ഒരുകാലത്ത് ഭൂരിപക്ഷവാദത്തിനെതിരെ കോട്ടകണക്കെ നിലകൊണ്ടിരുന്ന ഇന്ത്യൻ നീതിപീഠങ്ങൾ ഇപ്പോൾ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തീർത്തും പരാജയപ്പെടുന്നു. വർഗീയ കലാപങ്ങളുടെ നടത്തിപ്പുകാരെ അതിൽ ഉത്തരവാദികളാക്കുന്നതിൽ ജുഡീഷ്യറിക്കുള്ള കഴിവില്ലായ്മ-അഥവാ താൽപര്യമില്ലായ്മ-അയോധ്യ വിധിയിൽ ആവോളം പ്രകടമായിരുന്നു
ഉത്തർപ്രദേശിലെ സംഭലിൽ നടന്ന സമാധാനപരമായ ഒരു പ്രതിഷേധം രക്തച്ചൊരിച്ചിലിലേക്ക് വഴിമാറി മുസ്‍ലിം യുവാക്കളുടെ ജീവൻ അപഹരിച്ച സംഭവം നടന്നിട്ട് ഒരു മാസത്തോടടുക്കുന്നു. മുഗൾ കാലഘട്ടത്തിൽ നിർമിക്കപ്പെട്ട ഒരു പള്ളിയിൽ സർവേ നടത്തിയതിനെതിരിലാണ് അവിടത്തെ വിശ്വാസികൾ പ്രതിഷേധവുമായി മുന്നോട്ടുവന്നത്.
പതിറ്റാണ്ടുകൾ നീണ്ട അവകാശവാദങ്ങൾക്കും വർഗീയ പ്രചാരണ കോലാഹലങ്ങൾക്കും കലാപങ്ങൾക്കും ശേഷം കോടതിയുടെ ആശിർവാദത്തോടെ ഹിന്ദുത്വ ശക്തികൾ അയോധ്യയിലെ ബാബരി മസ്ജിദ് സ്വന്തമാക്കിയ അനുഭവം മുന്നിലുള്ളതിനാൽ അവരുടെ ഭയവും പ്രതിഷേധവും സ്വാഭാവികമായിരുന്നു.
സംഭലിലെ ദാരുണസംഭവങ്ങൾ ഒറ്റപ്പെട്ടതല്ല, ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ കടന്നുപോകുന്ന അതിഭീതിത സാഹചര്യങ്ങളിൽ ഒന്നുമാത്രമാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവുമധികം പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച അയോധ്യ തർക്കത്തിലേക്ക് തിരിഞ്ഞുനോക്കാതെ സംഭലിലെ സംഭവവികാസങ്ങൾ മനസ്സിലാക്കാനാവില്ല.
16ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ബാബറുടെ നിർദേശാനുസരണം നിർമിക്കപ്പെട്ട ബാബരി മസ്ജിദ്, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഹിന്ദു-മുസ്‍ലിം സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി), രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) എന്നീ ഹിന്ദുത്വ ദേശീയവാദ സംഘടനകളും അവരുടെ രാഷ്ട്രീയ മുഖമായ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി)യും ബാബരി മസ്ജിദ് രാമന്റെ ജന്മസ്ഥലത്താണ് നിലകൊള്ളുന്നതെന്ന അവകാശവാദം മുഴക്കി മുന്നോട്ടുവന്നു.
അവകാശവാദ പ്രചാരണത്തിനായി ഹിന്ദുത്വവാദ നേതാവായ ലാൽകൃഷ്ണ അദ്വാനി നയിച്ച രഥയാത്ര രാജ്യമൊട്ടുക്ക് വർഗീയകലാപങ്ങൾക്ക് വഴിമരുന്നിട്ടു. നിയമവാഴ്ചയും നീതിപാലനവും ഉറപ്പാക്കാൻ ഉത്തരവാദിത്തമുള്ള അധികാരികൾ കാഴ്ചക്കാരായി നിൽക്കെ 1992 ഡിസംബർ ആറിന് പട്ടാപ്പകൽ ഈ വർഗീയസംഘം പള്ളി തകർത്ത് നിലംപരിശാക്കി അവിടെയൊരു താൽക്കാലിക ക്ഷേത്രം ഉയർത്തുകയും ചെയ്തു.
