സ്വന്തം ഇ.വിയുമായി ബൗൺസ്​; എടുത്തുമാറ്റാവുന്ന ബാറ്ററി പ്രത്യേകത

സ്‌കൂട്ടർ വാടകയ്‌ക്ക് നൽകുന്ന ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ട്​ അപ്പായ ബൗൺസ് സ്വന്തം ഇ.വി അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ മാസം തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കുമെന്ന്​ കമ്പനി അധികൃതർ അറിയിച്ചു. പുതിയ സ്‌കൂട്ടറിന്​ ഇനിയും പേരിട്ടിട്ടില്ല. എടു​ത്തുമാറ്റാവുന്ന (സ്വാപ്പബിൾ) ബാറ്ററിയാണ്​ സ്​കൂട്ടറിന്‍റെ പ്രധാന പ്രത്യേകത. വാഹനത്തിനൊപ്പം ബാറ്ററികൾ വാടകയ്‌ക്കെടുക്കാവുന്ന പദ്ധതിയും ബൗൺസ്​ അവതരിപ്പിക്കും.


സ്‌കൂട്ടറിനൊപ്പം ബാറ്ററി വാങ്ങാതെ സബ്​സ്​ക്രിബ്​ഷൻ രീതിയിൽ വാടകക്ക്​ എടുത്ത്​ ഉപയോഗിക്കുന്ന സംവിധാനമാണിത്​. ഇതോടെ ഇ.വിയുടെ വില ഗണ്യമായി കുറയും. 2022 ജനുവരിയിൽ വാഹന ഡെലിവറി ആരംഭിക്കും.ഇ.വിയോടൊപ്പം ബാറ്ററി സ്വാപ്പിങ്​ സ്റ്റേഷനുകളും ബൗൺസ് സജ്ജീകരിക്കും. ബാറ്ററി പാക്കുകളും ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും തദ്ദേശീയമായിരിക്കും. എന്നാൽ ബാറ്ററി പാക്കുകളിലെ സെല്ലുകൾ പാനസോണിക്, എൽജി എന്നിവയിൽ നിന്ന് ഇറക്കുമതി ചെയ്യും.


കമ്പനി അടുത്തിടെ 22 മോട്ടോഴ്‌സ് ഏറ്റെടുത്തിരുന്നു. കിംകോ എന്ന തായ്​വാനീസ്​ കമ്പനിയുമായി ചേർന്ന്​ ഇലക്​ട്രിക്​ സ്​കൂട്ടറുകൾ നിർമിക്കാൻ ആരംഭിച്ച സ്റ്റാർട്ട്​ അപ്പാണ്​ 22 മോ​ട്ടോഴ്​സ്​. ഇവർ ചേർന്ന്​ ചില വാഹന പ്രോ​ട്ടോടൈപ്പുകൾ വികസിപ്പിക്കുകയും ചെയ്​തിരുന്നു. എന്നാൽ ഹീറോയെ ഉൾപ്പടെ സമീപിച്ചിട്ടും ഫണ്ട്​ ലഭിക്കാതായതോടെ 22 കിംകോ പ്രതിസന്ധിയിലാവുകയായിരുന്നു. ഇതോടെയാണ്​ ബൗൺസ്​ 22 മോ​ട്ടോഴ്​സിനെ ഏറ്റെടുക്കുന്നത്​. ഏകദേശം 52 കോടി മുടക്കിയാണ്​ ഈ ഏറ്റെടുക്കൽ നടന്നത്​.

ഇതിന്‍റെ ഫലമായി, ബൗൺസിന് 22 മോട്ടോഴ്‌സിന്റെ ബൗദ്ധിക സ്വത്തും 1,20,000 യൂനിറ്റ് വാർഷിക ശേഷിയുള്ള രാജസ്ഥാനിലെ നിർമാണ പ്ലാന്റും ലഭിച്ചു. ദക്ഷിണേന്ത്യയിൽ മറ്റൊരു പ്ലാന്റ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്​. നേരത്തേവാഹനം വാടകക്ക്​ നൽകുന്ന കമ്പനിയായ ഒല, ഇലക്ട്രിക് വാഹന നിർമാതാക്കളായി മാറിയിരുന്നു. 

Tags:    
News Summary - Scooter rental startup Bounce to launch its first electric scooter this month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.