റോഡില്‍ അപകടം പതിയിരിപ്പുണ്ട്; സുരക്ഷ ഉറപ്പുവരുത്താന്‍ ടയർ സംരക്ഷിക്കാം

രു വാഹനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണ് ചക്രങ്ങളെന്ന് എല്ലാവർക്കുമറിയാം. എന്നാൽ വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ചക്രങ്ങളുടെ ആരോഗ്യവും സംരക്ഷിക്കണമെന്ന് പലരും ചിന്തിക്കാറില്ല. ടയറുകള്‍ റോഡില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ നല്ല നിലയിലാണോയെന്ന് ഇടയ്ക്ക് പരിശോധിക്കുന്നത് നല്ലതായിരിക്കും. ടയര്‍ കണ്ടീഷന്‍ മാത്രമല്ല, വീല്‍ അലൈന്‍മെന്റും വീല്‍ ബാലന്‍സിങ്ങുമെല്ലാം കൃത്യമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. വീലുകള്‍ക്കുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും ഗുരുതര അപകടങ്ങള്‍ക്കും യാത്രക്കാരുടെ സുരക്ഷക്കും ഭീഷണി ഉയര്‍ത്തും. ടയറുകളുടെ ശരിയായ പ്രവര്‍ത്തനവും സുരക്ഷയും ഉറപ്പുവരുത്തുന്ന മൂന്ന് പ്രധാന ഘടകങ്ങളാണ് വീല്‍ അലൈന്‍മെന്റ്, ബാലന്‍സിങ്, റൊട്ടേഷന്‍ എന്നിവ.

വീല്‍ അലൈന്‍മെന്റ്

നിങ്ങളുടെ വാഹനത്തിന്റെ ടയര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്ന സംവിധാനമാണ് വീല്‍ അലൈന്‍മെന്റ്. അലൈന്‍മെന്റ് തെറ്റികിടക്കുന്ന വീലുകളാണെങ്കില്‍ ഡ്രൈവിങ്ങിനേയും മൈലേജിനേയും സുരക്ഷയെയും ഇത് ഗുരുതരമായി ബാധിക്കും. ടയറുകള്‍ ഇടയ്ക്ക് പരിശോധിക്കുന്നതും വീല്‍ അലൈന്‍മെന്റ് ശരിയായി നിലനിര്‍ത്തുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ടയറുകള്‍ക്ക് ഏറ്റവും കുറഞ്ഞ തേയ്മാനത്തോടെ ദീർഘ ദൂരം സഞ്ചരിക്കാന്‍ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ടയറുകള്‍ അവയുടെ കൃത്യസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ വീല്‍ അലൈന്‍മെന്റ് സഹായിക്കുന്നു. വീല്‍ അലൈന്‍മെന്റിലെ ഏത് പ്രശ്നവും വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ സജീകരണത്തെയും റൈഡിങ് ക്വാളിറ്റിയെയും യാത്രാ സുഖത്തെയും പ്രതികൂലമായി ബാധിക്കും.

അലൈൻമെന്റ് ശരിയല്ലെങ്കിൽ സ്റ്റിയറിങ് കൈകാര്യം ചെയ്യുമ്പോള്‍ ഡ്രൈവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെടാനും സാധ്യതയുണ്ട്. വീല്‍ അലൈന്‍മെന്റ് തെറ്റിയാണോ കിടക്കുന്നത് എന്നറിയാനും വഴികളുണ്ട്. സ്റ്റിയറിംഗ് വീലില്‍ കാണുന്ന ബ്രാന്‍ഡ് ലോഗോ നേരെയല്ലെന്ന് കാണുകയാണെങ്കില്‍ അത് വീല്‍ അലൈന്‍മെന്റ് തെറ്റിയാണ് കിടക്കുന്നതെന്ന് മനസിലാക്കാം. വാഹനം നീങ്ങുമ്പോള്‍ സ്റ്റിയറിങ് വീല്‍ വൈബ്രേറ്റുചെയ്യുന്നതായി തോന്നിയാലും അലൈമെന്റില്‍ മാറ്റം വന്നിട്ടുണ്ടെന്നു മനസിലാക്കാം. കാര്‍ ഓടിക്കുമ്പോള്‍ വാഹനം ഇടത്തോട്ടോ വലത്തോട്ടോ തെന്നി നീങ്ങുമ്പോള്‍ സാധാരണയിലും അധികമായൊരു ശ്രമം സ്റ്റിയറിങ് വീലില്‍ കൊടുക്കേണ്ടി വന്നാലും ടയറില്‍ തേയ്മാനം സംഭവിക്കുന്നുണ്ടെന്നു മനസിലാക്കാം. ടയര്‍ തേയ്മാനവും ഇതിന്റെ അടയാളമാണ്.

