മുംബൈ: ഇന്ത്യൻ കാർ വിപണിയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന ഇലേൺ മസ്കിന്റെ ടെസ്‌ല അരങ്ങേറ്റം 'കളറക്കാനുള്ള' ഒരുക്കത്തിലാണ്. ഷോറൂമുകളിൽ പോയി വാഹനം വിലകൊടുത്ത് വാങ്ങുന്ന രീതി പാടേ മാറ്റുന്ന കൺസെപ്റ്റുമായാണ് വരവ്. നഗരങ്ങളിൽ സ്ഥാപിക്കുന്ന ഡീലർഷിപ്പുകൾക്ക് പുറമെയുള്ള സ്ഥലങ്ങളിൽ എങ്ങനെ വാഹനം ലഭിക്കുമെന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് പുതിയ നീക്കം.
ആവശ്യക്കാർക്ക് ഓൺലൈനിലൂടെ കാർ ബുക്ക് ചെയ്യാം. കാർ വീട്ടിൽ എത്തിച്ചുനൽകും. ആദ്യം ബുക്ക് ചെയ്യുന്ന 1000 ഉപഭോക്താക്കൾക്കാണ് ആദ്യ ഘട്ടത്തിൽ നൽകുക എന്നാണ് നിർമാതാക്കൾ പറയുന്നത്. പരമ്പരാഗത ഡീലർഷിപ്പുകളെ ഒഴിവാക്കി തടസമില്ലാത്ത വാഹനങ്ങൾ വിതരണം ചെയ്യാനാണ് ശ്രമം.
ടെസ്‌ല മോഡൽ 3, മോഡൽ വൈ എന്നീ വാഹനങ്ങളാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ ഇറക്കുന്നത്. മുംബൈയിലും ഡൽഹിയിലും ഷോറൂമിന് കമ്പനി സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെ സർവീസ് സെ ന്ററുകൾ സ്ഥാപിച്ചിട്ടില്ല. പകരം ഇറക്കുമതി ചെയ്ത വാഹനങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് വിൽക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടക്കത്തിൽ ബെർലിൻ ഫാക്ടറിയിൽ നിന്ന് ഇറക്കുമതി ചെയ്യും.
ടെസ്‌ലയുടെ വരവ് ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇ.വി) ലോകത്ത് ഒരുമാറ്റത്തെ സൂചിപ്പിക്കുന്നുണ്ടെങ്കിലും കാറുകൾ സാധാരണക്കാരെയാണോ സമ്പന്നരെയാണ് ലക്ഷ്യം വെക്കുന്നതെന്ന ചോദ്യം ബാക്കിയാണ്.
ഏകദേശം 35 ലക്ഷം രൂപക്ക് മുകളിലാണ് വില കണക്കാക്കുന്നത്. അതു കൊണ്ട് തന്നെ ഇന്ത്യയിലെ വിശാല മധ്യവർഗത്തെ ആകർഷിക്കാൻ ഇടയില്ല. ഇന്ത്യയിൽ ടെസ്‌ല നേരിടുന്ന ഏറ്റവും വലിയ തടസങ്ങളിലൊന്ന് വിലനിർണയമാണ്. 40,000 ഡോളറിൽ കൂടുതൽ വിലയുള്ള വാഹനങ്ങളുടെ തീരുവ 125 ശതമാനത്തിൽ നിന്ന് 70 ആക്കി കുറച്ചെങ്കിലും ടെസ്‌ല കാറുകൾക്ക് ആഡംബര വിഭാഗത്തിൽ നിന്ന് പുറത്തുകടക്കാനാവില്ല. പ്രാദേശിക ഉൽപാദനം ഇല്ലെങ്കിൽ, മിക്ക ഇന്ത്യൻ വാങ്ങുന്നവർക്കും ടെസ്‌ലയുടെ വിലകൾ അപ്രാപ്യമായി തുടരും.
ഇത് പരിഹരിക്കുന്നതിനായി, ഇറക്കുമതി തീരുവ ഒഴിവാക്കി ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിയുന്ന ഒരു ഫാക്ടറി മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ ടെസ്‌ല താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഇ.വി വിപണി ഇതിനകം തന്നെ മത്സരാധിഷ്ഠിതമാണ്. ടാറ്റ മോട്ടോഴ്‌സ് പോലുള്ള ആഭ്യന്തര കമ്പനികൾ നെക്‌സോൺ ഇവി, ടിയാഗോ ഇവി പോലുള്ള താങ്ങാനാവുന്ന വിലയുള്ള മോഡലുകളുമായി രംഗത്തുണ്ട്. മഹീന്ദ്ര, എംജി മോട്ടോഴ്‌സ് തുടങ്ങിയ മറ്റ് ബ്രാൻഡുകളും രംഗത്ത് സജീവമാണ്.
ചൈനയിൽ നിന്നുള്ള ബി.വൈ.ഡി പോലുള്ള ആഗോള എതിരാളികളും ബജറ്റ് സൗഹൃദ ഇലക്ട്രിക് വാഹനങ്ങളുമായി കളത്തിലിറങ്ങുമ്പോൾ ടെസ്‌ലക്ക് കടുത്ത വെല്ലുവിളിയാകുമെന്ന് തീർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.