മസ്ജിദ് തകർത്തശേഷം നടത്തിയ വർഗീയകലാപങ്ങൾ വിഭജനശേഷം രാജ്യം സാക്ഷ്യം വഹിച്ചതിൽവെച്ച് ഏറ്റവും ഭയാനകമായ ഒന്നായിരുന്നു. 2,000ലേറെ ആളുകളാണ് (അതിലധികവും മുസ്‍ലിംകൾ) ഈ കലാപങ്ങളിൽ കൊല്ലപ്പെട്ടത്. വീടുകളിൽനിന്നും നാടുകളിൽനിന്നും ആട്ടിയോടിക്കപ്പെട്ടവരും സ്വത്തും ജീവിതമാർഗങ്ങളും നഷ്ടപ്പെട്ടവരും അതിന്റെ എത്രയോ ഇരട്ടിവരും.
തികച്ചും നിയമവിരുദ്ധമായി നടന്ന പള്ളി കൈയേറ്റത്തിനും ധ്വംസനത്തിനുമെതിരായ നിയമയുദ്ധം പതിറ്റാണ്ടുകൾ നീണ്ടു. ഈ കാലയളവിലും രാജ്യം അതീവമായി ധ്രുവീകരണങ്ങൾ വിധേയമായിക്കൊണ്ടിരുന്നു. പള്ളി നിന്ന സ്ഥലം പൂർണമായി രാമക്ഷേത്ര നിർമാണത്തിനായി വിട്ടുകൊടുത്തു കൊണ്ട് 2019ൽ ഇന്ത്യയുടെ പരമോന്നത നീതിപീഠം വിധിപറഞ്ഞു.
പള്ളി പണിയാനായി അഞ്ചേക്കർ ഭൂമി അനുവദിക്കാനും സർക്കാറിന് നിർദേശം നൽകി. പതിറ്റാണ്ടുകളായി രക്തച്ചൊരിച്ചിലിന് വഴിവെച്ചുകൊണ്ടിരുന്ന ഒരു പ്രശ്നത്തിനുള്ള ഒത്തുതീർപ്പ് എന്ന രീതിയിൽ ഈ വിധി അംഗീകരിക്കപ്പെട്ടെങ്കിലും ആൾക്കൂട്ട ആക്രമണത്തെ നിയമവിധേയമാക്കുന്ന അപകടകരമായ മാതൃകയെന്ന നിലയിൽ പരക്കെ വിമർശിക്കപ്പെടുകയും ചെയ്തു.
അയോധ്യ കേസിലെ സുപ്രീംകോടതി വിധി ഹിന്ദുത്വ വലതുപക്ഷ ശക്തികൾക്ക് ഊർജം പകർന്നുവെന്നതിൽ തർക്കമില്ല. മഥുരയിലും വാരാണസിയിലുമുള്ള പള്ളികളിലുൾപ്പെടെ അയോധ്യക്ക് സമാനമായ അവകാശവാദങ്ങളുയർത്തി അവർ മുന്നോട്ടുവന്നു.
ഭൂരിപക്ഷ സമുദായത്തോട് കൂടുതൽ ചായ്‌വ് പുലർത്തുന്നതായി തോന്നുന്ന ഒരു വ്യവസ്ഥയിൽ അനുഭവിക്കേണ്ടിവരുന്ന അനിശ്ചിതാവസ്ഥ സംബന്ധിച്ച വ്യക്തമായ ഓർമപ്പെടുത്തലായിരുന്നു പല മുസ്‍ലിംകൾക്കും ഇത്.
മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിംകൾ, സമീപ വർഷങ്ങളിൽ വർധിതമായ അതിക്രമങ്ങളും സ്ഥാപനവത്കൃതമായ വിവേചനവും അഭിമുഖീകരിച്ചുവരികയാണ്. പൗരാവകാശ സംഘടനയായ ആംനസ്റ്റി ഇൻറർനാഷനൽ രേഖപ്പെടുത്തിയ കണക്കുപ്രകാരം 2022 ഏപ്രിൽമുതൽ ജൂൺവരെയുള്ള കാലയളവിൽ മാത്രം മുസ്‍ലിംകളുടെ വീടുകളും കടകളും ആരാധനാലയങ്ങളും തകർക്കപ്പെട്ട 128 സംഭവങ്ങൾ നടന്നിരിക്കുന്നു.
‘ബുൾഡോസർ നീതി’ എന്ന പേരിൽ ബി.ജെ.പി നേതാക്കളും അണികളും വ്യാപകമായി ആഘോഷിച്ച ഈ പൊളിക്കലുകൾ ഏറെയും നടപടിക്രമങ്ങളൊന്നും തന്നെ പാലിക്കാതെ നടപ്പാക്കപ്പെട്ടവയായിരുന്നു. കുറ്റാരോപിതനായ ഒരു വ്യക്തിയുടെ പേരിൽ സമുദായത്തെ ഒന്നടങ്കം ശിക്ഷിക്കുന്ന രീതിയിലും ഇത് ഉപയോഗിക്കപ്പെട്ടു.
അസമിലും ഗുജ്റാത്തിലും യു.പിയിലുമെല്ലാം ഏതെങ്കിലുമൊരു വർഗീയ പ്രശ്നം ഉടലെടുത്താലുടനെ മുസ്‍ലിം ഉടമസ്ഥതയിലുള്ള വീടുകളെയും സ്ഥാപനങ്ങളെയും മാത്രം ലക്ഷ്യമിട്ട് ബുൾഡോസറുകൾ ഇരച്ചുകയറാൻ തുടങ്ങി.
വാക്കാലെങ്കിലും ഒരു മുന്നറിയിപ്പ് നൽകാതെ വീടുകളും അതിനകത്തുള്ള വസ്തുക്കളും തകർത്ത് തരിപ്പണമാക്കിയാണ് തങ്ങളെ കുടിയിറക്കിവിട്ടതെന്ന് ഒട്ടനവധി ഇരകൾ പരിതപിക്കുന്നു. പാർപ്പിടത്തിനുള്ള അവകാശം, വിവേചനത്തിൽനിന്നുള്ള സ്വാതന്ത്ര്യം തുടങ്ങിയ ആഭ്യന്തര നിയമങ്ങളുടെയും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇത്തരം നടപടികൾ.
ഒരുകാലത്ത് ഭൂരിപക്ഷവാദത്തിനെതിരെ കോട്ടകണക്കെ നിലകൊണ്ടിരുന്ന ഇന്ത്യൻ നീതിപീഠങ്ങൾ ഇപ്പോൾ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തീർത്തും പരാജയപ്പെടുന്നു. വർഗീയ കലാപങ്ങളുടെ നടത്തിപ്പുകാരെ അതിൽ ഉത്തരവാദികളാക്കുന്നതിൽ ജുഡീഷ്യറിക്കുള്ള കഴിവില്ലായ്മ-അഥവാ താൽപര്യമില്ലായ്മ-അയോധ്യ വിധിയിൽ ആവോളം പ്രകടമായിരുന്നു.
ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് ചരിത്രത്തിൽനിന്നുള്ള അനുഭവങ്ങളും ന്യൂനപക്ഷ സമുദായത്തിന്റെ ശക്തമായ എതിർപ്പും തീർത്തും അവഗണിച്ചുകൊണ്ടാണ് സംഭലിലെ പള്ളിയിൽ സർവേ നടത്താൻ കോടതി അനുമതി നൽകിയത്.
ഈ നയങ്ങളും നടപടികളും ശാരീരിക-ഭൗതിക ആഘാതങ്ങൾക്കുമപ്പുറം ന്യൂനപക്ഷ സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഘടനയെയും തകിടംമറിക്കുന്നു. വീടുകൾ തകർക്കപ്പെട്ടതിനെത്തുടർന്ന് മധ്യപ്രദേശിലും ഗുജറാത്തിലും കുട്ടികൾ പഠനം ഉപേക്ഷിക്കാൻ നിർബന്ധിതരായി.
