ ഡോ. ഷീല സാലി ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.