world heart day

കാത്തുവെക്കണം, ഹൃദയത്തെ

സാംക്രമികരോഗങ്ങള്‍ കൊണ്ടുണ്ടാകുന്നവ ഒഴിച്ച് ലോകത്ത് സംഭവിക്കുന്ന മരണങ്ങളില്‍ പകുതിയിലേറെയും ഹൃദ്രോഗങ്ങൾ മൂലമാണ്. ഹൃദയസംബന്ധമായ അവസ്ഥകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് 1999 മുതൽ വേൾഡ് ഹാർട്ട് ഫെഡറേഷൻ ലോകാരോഗ്യ സംഘടനയുമായി ചേർന്ന് സെപ്റ്റംബര്‍ 29 ആഗോള ഹൃദയദിനമായി ആചരിക്കുന്നത്.

ഹൃദ്രോഗവും പക്ഷാഘാതവും ഉൾപ്പെടെയുള്ള ഹൃദ്രോഗങ്ങള്‍ (സിവിഡി) ഓരോവർഷവും 18.6 ദശലക്ഷം പേരുടെ ജീവൻ കവരുന്നു. പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക വ്യായാമമില്ലായ്മ തുടങ്ങിയ അപകടസാധ്യത ഘടകങ്ങള്‍ നിയന്ത്രിക്കാനായാൽ ഇത്തരം അകാലമരണങ്ങളില്‍ 80 ശതമാനവും ഒഴിവാക്കാനാകും. ഈ സന്ദേശം ജനങ്ങൾക്ക് കൈമാറുകയാണ് ദിനാചരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. 'ഹൃദയം ഉപയോഗിക്കുക; എല്ലാ ഹൃദയത്തിനും വേണ്ടി' എന്നതാണ് ഈ വർഷത്തെ ദിനാചരണപ്രമേയം.

ഹൃദയസംബന്ധമായ അവസ്ഥകളുംഅപകട ഘടകങ്ങളും

ഒരാളുടെ മുഷ്ടിയുടെ മാത്രം വലുപ്പമുള്ള ഹൃദയം മനുഷ്യശരീരത്തിലെ ഏറ്റവും ശക്തമായ പേശിയാണ്! കാഴ്ചക്ക് ശക്തവും ആകർഷണീയവുമാണെങ്കിലും, പുകവലി, ഉയർന്ന കൊളസ്‌ട്രോള്‍, അല്ലെങ്കില്‍ അശ്രദ്ധമായ ജീവിതശൈലി തുടങ്ങിയവ ഹൃദയത്തെ ദുർബലപ്പെടുത്തുന്നു. ഈ ഘടകങ്ങള്‍ ഹൃദയത്തെയോ രക്തക്കുഴലുകളെയോ ദോഷകരമായി ബാധിക്കുകയും ഹൃദയാഘാതം, സ്‌ട്രോക്ക് എന്ന കൊറോണറി ഹൃദ്രോഗങ്ങള്‍, സെറിബ്രോവാസ്‌കുലര്‍ രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. മോശം ഭക്ഷണക്രമം, വ്യായാമക്കുറവ്, പുകവലി എന്നിവ നമുക്ക് നിയന്ത്രിക്കാനോ മാറ്റം വരുത്താനോ കഴിയുന്ന കാര്യങ്ങളാണ്. എന്നാല്‍ പ്രമേഹം, അമിതവണ്ണം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ അവസ്ഥകള്‍ അടിയന്തര സാഹചര്യങ്ങൾക്ക് വഴിവെച്ചേക്കും. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം എന്നിവയുടെ അപകടസാധ്യത വർധിപ്പിക്കുന്ന അവസ്ഥകളുടെ ഒരു കൂട്ടത്തെ സിൻഡ്രോം എക്‌സ് അല്ലെങ്കില്‍ മെറ്റബോളിക് സിൻഡ്രോം എന്ന് വിളിക്കുന്നു. വേൾഡ് ഹാർട്ട് ഫെഡറേഷന്‍ നാല് പ്രധാന അപകട ഘടകങ്ങളെയാണ് എടുത്തുകാണിക്കുന്നത്:

പ്രമേഹം - അനിയന്ത്രിതമായ ടൈപ്പ് 2 പ്രമേഹം ഹൃദയസംബന്ധമായ രോഗം മൂർച്ഛിക്കാന്‍ കാരണമാകുന്നു. ഇത് രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും കേടുപാടുകള്‍ വരുത്തും, അതുണ്ടാക്കുന്ന ഉയർന്ന അപകട സാധ്യത കൂടി കണക്കിലെടുത്താണ് ഈ അവസ്ഥയെ 'നിശ്ശബ്ദ കൊലയാളി' എന്നു വിളിക്കുന്നത്.

ശാരീരിക നിഷ്‌ക്രിയത്വം - രോഗങ്ങളെ അകറ്റി നിർത്താൻ ദിവസവും 30 മിനിറ്റ് ശാരീരിക വ്യായാമം അനിവാര്യമാണ്. പലപ്പോഴും നഗരവാസികളില്‍ കാണുന്ന ഒരു ഉദാസീന ജീവിതശൈലി വ്യായാമമില്ലായ്മ കൊണ്ടു സംഭവിക്കുന്നതാണ്.

കൊളസ്‌ട്രോള്‍ - ശരീരത്തില്‍ പോഷകങ്ങളെക്കാള്‍ കലോറി കൂടുതലുള്ള ഭക്ഷണമാണ് ഉയർന്ന കൊളസ്‌ട്രോളിനുള്ള പ്രധാന കാരണം. ധമനികളിലേക്ക് കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതു മൂലം പലപ്പോഴും രക്തക്കുഴല്‍ സങ്കോചിക്കുകയും രക്തപ്രവാഹം തടയുകയും ചെയ്യുന്നു, ഇത് ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് എന്നിവയിലേക്ക് നയിക്കും. പുകയില - പുകയില ഉപഭോഗം രക്തക്കുഴലുകൾക്ക് കേടുപാടുകള്‍ വരുത്തുകയും കുറച്ച് സമയത്തേക്ക് രക്തസമ്മർദം ഉയർത്തുകയും ചെയ്യുന്നു. അധികം വ്യായാമം ചെയ്യാന്‍ കഴിയാത്ത അവസ്ഥയും ഇത് സൃഷ്ടിക്കുന്നു. ഇതെല്ലാം ദീർഘകാലാടിസ്ഥാനത്തില്‍ ആരോഗ്യം മോശമാകാനും കാരണമാകുന്നു. പതിവ് പുകയില ഉപയോഗം ശ്വാസകോശ രോഗങ്ങള്‍, അർബുദം, ഹൃദയരോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ സെന്റര്‍ ഫോര്‍ ഹാർട്ട് ആൻഡ് വാസ്‌കുലര്‍ കെയര്‍ മേധാവിയും സീനിയര്‍ കൺസൾട്ടൻറുമാണ് ലേഖകൻ)
Tags:    
News Summary - world heart day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.