വീല്‍ ബാലന്‍സിങ്

അലൈന്‍മെന്റ് പോലെ തന്നെ പ്രധാനമാണ് വീല്‍ ബാലന്‍സിങ്ങും. കാറിന്റെ എല്ലാ ടയറുകളുടെയും വീല്‍ കോമ്പിനേഷനുകളുടെയും ഭാരങ്ങള്‍ തമ്മിലുള്ള വിന്യാസമാണ് വീല്‍ ബാലന്‍സിങ്. വീല്‍ അസംബ്ലിയുടെ ഭാരം കാറിന്റെ മറ്റെല്ലാ വീല്‍ അസംബ്ലികളുമായും സന്തുലിതാവസ്ഥയില്‍ തുടരണം. ഈ ബാലന്‍സിങ് നിലനിര്‍ത്തിയില്ലെങ്കില്‍ അത് വാഹനത്തിന്റെ ഡ്രൈവിങ് നിലവാരത്തെ ബാധിക്കുകയും സസ്‌പെന്‍ഷന്‍ പ്രവര്‍ത്തനം അവതാളത്തില്‍ ആകുകയും ചെയ്യും. സാധാരണഗതിയില്‍, ടയര്‍ മാറ്റുമ്പോഴോ നന്നാക്കുമ്പോഴോ വീല്‍ ബാലന്‍സിങ് നിര്‍ബന്ധമായും ചെയ്യണം.

ടയര്‍ റൊട്ടേഷന്‍

വാഹനത്തിലെ ടയറുകളുടെ സ്ഥാനം പരസ്പരം മാറ്റുന്നതാണ് ടയര്‍ റൊട്ടേഷന്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒന്നുകില്‍ മുന്നില്‍ നിന്ന് പിന്നിലേക്കും അല്ലെങ്കില്‍ ടയറുകള്‍ വശങ്ങള്‍ തിരിച്ച് മാറ്റിയിടുന്ന പ്രവര്‍ത്തിയാണിത്. ഫ്രണ്ട് വീല്‍ ഡ്രൈവ് ഉള്ളതിനാല്‍ കാറുകളില്‍ മുന്‍വശത്തെ ടയറുകള്‍ക്ക് വേഗത്തില്‍ തേയ്മാനം സംഭവിക്കാം. റിയര്‍ വീല്‍ ഡ്രൈവ് വാഹനങ്ങളില്‍ മുന്‍ ടയറുകളേക്കാള്‍ വേഗത്തില്‍ തേയ്മാനം സംഭവിക്കുന്നത് പിന്നിലെ ടയറുകള്‍ക്കാണ്. ഓരോ 8,000 കിലോമീറ്ററിലും ടയര്‍ റൊട്ടേഷന്‍ ചെയ്യുന്നതാണ് നല്ലത്. ടയര്‍ റൊട്ടേഷന്‍ ടയറുകളുടെ തേയ്മാനം കാലതാമസം വരുത്താനും അവയ്ക്ക് ദീര്‍ഘായുസ് ഉറപ്പാക്കാനും സഹായിക്കുന്നു.  

Tags:    
News Summary - Wheel alignment, balancing and tyre rotation for safety of the vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.