സ്വന്തം ഇ.വിയുമായി ബൗൺസ്; എടുത്തുമാറ്റാവുന്ന ബാറ്ററി പ്രത്യേകത
text_fieldsസ്‌കൂട്ടർ വാടകയ്‌ക്ക് നൽകുന്ന ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ട് അപ്പായ ബൗൺസ് സ്വന്തം ഇ.വി അവതരിപ്പിക്കാനൊരുങ്ങുന്നു. ഈ മാസം തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. പുതിയ സ്‌കൂട്ടറിന് ഇനിയും പേരിട്ടിട്ടില്ല. എടുത്തുമാറ്റാവുന്ന (സ്വാപ്പബിൾ) ബാറ്ററിയാണ് സ്കൂട്ടറിന്റെ പ്രധാന പ്രത്യേകത. വാഹനത്തിനൊപ്പം ബാറ്ററികൾ വാടകയ്‌ക്കെടുക്കാവുന്ന പദ്ധതിയും ബൗൺസ് അവതരിപ്പിക്കും.
സ്‌കൂട്ടറിനൊപ്പം ബാറ്ററി വാങ്ങാതെ സബ്സ്ക്രിബ്ഷൻ രീതിയിൽ വാടകക്ക് എടുത്ത് ഉപയോഗിക്കുന്ന സംവിധാനമാണിത്. ഇതോടെ ഇ.വിയുടെ വില ഗണ്യമായി കുറയും. 2022 ജനുവരിയിൽ വാഹന ഡെലിവറി ആരംഭിക്കും.ഇ.വിയോടൊപ്പം ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകളും ബൗൺസ് സജ്ജീകരിക്കും. ബാറ്ററി പാക്കുകളും ബാറ്ററി മാനേജ്മെന്റ് സിസ്റ്റവും തദ്ദേശീയമായിരിക്കും. എന്നാൽ ബാറ്ററി പാക്കുകളിലെ സെല്ലുകൾ പാനസോണിക്, എൽജി എന്നിവയിൽ നിന്ന് ഇറക്കുമതി ചെയ്യും.
കമ്പനി അടുത്തിടെ 22 മോട്ടോഴ്‌സ് ഏറ്റെടുത്തിരുന്നു. കിംകോ എന്ന തായ്വാനീസ് കമ്പനിയുമായി ചേർന്ന് ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിക്കാൻ ആരംഭിച്ച സ്റ്റാർട്ട് അപ്പാണ് 22 മോട്ടോഴ്‌സ്. ഇവർ ചേർന്ന് ചില വാഹന പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഹീറോയെ ഉൾപ്പടെ സമീപിച്ചിട്ടും ഫണ്ട് ലഭിക്കാതായതോടെ 22 കിംകോ പ്രതിസന്ധിയിലാവുകയായിരുന്നു. ഇതോടെയാണ് ബൗൺസ് 22 മോട്ടോഴ്സിനെ ഏറ്റെടുക്കുന്നത്. ഏകദേശം 52 കോടി മുടക്കിയാണ് ഈ ഏറ്റെടുക്കൽ നടന്നത്.
ഇതിന്‍റെ ഫലമായി, ബൗൺസിന് 22 മോട്ടോഴ്‌സിന്റെ ബൗദ്ധിക സ്വത്തും 1,20,000 യൂനിറ്റ് വാർഷിക ശേഷിയുള്ള രാജസ്ഥാനിലെ നിർമാണ പ്ലാന്റും ലഭിച്ചു. ദക്ഷിണേന്ത്യയിൽ മറ്റൊരു പ്ലാന്റ് സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. നേരത്തേവാഹനം വാടകക്ക് നൽകുന്ന കമ്പനിയായ ഒല, ഇലക്ട്രിക് വാഹന നിർമാതാക്കളായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.