സൈനിക താവള സഹകരണത്തിന് ഇന്ത്യ-യു.എസ് കരാർ

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക പരമാധികാരം ദുര്‍ബലപ്പെടുത്തുമെന്ന ഉത്കണ്ഠകള്‍ ബാക്കിനിര്‍ത്തി, അമേരിക്കയുമായി സൈനിക സന്നാഹ വിനിമയ കരാറില്‍ (ലിമോവ) കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ചു. രാജ്യത്തെ സൈനിക താവളങ്ങളില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും പ്രവേശിക്കാന്‍ അനുവാദം നല്‍കുന്നതാണ് നിര്‍ണായക കരാര്‍. യു.എസ് സേനക്ക് ഇന്ത്യയുടെ മണ്ണില്‍ സ്ഥിരം താവളം അനുവദിക്കില്ളെന്ന വിശദീകരണം ബന്ധപ്പെട്ടവര്‍ നല്‍കുന്നുണ്ട്.

അമേരിക്കയിലെ സൈനിക സന്നാഹങ്ങളില്‍ ഇന്ത്യക്കും ഇതേ സാമീപ്യം അനുവദിക്കുമെന്ന് വിശദീകരണമുണ്ട്. എന്നാല്‍, ഇന്ത്യക്ക് ഇത്തരം സാങ്കേതിക സഹായം സ്വീകരിക്കേണ്ട അന്താരാഷ്ട്ര സൈനികാക്രമണ ലക്ഷ്യങ്ങള്‍ തീരെയില്ല. വാഷിങ്ടണിലത്തെിയ പ്രതിരോധമന്ത്രി മനോഹര്‍ പരീകറും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യയെ പ്രതിരോധ പങ്കാളിയാക്കി  ദക്ഷിണ ചൈനാ കടലിലെ ഭീഷണി ചെറുക്കുകയെന്ന ലക്ഷ്യത്തിലേക്ക് അമേരിക്ക ഇതോടെ ഒരു ചുവട് മുന്നോട്ടുവെച്ചു.

കരാറിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ്: അമേരിക്കന്‍ സൈന്യം ഇന്ത്യന്‍ മണ്ണില്‍ തമ്പടിക്കുകയോ താവളങ്ങള്‍ സ്ഥാപിക്കുകയോ ഇല്ല. എന്നാല്‍, പോര്‍വിമാനങ്ങള്‍ക്കും പടക്കപ്പലുകള്‍ക്കും നമ്മുടെ സൈനിക താവളങ്ങളില്‍ വന്നിറങ്ങാം. ഇന്ധനം നിറക്കുകയും ഭക്ഷണം, വെള്ളം, വസ്ത്രം, സൈനികമായ അറ്റകുറ്റപ്പണികള്‍ക്കു വേണ്ട സാധന സാമഗ്രികള്‍ തുടങ്ങിയവ കയറ്റുകയും ചെയ്യാം. അറ്റകുറ്റപ്പണി നടത്താം. അടുത്ത ലക്ഷ്യത്തിലേക്കുള്ള പറക്കലിന് സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം.

ഇരു രാജ്യങ്ങളുടെയും സൈനികവ്യൂഹങ്ങള്‍ക്ക് ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാം. സംയുക്ത സൈനിക നീക്കം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിക്ഷോഭ സഹായം എന്നിവക്കെല്ലാം ഇത് സഹായിക്കും. സംയുക്ത നാവികാഭ്യാസങ്ങള്‍ക്കും ഉപകരിക്കും. ഓരോ സന്ദര്‍ഭത്തിന് അനുസൃതമായ സഹായങ്ങള്‍ അപ്പപ്പോള്‍ തീരുമാനിക്കും. -മേഖലാ പ്രതിരോധ സഖ്യത്തില്‍ ഇന്ത്യയെ പങ്കാളിയാക്കുന്നതിനൊപ്പം പ്രതിരോധ വ്യാപാരം വര്‍ധിക്കും. സാങ്കേതിക വിദ്യ കൂടുതലായി പങ്കുവെക്കും.

സൈനിക രംഗത്തെ അടുത്ത പങ്കാളിയെന്ന നിലയില്‍ ഇന്ത്യയെ വളര്‍ത്തും. ആഗോള സമാധാനത്തിനും സുരക്ഷക്കും രണ്ടു കൂട്ടര്‍ക്കുമുള്ള സവിശേഷമായ താല്‍പര്യവും കരാര്‍ ഒപ്പുവെച്ച ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വിശദീകരിച്ചു. നിരവധി വര്‍ഷങ്ങളായി അമേരിക്ക സമ്മര്‍ദം ചെലുത്തുന്ന മറ്റു രണ്ട് അടിസ്ഥാന കരാറുകള്‍ ഒപ്പുവെക്കാന്‍ ബാക്കിയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.