ന്യൂഡല്‍ഹി: കേരളത്തിന്‍െറ വികസനാവശ്യങ്ങളുടെ ഭാണ്ഡക്കെട്ടുമായി ഡല്‍ഹിക്ക് പറന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിപ്പടയെ കേന്ദ്രമന്ത്രിമാര്‍ ‘ഉറപ്പു’കൊണ്ട് തോല്‍പിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ ഏഴംഗ സംഘം ഡല്‍ഹി യാത്രയില്‍ രണ്ടു ദിവസം കൊണ്ട് കണ്ടുതീര്‍ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 15 മന്ത്രിമാരെയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ്, വിവാദങ്ങളില്‍ നിന്നൊഴിഞ്ഞ് മന്ത്രിസംഘവും ഉദ്യോഗസ്ഥ നിരയും വീണ്ടുമൊരിക്കല്‍ക്കൂടി ഡല്‍ഹിയില്‍ എത്തിയത്.
നിവേദനം നല്‍കാനുള്ള മാരത്തണ്‍ ഓട്ടത്തിനപ്പുറം, ഉറപ്പുകളില്‍ എത്ര നടപ്പാകുമെന്ന വിഷയം ബാക്കി.
മുഖ്യമന്ത്രിക്കു പുറമെ കെ. ബാബു, ആര്യാടന്‍ മുഹമ്മദ്, പി.ജെ. ജോസഫ്, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍ എന്നിവരാണ് ഡല്‍ഹിയിലുള്ളത്.
ഇവര്‍ ഏഴു കേന്ദ്രമന്ത്രിമാരെയാണ് വ്യാഴാഴ്ച കണ്ടത്. വെങ്കയ്യനായിഡു-നഗര വികസനം, അനന്തകുമാര്‍ -രാസവളം, സുരേഷ് പ്രഭു -റെയില്‍വേ, രാംവിലാസ് പാസ്വാന്‍-പൊതുവിതരണം, ഉമാഭാരതി -ജലവിഭവം, നിതിന്‍ ഗഡ്കരി -ഗതാഗതം, നിര്‍മല സീതാരാമന്‍ -വാണിജ്യം എന്നിവരാണ് കേരളത്തിന്‍െറ നിവേദനം ഏറ്റുവാങ്ങിയത്.
വെള്ളിയാഴ്ച സംസ്ഥാന മന്ത്രിമാര്‍ കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി, അശോക് ഗജപതി രാജു-വ്യോമയാനം, വീരേന്ദ്രസിങ് -ഗ്രാമവികസനം, അരുണ്‍ ജെയ്റ്റ്ലി -ധനകാര്യം, ജെ.പി. നദ്ദ -ആരോഗ്യം തുടങ്ങിയവരെയാണ്.
പ്രധാനമന്ത്രിയെ കാണുന്നതിന്‍െറ പ്രധാന ലക്ഷ്യം മുല്ലപ്പെരിയാറും റബറുമാണ്. എന്നാല്‍, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ‘എതിര്‍കക്ഷി’ യായ വിഷയത്തില്‍ കേരളത്തിന്‍െറ ആവലാതികളില്‍ ഇടപെടാന്‍ മോദിസര്‍ക്കാറിന് രാഷ്ട്രീയമായിത്തന്നെ താല്‍പര്യമില്ല.
റബറിന്‍െറയും മുല്ലപ്പെരിയാറിന്‍െറയും കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരില്‍ നിന്ന് ‘ഉറപ്പു’ പോലും കിട്ടിയിട്ടില്ല.
തമിഴ്നാട്ടിലെ പേമാരി മുന്നറിയിപ്പായി കണ്ട് മുല്ലപ്പെരിയാറിന്‍െറ കാര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ ഉമാഭാരതിയെപ്പോലെ, റബര്‍ ഇറക്കുമതി നിയന്ത്രിച്ച് കര്‍ഷകരെ സഹായിക്കണമെന്ന കേരള സംഘത്തിന്‍െറ ആവശ്യം വകുപ്പു മന്ത്രി നിര്‍മല സീതാരാമനും കേട്ടിരുന്ന ആശ്വാസത്തിലാണ് മന്ത്രിസംഘം.
റേഷന്‍ കടകളിലേക്കുള്ള അരിവിഹിതം കൂട്ടണമെങ്കില്‍ കേന്ദ്രമന്ത്രിസഭ നയം തിരുത്തണമെന്ന നിസ്സഹായതയാണ് രാംവിലാസ് പാസ്വാന്‍ അറിയിച്ചത്. കേരളത്തിനു മാത്രമായി നയം തിരുത്തല്‍ നടപ്പില്ല.
റെയില്‍വേ വികസനം നടക്കണമെങ്കില്‍ കേരളം പകുതി ചെലവു വഹിക്കണം. പാവപ്പെട്ടവര്‍ക്ക് വീടു നല്‍കുന്ന പദ്ധതിയാകട്ടെ, പലവട്ടം നല്‍കിയ ഉറപ്പുകളില്‍ നിന്ന് മുന്നോട്ടു നീങ്ങിയിട്ടില്ല.
സ്മാര്‍ട്ട് സിറ്റി ഒരെണ്ണം കൂടി കിട്ടാന്‍ അപേക്ഷ കൊടുത്ത് അടുത്ത വര്‍ഷം കേന്ദ്രം പരിഗണിക്കുന്നതു വരെ കാത്തിരിക്കണം. പ്രതിസന്ധിയിലായ ഫാക്ടിനു വേണ്ടിയുള്ള പാക്കേജ് നടപ്പാക്കുന്ന കാര്യത്തിലും ഉറപ്പോടുറപ്പ് വീണ്ടും കേന്ദ്രം ആവര്‍ത്തിക്കുന്നു.
തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പിനും കേന്ദ്രവുമായി ഉണ്ടാക്കുന്ന ധാരണകള്‍ക്കും എത്രത്തോളം ശക്തമായ വികസന അടിത്തറ പണിയാന്‍ കഴിയുമെന്ന പ്രശ്നം ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.