സ്വേച്ഛാപരമായ സർക്കാർ നടപടികൾ കാരണം ബിസിനസ് സംരംഭകരിൽ പലരും ബുദ്ധിമുട്ടുകളിലമരുന്നു. ഉപജീവനമാർഗം നഷ്ടപ്പെട്ടവരും നിരന്തരമായ ഭീഷണിയിൽ കഴിയുന്നവരും അനുഭവിക്കുന്ന മാനസിക ആഘാതം പറഞ്ഞറിയിക്കാനാവുന്നതിലപ്പുറമാണ്.
മുസ്‍ലിംകൾ മാത്രമല്ല ഈ ഭീതിതമായ അവസ്ഥയിലുള്ളത്. ക്രൈസ്തവർ, ദലിതുകൾ, ആദിവാസികൾ തുടങ്ങിയ സമൂഹങ്ങളും വർധിതമായ തോതിൽ അക്രമങ്ങളും ബഹിഷ്കരണങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.
ചർച്ചുകൾ തകർക്കുകയും ദലിതരുടെ വീടുകൾ തീവെക്കുകയും വികസനത്തിന്റെ മറവിൽ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കപ്പെടുകയും ചെയ്ത ഒട്ടധവധി സംഭവങ്ങൾ സമീപകാലത്തുണ്ടായിട്ടുണ്ട്. ഇന്ന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ വ്യാപ്തി ഉയർത്തിക്കാട്ടുന്നതാണ് ഈ ബഹുമുഖ അടിച്ചമർത്തലുകൾ.
സംഭലിലേതുപോലുള്ള സംഭവങ്ങൾ നമുക്ക് തിരിച്ചറിവ് പകരേണ്ടതുണ്ട്. നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും പൗരജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ഭരണകൂടം നിർണായകമായി പ്രവർത്തിക്കാത്തിടത്തോളം ഇന്ത്യയുടെ ബഹുസ്വര ഘടനക്ക് നിലനിൽപില്ല. വിവേചനം ഇല്ലാതാക്കുന്ന നിയമങ്ങൾ നടപ്പാക്കൽ, ജുഡീഷ്യറി കൃത്യമായ രീതിയിൽ ഉത്തരവാദിത്തം നിർവഹിക്കൽ, പക്ഷപാതത്തെ സ്ഥാപനവത്കരിക്കുന്ന നയങ്ങൾ നിരസിക്കൽ തുടങ്ങിയ അടിയന്തര പരിഷ്കാരങ്ങൾ അത്യാവശ്യമാണ്.
എന്നിരുന്നാലും, നീതി എന്നത് കോടതികൾക്കും നിയമങ്ങൾക്കും ഉപരിയാണ് - അത് പൗരജനങ്ങൾക്ക് ഭയമോ മുൻവിധിയോ പീഡനമോ കൂടാതെ ജീവിക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കലാണ്.
സമത്വവും മതേതരത്വവും സംബന്ധിച്ച ഭരണഘടനാ വാഗ്ദാനങ്ങൾ ഉയർത്തിപ്പിടിക്കുമോ, അതോ അതിന്റെ സാമൂഹിക ഘടനയെ കീറിമുറിക്കാൻ വിദ്വേഷ ധ്രുവീകരണ ശക്തികളെ അനുവദിക്കുമോ എന്ന നിശിതമായ ചോദ്യത്തെയാണ് ഈ നിമിഷം ഇന്ത്യക്ക് അഭിമുഖീകരിക്കാനുള്ളത്. അതിന് ലഭിക്കുന്ന ഉത്തരം ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ ഭാവിയെ മാത്രമല്ല, രാജ്യത്തിന്റെ ആത്മാവിനെതന്നെയാവും നിർവചിക്കുക.
(കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിയമജ്ഞനും പ്രമുഖ അന്താരാഷ്ട്ര സർവകലാശാലകളിലെ നിയമ അധ്യാപകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.