ന്യൂഡൽഹി: പരവൂർ വെടിക്കെട്ടപകടം നടന്നയുടനെയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം വീണ്ടും വിവാദമാകുന്നു. ഡി.ജി.പിക്ക് പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടറാണ് വി.വി.ഐ.പി സന്ദർശനം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയോടൊപ്പം നൂറോളം പേർ വാർഡിലേക്ക് കടന്നുവന്നത് ചികിത്സ തടസപ്പെടുത്തുന്ന അവസ്ഥ സൃഷ്ടിച്ചു. ആശുപത്രി അധികൃതരുടെ വിലക്ക് മറികടന്നാണ് മോദിക്കും രാഹുലിനും ഒപ്പം നിരവധിപേർ ഐ.സി.യുവിലേക്ക് പ്രവേശിച്ചത്.
60 മുതൽ 90 ശതമാനം വരെ പൊള്ളലേറ്റവർ കിടക്കുന്ന വാർഡുകളിലായിരുന്നു വി.വി.ഐ.പികൾ സന്ദർശനത്തിനെത്തിയത്. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിൽ നഴ്സുമാരേയും ഡോക്ടർമാരേയും വാർഡുകളിൽ കയറുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു. സർജിക്കൽ വാർഡിലെ നഴ്സുമാരോട് 30 മിനിറ്റോളം പുറത്തുനിൽക്കാൻ പ്രധാനമന്ത്രിയുടെ സുരക്ഷവിഭാഗം ആവശ്യപ്പെട്ടു. ചികിത്സ ലഭ്യമാകേണ്ടിയിരുന്ന ഏറ്റവും നിർണായക സന്ദർഭത്തിലാണ് പരിക്കേറ്റവർക്ക് ഇത്തരത്തിൽ ചികിത്സ നിഷേധിക്കപ്പെട്ടത്. ഇത് പലരുടേയും ചികിത്സയേയും ബാധിച്ചതായി നഴ്സുമാരും ഡോക്ടർമാരും പറയുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറോടും മെഡിക്കൽ വകുപ്പ് ഡയറക്ടറോടും പുറത്തു നിൽക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആ സമയത്ത് ചെറിയ തർക്കം പോലും ഉണ്ടായി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തെയല്ല, വി.വി.ഐ.പികളോടൊപ്പം നിരവധിപേർ തള്ളിക്കയറിയത് ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടർ നൽകുന്ന വിശദീകരണം. രക്ഷാപ്രവർത്തനം നടത്തുന്ന സന്ദർഭത്തിൽ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടിവന്നത് പൊലീസിന് തലവേദന സൃഷ്ടിച്ചുവെന്ന് ഡി.ജി.പി. ടി.പി. സെൻകുമാർ ഇന്നലെ പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനേക്കാൾ ഗുരുതരമായ ആരോപണമാണ് ആരോഗ്യവകുപ്പ് ഡയറക്ടർ ആർ.രമേശ് ഉന്നയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.